സമരം ചെയ്യുന്ന ആശാ വര്‍ക്കേഴ്സിന് നിര്‍ബന്ധബുദ്ധിയും ശാഠ്യവുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. കേന്ദ്രആരോഗ്യമന്ത്രിയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജ് 18ാം തീയതി തന്നെ സമയം ചോദിച്ചിരുന്നുവെന്നും മന്ത്രി എം.ബിരാജേഷ് പറഞ്ഞു. സര്‍ക്കാരിന് ഇപ്പോഴും ആശാ വര്‍ക്കേഴ്സിനോട് പുഛമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ സമരംചെയ്യുന്നവരെ അവഹേളിക്കുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
‘‘പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയെ കണ്ടു. നിര്‍ഭാഗ്യവശാല്‍ പരിഹാരം ഉണ്ടായില്ല. ഇനിയും എല്ലാവരും ഒരുമിച്ച് ശ്രമിക്കണം.’’ പതിവിലും സൗമ്യമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന്‍ അവതരണം. മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ നടത്തിയ ശ്രമത്തെ കുറിച്ചുപോലും പ്രതിപക്ഷം കടുത്ത വിമര്‍ശനം ഉയര്‍ത്തിയില്ല. കേന്ദ്രമന്ത്രി കാണാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ അതു ശരിയായില്ല എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി എംബി രാജേഷ് സര്‍ക്കാരിന്റെ പതിവ് കേന്ദ്ര വിരുദ്ധനിലപാടുകള്‍ ആവര്‍ത്തിച്ചു. പതിനായിരത്തിൽ 8200 രൂപ സംസ്ഥാനം നൽകുന്നുണ്ട്. എന്നിട്ടും സംസ്ഥാന സർക്കാരിനെതിരെ സമരം ചെയ്യുന്നു. ആശാ വർക്കർമാരെ തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കുന്നില്ലെന്നും ആശാ വർക്കർമാർ പിടിവാശി ഉപേക്ഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സമരം അപ്രസക്തമെന്ന് കൂടി പറഞ്ഞുവെച്ചു.
പ്രതിപക്ഷ നേതാവ് വാക്ക് ഒൗട്ട് പ്രസംഗത്തിന് എഴുന്നേറ്റതോടെ ഭരണപക്ഷബഹളം കൊഴുത്തു. ആശ പ്രവര്‍ത്തകരുടെ സമരത്തോട് സര്‍ക്കാരിന് പുച്ഛമെന്ന് പ്രതിപക്ഷ നേതാവ് വാക്ക് ഒൗട്ട് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. ആശാസമരത്തിന് പരിഹാരം അകലെയാണെന്ന് തെളിയിക്കുന്നതായിരുന്നു നിയമസഭയിലെ സംഭവവികാസങ്ങള്‍.