radhakrishnan-mp-ed
  • വൈകിട്ട് അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി
  • കെ.രാധാകൃഷ്ണന്‍ എംപി നാട്ടില്‍
  • ഇളവ് നല്‍കാനാകില്ലെന്ന് ഇഡി

കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ കെ. രാധാകൃഷ്ണൻ എംപിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. ഇന്ന് വൈകിട്ട് അഞ്ചിന് ഡൽഹിയിൽ ഇ.ഡി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദേശം. നാട്ടിലായതിനാലും മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാലും ഇന്ന് രാധാകൃഷ്ണൻ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇമെയിൽ മുഖേനയാണ് ഇഡി രണ്ടാമത്തെ സമൻസ് അയച്ചത്.  ലോക്സഭ സമ്മേളനത്തിലായതിനാൽ ആദ്യ സമൻസ് വൈകിയാണ് രാധാകൃഷ്ണന് ലഭിച്ചത്. ഇതിന് നൽകിയ മറുപടിയിൽ ലോക്സഭ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നാണ് എം.പി അറിയിച്ചിരുന്നത്. എന്നാല്‍ ഈ മാസം കേസിൽ അന്തിമകുറ്റപത്രം നൽകേണ്ടതിനാൽ ഇളവ് നൽകാനാകില്ലെന്ന നിലപാടാണ് ഇഡി സ്വീകരിച്ചത്. 

അന്വേഷണപരിധിയിൽ നിന്ന് രാധാകൃഷ്ണനെ ഒഴിവാക്കാനാകില്ലെന്ന നിലപാട് ഇഡി സ്വീകരിച്ചതിന് പിന്നാലെയാണ് സമന്‍സ് അയച്ചത്. കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍.

കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകൾ നൽകി സഹകരണബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. പൊലീസ് റജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്.

ENGLISH SUMMARY:

The Enforcement Directorate has summoned MP K. Radhakrishnan to appear for questioning in the Karuvannur money laundering case. Despite prior commitments and being out of state, Radhakrishnan may not attend today. The ED insists on proceeding with the investigation.