കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് എന്‍സിപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകും. പി.സി.ചാക്കോയുടെയും മന്ത്രി എ.കെ.ശശീന്ദ്രന്‍റെയും പിന്തുണ ഉറപ്പാക്കിയ ശേഷമാണ് ശരദ് പവാറിന്‍റെ തീരുമാനം. പവാര്‍ പറഞ്ഞിട്ടും മന്ത്രിമാറ്റം അംഗീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടാണ് തന്‍റെ രാജിക്ക് പ്രധാന കാരണമെന്ന് പി.സി.ചാക്കോ മുംബൈയിലെ യോഗത്തില്‍ വെളിപ്പെടുത്തി.
പി.സി.ചാക്കോയുടെ രാജിക്ക് പിന്നാലെ പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ തോമസ് കെ.തോമസ് നേതൃപദവിയിലേക്ക് വരട്ടെ എന്ന നിര്‍ദേശം മന്ത്രി എ.കെ.ശശീന്ദ്രനാണ് മുന്നോട്ടുവച്ചത്. പി.സി.ചാക്കോയും ഇതിനെ എതിര്‍ത്തില്ല. അങ്ങനെയിങ്കില്‍ തോമസിന്‍റെ തിരഞ്ഞെടുപ്പ് സംസ്ഥാന നേതൃത്വം വഴിയാകട്ടെ എന്ന് ശരദ് പവാര്‍ നിര്‍ദേശിച്ചു. സംസ്ഥാന നേതൃത്വത്തെയും ജില്ലാ അധ്യക്ഷന്‍മാരെയും വിശ്വാസത്തില്‍ എടുത്തുകൊണ്ടുവേണം പ്രഖ്യാപനം. ഇതിനായി ജിതേന്ദ്ര ആവാഡിനെ കേന്ദ്ര നിരീക്ഷകനായി ഈമാസം 25ന് കേരളത്തിലേക്ക് അയയ്ക്കും.
പവാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും തോമസ് കെ.തോമസിനെ മന്ത്രിയാക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഏറെ വേദനിപ്പിച്ചെന്ന് പി.സി.ചാക്കോ യോഗത്തില്‍ വെളിപ്പെടുത്തി. പാര്‍ട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനായിരുന്നു രാജി. തര്‍ക്കങ്ങള്‍ മാറ്റിവച്ച് ഒറ്റക്കെട്ടായി നീങ്ങാന്‍ മുംബൈ വൈ.ബി ചവാന്‍ സെന്‍ററില്‍ ചേര്‍ന്ന കൂടിക്കാഴ്ചയില്‍ പവാര്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം, രാജിക്ക് ശേഷം ഇന്നും പി.സി.ചാക്കോ മാധ്യമങ്ങളോടുള്ള മൗനം തുടര്‍ന്നു.