വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന്റെ തെളിവെടുപ്പ് പൂർത്തിയായി. അനുജൻ അഹ്സാനെയും പെൺ സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട് ഉൾപ്പെടെ ഏഴ് സ്ഥലങ്ങളിൽ ഇന്ന് തെളിവെടുത്തു. കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന നാളെ അഫാനെ കോടതിയിൽ ഹാജരാക്കും.
അനുജൻ അഹ്സാനെയും പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയതിൽ വെഞ്ഞാറമൂട് പൊലീസ് എടുത്ത കേസിൽ ആണ് ഇന്നത്തെ തെളിവെടുപ്പ്. ആദ്യം ഫർസാനയെയും അഹ്സാനെയും ക്രൂരമായി കൊലപ്പെടുത്തിയ ഉമ്മ ഷമിയെ ജീവച്ഛവമാക്കിയ പേരുമലയിലെ സ്വന്തം വീട്ടിലേക്ക്. ഭാവ വ്യത്യാസങ്ങൾ ഇല്ലാതെ സ്വന്തം വീട്ടിൽ വച്ച് താൻ ചെയ്ത ക്രൂരതകൾ അഫാൻ പൊലിസിന് വിവരിച്ച് നൽകി. നേരെ സ്വർണ്ണമാല പണയം വെച്ച് ധനകാര്യ സ്ഥാപനത്തിലേക്ക്. അവിടെനിന്ന് കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും അതിടാൻ ബാഗ് വാങ്ങിയ കടകളിലേക്ക്.
കൊലകൾക്കിടയിൽ സിഗരറ്റ്, പെപ്സി, മുളക് പൊടി, എലിവിഷം തുടങ്ങിയവ വാങ്ങിയ കടകളിലേക്കും അഫാനെയും കൊണ്ട് പോലീസ് പോയി. ഏറ്റവും ഒടുവിൽ കൊല്ലാനായി സുഹൃത്ത് ഫർസാനയെ ബൈക്കിൽ കയറ്റി കൊണ്ടുപോയ ഇടത്തേക്കും. തുടർന്ന് പ്രതിയെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുപോയി. മൂന്നുദിവസത്തെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയോടെ കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക്. മാതാവ് ഷെമി പഴയ മൊഴിയിൽ ഉറച്ചുനിൽക്കുന്നത് കേസിനെ ബാധിക്കില്ലെന്നതാണ് പൊലീസ് വിലയിരുത്തൽ