ഫയല്‍ ചിത്രം
സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചയില്‍ സെക്രട്ടറി എം.വി.ഗോവിന്ദനെ കടന്നാക്രമിച്ച് പ്രതിനിധികള്‍. എം.വി.ഗോവിന്ദന്റെ നിലപാടുകളില്‍ വ്യക്തതയില്ല. രാവിലെ ഒന്നും ഉച്ചയ്ക്ക് മറ്റൊന്നും പറയുന്നു. വാക്കുകള്‍ കൂടുതല്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും വിമര്‍ശനമുയര്‍ന്നു. എം.വി.ഗോവിന്ദന്‍ എല്ലാം കണ്ണൂരിന് വീതിച്ചു നല്‍കുന്നുവെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പാർട്ടി സെക്രട്ടറിയ്ക്ക് എപ്പോഴും പറയാനുള്ളത് മെറിറ്റും മൂല്യവുമാണ്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങൾ എല്ലാം കണ്ണൂരുകാർക്കെന്നുമാണ് വിമർശനം.
ഘടകകക്ഷികളെ പരിധിക്ക് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട പ്രതിനിധികള്‍ ഊണ് കഴിച്ചിട്ട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സി.പി.ഐക്കെന്നും രൂക്ഷവിമര്‍ശനം ഉന്നയിച്ചു. അതേസമയം, പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വിമര്‍ശിക്കുന്നത് സ്വാഭാവികമെന്നാണ് എം.വി.ഗോവിന്ദന്‍റെ പ്രതികരണം. പക്ഷേ മാധ്യമങ്ങള്‍ പറയുന്ന വിമര്‍ശനം ഉണ്ടായില്ലെന്നും പാര്‍ട്ടി സെക്രട്ടറി പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യയെ വേട്ടയാടാന്‍ ഇട്ടുകൊടുത്തെന്നും വിമര്‍ശനമുയര്‍ന്നു. ദിവ്യയെ സംരക്ഷിക്കണമായിരുന്നു എന്ന് പ്രതിനിധികള്‍. പി.എസ്.സി ശമ്പള വര്‍ധനയില്‍ തിടുക്കംകാട്ടിയെന്നും കുറ്റപ്പെടുത്തല്‍. ആശാ വര്‍ക്കര്‍മാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ സമീപനത്തിലും രൂക്ഷവിമര്‍ശനമുണ്ടായി. രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാർ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ വിമർശനമുയര്‍ന്നിട്ടുണ്ട്. നേതാക്കളുടെയും മന്ത്രിമാരുടെയും പ്രവർത്തനങ്ങളെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചും വിമർശിച്ചുമാണ് സിപിഎം പ്രവർത്തന റിപ്പോർട്ട്.