ആശാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയെന്ന് അവകാശപ്പെട്ടുള്ള ഡല്‍ഹിയാത്ര പൊളിഞ്ഞതോടെ മലക്കം മറിഞ്ഞ് ആരോഗ്യമന്ത്രി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് ഡല്‍ഹി യാത്രയെന്ന ആരോടും പറഞ്ഞിട്ടില്ലെന്ന് വീണ ജോര്‍ജ് അവകാശപ്പെട്ടു. കേന്ദ്രആരോഗ്യമന്ത്രി കൂടിക്കാഴ്ചക്ക് അവസരം നിഷേധിച്ചെന്ന് പാര്‍ട്ടി പത്രം കുറ്റപ്പെടുത്തുമ്പോളാണ് പുതിയ ന്യായീകരണം.
ആശാമാരുടെ കണ്ണീരൊപ്പാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നു എന്നായിരുന്ന വീണാ ജോര്‍ജ് നല്‍കിയ പ്രതീതി. ഇന്നലെ പുലര്‍ച്ചെ ഡല്‍ഹിയിലേക്ക് പുറപ്പെടുമ്പോഴും ആശാവര്‍ക്കര്‍മാരിയരുന്നു വീണയുടെ ഫോക്കസ്. ഡല്‍ഹയില്‍ പറന്നിറങ്ങിയപ്പോഴും ആശമാര്‍ക്ക് വേണ്ടിയെത്തിയ ആരോഗ്യമന്തിയെന്ന പ്രതീതി നല്‍കാന്‍ ശ്രമിച്ച വീണ, കേന്ദ്രആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി വ്യക്തവരുത്തിയില്ല.
കൂടിക്കാഴ്ച എപ്പോഴാണ് എന്ന് ഡല്‍ഹി കേരള ഹൗസിലെ ചോദ്യത്തോടും ഞാന്‍ നിങ്ങളെ കാണാം എന്നുമാത്രമായിരുന്നു പ്രതികരണം. ആശമാരുടെ ഇന്‍സ്റ്റീവ്, ലഭിക്കാനുള്ള ഗ്രാന്‍്, എയിംസ് എന്നിവ ചര്‍ച്ച ചെയ്യുമെന്ന് തൊട്ടുപിന്നാലെ പ്രതികരിച്ചു. കൂടിക്കാഴ്ച സമയം കിട്ടില്ലെന്ന ഉറപ്പായതോടെ സമയം ലഭിച്ചാല്‍ കാണുമെന്ന് ലഘൂകരിച്ചു. അപ്പോഴും ക്യൂബന്‍ സംഘം ഡല്‍ഹിയിലുണ്ട്. അവരെ കാണാന്‍ വേണ്ടി മാത്രമാണ് വന്നതെന്ന് തുറന്നു പറഞ്ഞില്ല.
അഞ്ചു മണിക്ക് ക്യൂബന്‍ സംഘവുമായുള്ള കൂടിക്കാഴ്ചക്ക് അശോക ഹോട്ടലിലേക്ക് പുറപ്പെടു മുന്‍പ് മാത്രമാണ് കേന്ദ്രആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയില്ലെന്ന് മന്ത്രി സ്ഥിരീകരിച്ചത്. നിവേദനം കൈമാറിയിട്ടുണ്ടെന്നും സമയം നല്‍കുമ്പോള്‍ വന്നുകാണുമെന്നും പ്രതികരിച്ചു.
ആശാപ്രവര്‍ത്തകര്‍ക്ക് വേണ്ടിയെന്ന് അവകാശപ്പെട്ടുള്ള ഡല്‍ഹിയാത്ര കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ആകാത്തവിധം പൊളിഞ്ഞതോടെയാണ് അര്‍ധരാത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ ന്യായീകരണവുമായി എത്തിയത്. കൊച്ചിയിലെത്തിയ മന്ത്രി ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍.
ക്യൂബന്‍ സംഘത്തെ കാണനാണ് ഡല്‍ഹി യാത്രയെന്നും സമയം കിട്ടിയാല്‍ കേന്ദ്രആരോഗ്യമന്ത്രിയെ കാണുമെന്നും ഇന്നലെ പുലര്‍ച്ചെ തന്നെ വീണ ജോര്‍ജിന് പറയാമായിരുന്നു. ഇതുപറയാതെ ഒളിച്ചുകളിച്ചാണ് കേന്ദ്രമന്ത്രിയെ കാണുമെന്ന ആരോടും പറഞ്ഞിട്ടില്ലെന്നുള്ള ന്യായീകരണം.