മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ഡൽഹി കേരള ഹൗസിൽ കൂടിക്കാഴ്ച നടത്തിയതില്‍ ദുരൂഹത ആരോപിച്ച് ബിജെപി നേതാവും മുൻ ഡിജിപിയുമായ ജേക്കബ് തോമസ്. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് ബന്ധപ്പെട്ട വകുപ്പിന്‍റെ കൂടി ചുമതലയുള്ള നിർമല സീതാരാമനെ പിണറായി കണ്ടതെന്ന് ജേക്കബ് തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. ഗവർണറെ തന്ത്രപരമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയുടെ ഭാഗമാക്കുകയായിരുന്നുവെന്നും ജേക്കബ് തോമസ് ആരോപിച്ചു.
കേരള ഹൗസിൽവച്ചുള്ള കൂടിക്കാഴ്ച മുഖ്യമന്ത്രി കൗശലത്തോടെ ആസൂത്രണം ചെയ്തതാണെന്നാണ് ജേക്കബ് തോമസ് പറയുന്നത്. ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രി സംസാരിച്ചില്ലെന്ന് ജേക്കബ് തോമസ് ചോദിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിനിടെയാണ് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ ചുമതലയുള്ള നിർമല സീതാരാമനുമായി പിണറായി കൂടിക്കാഴ്ച നടത്തിയതെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടുന്നു.
ധനമന്ത്രി പിന്മാറാതിരിക്കാനാണ് ഗവർണറെ തന്ത്രപരമായി കൂടിക്കാഴ്ചയുടെ ഭാഗമാക്കിയത്. കാര്യങ്ങൾ ബിജെപി ദേശീയ നേതൃത്വത്തെ ധരിപ്പിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടൽ കടുപ്പിക്കുന്നതിനിടെ നടന്ന നിർമല-പിണറായി കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന നേതൃനിരയിൽ ഒരു വിഭാഗത്തിന് ശക്തമായ വിയോജിപ്പുണ്ട്.