മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് പിന്തുണയുമായി കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദിഖ്. ദുർഭരണത്തെ വിശേഷിപ്പിക്കുമ്പോൾ ദുർഭൂതം എന്ന പ്രയോഗം സ്വാഭാവികമായി കടന്ന് വരും. ആലങ്കാരികമായി പറഞ്ഞ് പോയ ആ വാക്ക് പിടിച്ച് ഇത്രയൊന്നും കരയേണ്ടതില്ലെന്ന് ടി.സിദ്ദിഖ് ഫെയ്സ്ബുക്കില്‍ കുറിച്ചു. വ്യക്തികളെ അധിക്ഷേപിക്കുന്ന രീതി സിപിഎം നേതാക്കളെ പോലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു കാലത്തും ഇല്ല. കെ.സി വേണുഗോപാലിനെ സംരക്ഷിക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി പിന്നിലുണ്ടാകുമെന്നും സിദ്ദിഖ് പറഞ്ഞു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, ഈ വാക്കുകളൊക്കെ കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യമെത്തുന്ന മുഖം മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റേത് തന്നെയാണ്…
ഈ വാക്കുകൾ അദ്ദേഹം മലയാള സാഹിത്യസാംസ്കാരിക മേഖലയ്ക്ക് നൽകിയ കനത്ത സംഭാവനയാണ് എന്നൊക്കെ വിശ്വസിക്കുന്നവർ ഉണ്ടാകാം..! അവർക്ക് ദുർഭൂതം എന്ന് ആലങ്കാരികമായി പറഞ്ഞ വാക്ക് കേട്ട് വല്ലാതെ വിറളി പിടിച്ചിട്ടുണ്ട്… ദുർഭരണത്തെ വിശേഷിപ്പിക്കുമ്പോൾ ദുർഭൂതം എന്ന പ്രയോഗം സ്വാഭാവികമായി കടന്ന് വരും. ആലങ്കാരികമായി പറഞ്ഞ് പോയ ആ വാക്ക് പിടിച്ച് ഇത്രയൊന്നും കരയേണ്ടതില്ല.
എ. ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ജനകീയ നേതാവുമായ ശ്രീ കെസി വേണുഗോപാൽ എം.പിയെ സിപിഎം സൈബർ ഹാൻഡിലുകൾ വിചാരിച്ചാൽ അങ്ങ് ഇല്ലാതാക്കാമെന്ന വ്യാമോഹമൊന്നും വേണ്ട… അതിനെ പ്രതിരോധിക്കാൻ ഞങ്ങൾക്ക് അറിയാം… ഏതായാലും വ്യക്തികളെ അധിക്ഷേപിക്കുന്ന രീതി സിപിഎം നേതാക്കളെ പോലെ കോൺഗ്രസ് നേതാക്കൾക്ക് ഒരു കാലത്തും ഇല്ല എന്ന് മാത്രമല്ല; അത് ഞങ്ങളുടെ ഡി എൻ എയിൽ തന്നെ ഇല്ലാത്തതാണ്… ഒരു മുൻ സിപിഎം മുഖ്യമന്ത്രിയുടെ അധിക്ഷേപ വാക്കുകൾ ഇവിടെ പറഞ്ഞാൽ തീരില്ല..!
കെ.സി വേണുഗോപാലിനെ സംരക്ഷിക്കാൻ ഞങ്ങൾ ഒറ്റക്കെട്ടായി പിന്നിലുണ്ടാകും. നിങ്ങളെ പോലെ ബിജെപിയെ താങ്ങിയല്ല അദ്ദേഹത്തിന്റെ നിൽപ്പ്, ബിജെപിക്കെതിരെ നിരന്തരം പൊരുതിയാണ്. ജനങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന് ഞങ്ങൾ സംരക്ഷണ കവചമൊരുക്കും…