ഏരിയ കമ്മിറ്റി അംഗമായ അടൂർ നഗരസഭ ചെയർപഴ്സന് ലഹരി മാഫിയ ബന്ധം ആരോപിച്ച കൗൺസിലറോട് സിപിഎം വിശദീകരണം തേടി. സിപിഎം കൗൺസിലറായ റോണി പാണംതുണ്ടിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. റോണിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ ദിവ്യ മുഹമ്മദ് റെജി പറഞ്ഞു.
ലോക്കൽ കമ്മിറ്റി അംഗമായ കൗൺസിലർ റോണി പാണംതുണ്ടിലാണ് പാർട്ടിയുടെ തന്നെ ചെയർപേഴ്സൻ ദിവ്യ മുഹമ്മദിനെതിരെ ആരോപണം ഉന്നയിച്ചത്. സിപിഎം കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദ സന്ദേശത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ഇതിലാണ് സിപിഎമ്മിടപ്പെട്ടത്. റോണി അഞ്ചുദിവസത്തിനകം വിശദീകരണം നൽകണം. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും. പാർട്ടിയിലെ ഭിന്നതയാണ് ഇത്തരം ഗുരുതര ആരോപണം ഉന്നയിക്കാൻ കാരണം. നഗരസഭാ അധ്യക്ഷ ദിവ്യ മുഹമ്മദ് റെജിയും പാർട്ടിയോട് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അനുമതിയോടെ നിയമനടപടി സ്വീകരിക്കും. അതേ സമയം നഗരസഭ ഓഫിസിലേക്ക് ബിജെപി പ്രതിഷേധ പ്രകടനം നടത്തി. സൂപ്രണ്ടിനെ തടഞ്ഞുവച്ചു. ഇന്നലെ യൂത്ത് കോൺഗ്രസും നഗരസഭ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചിരുന്നു.