സംസ്ഥാനത്ത് ആശാവര്‍ക്കര്‍മാര്‍ മഴയും വെയിലും കൊണ്ട് കിടക്കുമ്പോൾ, പിഎസ്സി ചെയർമാനും അംഗങ്ങൾക്കും സ്വര്‍ണക്കരണ്ടിയില്‍ ശമ്പളം നല്‍കുകയാണ് സര്‍ക്കാരെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം. ആശാവര്‍ക്കര്‍മാരുടെ സമരത്തിന് വലിയ പിന്തുണയും അനുഭാവവുമാണ് സംസ്ഥാന സമ്മേളനത്തിലുണ്ടായത്. ക്രൂരതയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്നും ആക്ഷേപം ഉയര്‍ന്നു.
പാര്‍ട്ടിയിലെ തെറ്റുകള്‍ തിരുത്താനുള്ള കൊല്‍ക്കത്ത പാലക്കാട് പ്ലീനങ്ങളുടെ ലക്ഷ്യം ഫലം കണ്ടില്ലെന്നും നേതൃത്വം ഇടപെട്ടിട്ട് പോലും സഹകരണ മേഖലയിലെ തെറ്റായ പ്രവണതകള്‍ തടയാനായില്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. സഹകരണ മേഖലയില്‍ നടക്കുന്ന കൊള്ള തടയാന്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്നും ആവശ്യം ഉയര്‍ന്നു. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിയുടെ കൃത്യമായ കണക്കുകള്‍ വേണമെന്നും ഇ.ഡി. അന്വേഷണ സാധ്യതകള്‍ തള്ളിക്കളയനാവില്ലെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം, അടിമുടി നയം മാറ്റവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം സമ്മേളനത്തിൽ അവതരിപ്പിച്ച വികസന നയരേഖയിൽ ഇന്ന് വിശാല ചർച്ച. കേരളത്തെ നയിക്കാൻ പുതുവഴികൾ എന്ന രേഖയിലെ നിർദേശങ്ങളിൽ മുഖ്യം സ്വകാര്യ നിക്ഷേപവും, സെസും ഫീസുമൊക്കെയാണ്. സ്വകാര്യ നിഷേപം എതുവഴിക്കും ആകാമെന്ന് പറയുന്ന നയരേഖ, വരുമാനത്തിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിവിധതട്ടുകളായി തിരിക്കാമെന്നും അവരിൽ നിന്ന് ഫീസ് ഈടാക്കാമെന്നും നിർദേശിക്കുന്നുണ്ട്.