പി.വി അന്‍വറിനൊപ്പമുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ സിപിഎമ്മില്‍ ചേര്‍ന്നു. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡി.എം.കെ സ്ഥാനാര്‍ഥിയായി രംഗത്ത് വരികയും പിന്നീട് പിന്മാറുകയും ചെയ്ത എംഎം മിന്‍ഹാജും സഹപ്രവര്‍ത്തകരുമാണ് പാര്‍ട്ടി വിട്ടത്. അന്‍വറിന്‍റെ നയങ്ങളോടുള്ള വിയോജിപ്പും ബി.ജെ.പിയോട് ചേരാനുള്ള സാധ്യതയും മനസിലാക്കിയുള്ള പിന്മാറ്റമെന്നാണ് വിശദീകരണം.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കരുത്തുറ്റ പ്രകടനത്തിന് ഡി.എം.കെ മുഖമായി അന്‍വര്‍ അവതരിപ്പിച്ച സ്ഥാനാര്‍ഥിയായിരുന്നു മിന്‍ഹാജ്. രാഷ്ട്രീയ ചരട് വലികള്‍ക്കൊടുവില്‍ മിന്‍ഹാജിനെ പിന്‍വലിച്ച് അന്‍വര്‍ യു.ഡി.എഫിന് പിന്തുണ നല്‍കി. അന്‍വര്‍ തൃണമുല്‍ കോണ്‍ഗ്രസിന്‍റെ ഭാഗമായപ്പോള്‍ മിന്‍ഹാജ് സംസ്ഥാന കോര്‍ഡിനേറ്റര്‍ പദവിയിലെത്തി. അന്‍വറിന്‍റെ പാര്‍ട്ടി ഏത് സമയത്തും ബി.ജെ.പിക്കൊപ്പം പോകുമെന്ന് സൂചനയുള്ളതിനാല്‍ പാര്‍ട്ടി വിട്ടുവെന്നാണ് മിന്‍ഹാജിന്‍റെ നിലപാട്.
മിന്‍ഹാജിന് അര്‍ഹമായ പരിഗണന നല്‍കുമെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വൈകാതെ സിപിഎമ്മിന്‍റെ ഭാഗമാവുമെന്നും ജില്ലാ സെക്രട്ടറി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ മിന്‍ഹാജിനെയും സഹപ്രവര്‍ത്തകരെയും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി.സരിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു.