മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി കൂടിക്കാഴ്ചയിൽ ദുരൂഹത ആരോപിച്ച് കൂടുതൽ നേതാക്കൾ. ഗവർണറുടെ സാന്നിധ്യത്തിലുള്ള കൂടിക്കാഴ്ച അസാധാരണമെന്നും കേന്ദ്ര- സംസ്ഥാന സർക്കാറുകൾ വ്യക്തത വരുത്തണമെന്നും കെ.സി.വേണുഗോപാൽ എം.പി. അവരിട്ടാൽ ബർമുഡ ഞങ്ങൾ ഇട്ടാൽ വള്ളി ട്രൗസർ എന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപിയും പരിഹസിച്ചു. ഇന്നലത്തെ മുഖ്യമന്ത്രിയുടെ മറുപടിയോടെ ദുരൂഹത ഏറിയെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയും ഗവർണറുടെ സാന്നിധ്യത്തിൽ നടത്തിയ കൂടിക്കാഴ്ചയാണ് അനൗപചാരികം എന്ന് മുഖ്യമന്ത്രി പറയുന്നത്. കൂടിക്കാഴ്ചയിൽ എന്ത് സംസാരിച്ചു എന്നതിലും വ്യക്തതയില്ല. ഇതാണ് പ്രതിപക്ഷ നേതാക്കൾ ചോദിക്കുന്നത്. പ്രതിസന്ധിഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുമ്പോൾ ധനമന്ത്രിയുമായി ഗവർണറുടെ സാന്നിധ്യത്തിൽ എന്തു ചർച്ച ചെയ്തു എന്ന് കെ.സി.വേണുഗോപാൽ എംപി
വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം അവസാനഘട്ടത്തിൽ എത്തിനിൽക്കെയുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിച്ചതിന് തന്നെ തേജോവധം ചെയ്തവർ നട്ടെല്ല് ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ പ്രതികരിക്കണം എന്നും എന്‍.കെ പ്രേമചന്ദ്രൻ. നിയമസഭയിൽ ഇന്നലെ രമേശ് ചെന്നിത്തല ആരോപണം ആവർത്തിച്ചതോടെയാണ് മുഖ്യമന്ത്രി മറുപടി നൽകാൻ തയ്യാറായത്.
മുഖ്യന്ത്രിയും കേന്ദ്രധനമന്ത്രിയും ഒരുമിച്ചിരുന്ന് ഒരുചായകുടിച്ചതിലെന്താണ് തെറ്റെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഡല്‍ഹിയിലൊക്കെ ഇത്തരം ചായസല്‍ക്കാരങ്ങള്‍ പതിവാണ്. ഇതിനെയൊക്കെ സംശയദൃഷ്ടിയോടെ കാണുന്നത് രാഷ്ട്രീയം മാത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.