സിപിഎം സമ്മേളനങ്ങൾക്ക് സാക്ഷിയാകുക എന്നത് ജീവിതവ്രതമാക്കിയ പി.കെ സുകുമാരൻ തൊണ്ണൂറ്റി രണ്ടാം വയസിലും പതിവ് തെറ്റിച്ചില്ല. ചെങ്കൊടിയുമേന്തി പാലായിൽ നിന്ന് ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് മധുരയിലെത്തി.പ്രായവും ദൂരവും തളർത്തിയില്ല.കാൽനടയായി പോകുന്ന ശീലത്തിന് ഇളവ് നൽകി ഇത്തവണ ബസിലാണ് എത്തിയത്.
ചെങ്കോട്ടയായി മാറിയ മധുര ചുട്ടുപൊള്ളുകയാണ്. വയസിനും വെയിലിനും കീഴടങ്ങാതെ പി.കെ സുകുമാരൻ ഉറച്ച ചുവടുകളുമായെത്തി. ചെങ്കൊടിത്തണലിലേയ്ക്ക്. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച്. പാർട്ടി സമ്മേളനങ്ങൾക്ക് കൊടിയേറുമ്പോൾ കാതങ്ങൾ താണ്ടി അവിടെ എത്തുക എന്നത് നിഷ്ഠയാണ്. ലോങ്മാർച്ച് പോലെ ഒരു ജീവിതം.
മാവേലിക്കരയിലെ കർഷക കുടുംബത്തിൽ ജനിച്ച സുകുമാരന്റെ ചെറുപ്പത്തിലേ ചെങ്കൊടി മനസിൽ പതിഞ്ഞു. വിശ്വവിഖ്യാത വിപ്ലവങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞു. പട്ടാളക്കാരനായ അച്ഛൻ വീട്ടിലെ തൊഴിലാളികളോട് മോശമായി പെരുമാറിയപ്പോൾ പ്രതിഷേധിച്ചു. നിഷേധിയായ കമ്മ്യൂണിസ്റ്റായി.
ആദ്യ ഇഎംഎസ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ തൊഴിലാളികൾക്കായി വീട്ടുപടിക്കൽ സത്യാഗ്രഹമിരുന്നു. സുകുമാരന്റെ സമരം വിജയിച്ചെങ്കിലും ഒരിഞ്ച് ഭൂമിപോലും മകന് നൽകില്ലെന്ന് അച്ഛന്റെ വാശി. വീടുവിട്ടിറങ്ങി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്തു. തടി കച്ചവടം നടത്തിയെങ്കിലും തകർന്നു. ജീവിതം പലവഴി മുന്നോട്ടുപോയെങ്കിലും അയാൾ ആ രക്തപതാക വിടാതെ നെഞ്ചോട് ചേർത്തുപിടിച്ചു. ഇൻക്വിലാബിന് കാതോർത്ത് യാത്ര തുടരുകയാണ്.