കേരളത്തില്‍ കോണ്‍ഗ്രസില്‍ ഐക്യം വേണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഭിന്നിപ്പ് പരസ്യമാകുന്നത് പാര്‍ട്ടി സാധ്യതകളെ ബാധിക്കുമെന്ന് രാഹുല്‍ ഗാന്ധി. ഡൽഹിയിൽ എഐസിസി ആസ്ഥാനത്തു നടന്ന യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല. ഭരണം നേടുകയാണ് ലക്ഷ്യമെന്ന് നേതാക്കള്‍ യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ഭരണമാറ്റം അനിവാര്യമെന്നും യുഡിഎഫ് അധികാരത്തിലെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. അടിച്ചമര്‍ത്തുന്നവരേയും വര്‍ഗീയ മുന്നണിയേയും ജനം പരാജയപ്പെടുത്തുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ജനവിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കുകയാണ് ലക്ഷ്യമെന്നും കൂട്ടായ നേതൃത്വത്തോടെ മുന്നോട്ടുപോകുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് കേരളം തട്ടിയെടുക്കുമെന്ന് കെ.സുധാകരന്‍ പ്രതികരിച്ചു. ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടം നടത്തും. ആത്മവിശ്വാസത്തോടെ പോരാടി കൊച്ചുകേരളത്തെ കൈയ്യിലെടുക്കുമെന്നും സുധാകരന്‍ പറഞ്ഞു. യോഗത്തില്‍ രാഷ്ട്രീയ തന്ത്രങ്ങളും സംസ്ഥാനത്തിന്റെ ഭാവിയും ചര്‍ച്ച ചെയ്തു.
അനാവശ്യ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരും നടത്തില്ലെന്ന് ചെന്നിത്തലയും പ്രതികരിച്ചു. പാര്‍ട്ടി വിരുദ്ധമായി ആര് സംസാരിച്ചാലും നടപടിയെന്ന് ദീപ ദാസ് മുന്‍ഷി. ഇന്നത്തെ യോഗത്തിൽ നേതൃമാറ്റമല്ല, ഭരണമാറ്റ ചര്‍ച്ചകളാണ് നടന്നതെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടെന്നും തിരഞ്ഞെടുപ്പ് ചര്‍ച്ചകളാണ് നടന്നതെന്നും പി.സി.വിഷ്ണുനാഥും പറഞ്ഞു. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വി.എം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ദിര ഭവനില്‍ യോഗം നടന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, വി.ഡി.സതീശൻ, മുൻ അധ്യക്ഷൻമാർ, എംപിമാർ എന്നിവരടക്കം 29 പേരാണ് യോഗത്തില്‍ പങ്കെടുത്തത്.