മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ. ചിലർ മൂന്നാമതും ദുർഭൂതം വരുന്നുവെന്ന് പ്രചരിപ്പിക്കുകയാണെന്നായിരുന്നു പിണറായിയെ ഉന്നമിട്ടുള്ള കെ സി വേണുഗോപാലിന്റെ പരിഹാസം.
കാരണഭൂതമെന്ന് കേട്ടപ്പോൾ തിളയ്ക്കാത്തതൊന്നും ദുർഭൂഭതമെന്നു കേൾക്കുമ്പോഴും വേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഒരു മുതിർന്ന പൊതുപ്രവർത്തകനും പാർലമെന്ററിയനുമായ എൻകെ പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച, ഒരു മതമേലധ്യക്ഷനായ താമരശ്ശേരി ബിഷപ്പ് ചിറ്റിലപ്പള്ളിയെ നികൃഷ്ട ജീവി എന്ന് വിളിച്ച, ഒരു മാധ്യമപ്രവർത്തകനെ “എടോ ഗോപാലകൃഷ്ണ" എന്ന് വിളിച്ച, കൊല്ലപ്പെട്ട ഒരു പഴയ സഹപ്രവർത്തനെ കൊന്നിട്ടും കുലംകുത്തിയെന്ന് വിളിച്ച കേരളത്തിന്റെ മുഖ്യമന്ത്രിയെ വാഴ്ത്താൻ സി വേണുഗോപാൽ നിങ്ങളുടെ വാഴ്ത്തുപാട്ട് സംഘത്തിലെ സംഘാംഗമല്ല, കോൺഗ്രസ്സിന്റെ സംഘടന ജനറൽ സെക്രട്ടറിയാണ്. മോദിയെയും മോദി മീഡിയയെയും വകവയ്ക്കാത്തയൊരാളെയാണ് നിങ്ങളീ ഉടുക്ക് കൊട്ടിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിന്റെ വാർഡ് തല മെമ്പർമാരുടെ നേതൃയോഗത്തിലെ തന്റെ പ്രസംഗത്തില്‍ ഉടനീളം പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതു മുന്നണി സർക്കാരിനെ കെ.സി. വേണുഗോപാല്‍ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ജനം കാത്തിരിക്കുകയാണ് പിണറായിയെ പുറത്താക്കാൻ എന്ന് വേണുഗോപാൽ പറഞ്ഞു. കൊല്ലത്ത് നടന്ന സിപിഐഎം സംസ്ഥാന സമ്മേളന പ്രമേയത്തിൽ കടൽമണൽ ഖനനത്തെ കുറിച്ച് ഒരു വരി പോലുമുണ്ടായിരുന്നില്ലെന്ന് വേണുഗോപാൽ വിമർശിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പും നേതൃയോഗത്തിൽ അദ്ദേഹം മുന്നോട്ടുവച്ചു.