മൂന്നാം തവണയും ഭരണം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മുഖ്യമന്ത്രി. വികസനപ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള അവസരം വീണ്ടും ലഭിക്കും. അക്കാര്യത്തില്‍ ഉറച്ച വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ലേഖനത്തില്‍ ഇന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്‍റെ കാര്യത്തില്‍ കേരളം ഒന്നാംസ്ഥാനത്ത്. അത് അംഗീകരിക്കാന്‍ പ്രതിപക്ഷത്തെ ചിലര്‍ക്ക് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി.
മുഖ്യമന്ത്രി സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കുന്ന രേഖയുടെ ലക്ഷ്യം വികസനമാണ്. കേരളത്തെ തൊഴിൽ ഹബ് ആക്കാനുള്ള ആശയങ്ങൾ രേഖയിൽ ഉണ്ടാകും. തൊഴിൽ തേടി വിദേശത്തേക്ക് പോകുന്നത് തടയുക ലക്ഷ്യം. ഐടി ടൂറിസം മേഖലയിൽ വൻ നിക്ഷേപത്തിന് വഴിയൊരുക്കും. അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപം കണ്ടെത്തുന്നത് പരിഗണനയിൽ. ലോകത്ത് അധികാരമുള്ള കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പദ്ധതികൾ പിന്തുടർന്നേക്കും. കഴിഞ്ഞ സമ്മേളനത്തിലെ രേഖ എത്രത്തോളം നടപ്പായെന്നും മുഖ്യമന്ത്രി വിശദീകരിക്കും.
അതേസമയം, പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിയിലേക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടന റിപ്പോർട്ട്. ഈ ചോർച്ച ഗൗരവപരമായി കാണണമെന്നും സംഘടന റിപ്പോർട്ടിൽ പരാമർശം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ആണ് ഇക്കാര്യം ഉള്ളത്. തിരഞ്ഞെടുപ്പ് സാഹചര്യത്തെപ്പറ്റിയുള്ള ജില്ലാ കമ്മിറ്റി റിപ്പോർട്ടുകൾ തെറ്റിയെന്നും വിമർശനം.
കൊല്ലത്ത് സി.പി.എം പ്രതിനിധി സമ്മേളനം നടക്കുന്ന ടൗൺ ഹാളിൽ രാവിലെ ഒൻപതിന് പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ കോഓർഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
ജില്ലകളിൽ നിന്നുളള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിന് മുന്‍പ് രണ്ടു പ്രാവശ്യമാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയായത്. മുപ്പതു വർഷത്തിനുശേഷം കൊല്ലം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം ഏറെ നിർണായകമാണ്.
തുടർഭരണത്തിന് തുടർച്ച ലക്ഷ്യമിടുന്ന നയങ്ങളും ചിന്തകളും ഉണ്ടാകുന്ന സമ്മേളനം കൂടിയാണ്. പ്രവർത്തന റിപ്പോർട്ടിന് പുറമേ നവ കേരളത്തിനുള്ള പുതുവഴികൾ എന്ന വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും.
75 വയസ് പ്രായ പരിധി കർശനമാക്കുന്നതിലൂടെ കൊല്ലം സമ്മേളനം വേദിയാകുന്നത് സി പി എമ്മിലെ തലമുറ മാറ്റത്തിനാണ്. 75 വയസു പൂർത്തീകരിച്ച ആരും തന്നെ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും കാണില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാവും ഇതിൽ ഇളവുണ്ടായേക്കുക. 75 വയസു പൂർത്തിയാകാൻ മാസങ്ങൾ മാത്രമുള്ള ഇ.പി.ജയരാജനും ടി.പി.രാമകൃഷ്ണനും കമ്മിറ്റികളിൽ തുടരും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ.ബാലൻ, ആനാവൂർ നാഗപ്പൻ , പി.കെ.ശ്രീമതി എന്നിവർ പുതിയ കമ്മിറ്റികളിൽ ഉണ്ടാവില്ല. ഇവർക്ക് പകരം എം.വി.ജയരാജൻ, എം.ബി.രാജേഷ്, ടി.എൻ.സീമ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വരാനാണ് സാധ്യത