മന്ത്രി ആർ.ബിന്ദുവിന് നേരിട്ട് നൽകിയ സ്ഥലംമാറ്റ നിവേദനം തൃശൂരിലെ വഴിയരികിലെ മാലിന്യത്തിൽ നിന്ന് കണ്ടെത്തി. ശാരീരിക പരിമിതിയുള്ള ഉദ്യോഗസ്ഥന് സ്ഥലം മാറ്റം ലഭിക്കാൻ ഭാര്യയാണ് മന്ത്രിക്ക് അപേക്ഷ നൽകിയത്. തൃശൂരിൽ സാമൂഹിക നീതി വകുപ്പ് നടത്തിയ നശാ മുക്ത് ഭാരത് അഭിയാൻ പരിപാടിയിലാണ് മന്ത്രിക്ക് നേരിട്ട് അപേക്ഷ നൽകിയത്.
മന്ത്രി പങ്കെടുത്ത പരിപാടിയുടെ മാലിന്യങ്ങൾ തൃശൂർ ചേർപ്പിൽ വഴിയോരത്ത് തള്ളിയ നിലയിലായിരുന്നു. ഇതിൽ നിന്നാണ് സ്ഥലംമാറ്റ അപേക്ഷ കിട്ടിയത്. മാലിന്യം തള്ളിയതിന് പതിനായിരം രൂപ ചേർപ്പ് പഞ്ചായത്ത് പിഴ ചുമത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിൻ്റെ ഭാഗമായി വഴികൾ വൃത്തിയാക്കുമ്പോഴാണ് മാലിന്യത്തിൽ നിന്ന് സ്ഥലംമാറ്റ അപേക്ഷ കിട്ടിയത്.
മലയാള മനോരമ വാർത്ത ഏറെ ചർച്ചയായതോടെ അന്വേഷണത്തിന് മന്ത്രി നിർദ്ദേശം നൽകി. സാധാരണ തനിക്ക് ലഭിക്കുന്ന പരാതികളും അപേക്ഷകളും പേഴ്സണൽ സ്റ്റാഫിനെ ഏൽപ്പിക്കുകയാണ് പതിവെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. പരാതിക്കാരി ഉന്നയിച്ച സ്ഥലംമാറ്റ അപേക്ഷയിൽ നടപടിയെടുത്തിരുന്നതായും മന്ത്രി അറിയിച്ചു. നിവേദനം എങ്ങനെ മാലിന്യത്തിൽ വന്നുവെന്ന് അന്വേഷിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.