ആശാസമരത്തിന് പിന്തുണയുമായി സംഘടിപ്പിച്ച ജനസഭയില്‍ സര്‍ക്കാരിനെതിരെ തുറന്നടിച്ച് കല സാംസ്കാരിക രംഗത്തുള്ളവര്‍. ആശമാരെ ആക്ഷേപിക്കരുതെന്നും ചര്‍ച്ചക്ക് വിളിക്കണമെന്നും സാഹിത്യ അക്കാദമി പ്രസിഡന്‍റ് സച്ചിദാനന്ദന്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ വേതനം കൂട്ടണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സിഐടിയു കേരളത്തില്‍ സമരം പൊളിക്കാനാണ് നോക്കുന്നതെന്നും നടന്‍ ജോയി മാത്യൂ തുറന്നടിച്ചു.
ആശമാരുടെ സമരത്തിന്‍റെ 45 ആം ദിവസവും നിരാഹാരസമരത്തിന്‍റെ ഏഴാം ദിവസവുമാണ് പിന്തുണയുമായി കല സാഹിത്യ സംസ്കാരിക രംഗത്തുള്ളവര്‍ എത്തിയത്. ന്യൂനപക്ഷമാണെങ്കിലും സമരം ചെയ്യുന്നവരെ അധിക്ഷേപിക്കരുതെന്ന സാഹത്യ അക്കാദമി പ്രസിഡന്‍റ് കൂടിയായി കവി സച്ചിദാനന്ദന്‍ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
തമിഴ്നാട്ടില്‍ ആശമാര്‍ക്കായി സിഐടിയു ചെയ്യുന്ന സമരം പരാമര്‍ശിച്ച് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ജോയി മാത്യുവും രംഗത്തെത്തി. പിന്തുണ അര്‍പ്പിച്ചാല്‍ മാത്രം പോരെന്നും കേന്ദ്രത്തില്‍ നിന്ന് അനൂകൂല ഉത്തരവ് നേടിയെടുക്കണം എന്നും ജോയി മാത്യൂ ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണയുമായി തദ്ദേശസ്ഥാപനങ്ങളുടെ മുന്‍പില്‍ കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിച്ചു. കെ കരുണാകരന്‍ ഉണ്ടാക്കിയതാണ് ഐഎന്‍ടിയുസി എന്നും അത് പിണറായി വിലാസം സംഘടനയാക്കരുതെന്നും കെ മുരളീധരന്‍ സമരം തുടരുമ്പോഴും ആശമാരെ പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ സര്‍ക്കാര്‍ അയയ്ക്കുന്നില്ലെന്ന് സമരസമിതി ആരോപിച്ചു . നിരാഹാര സമരം തുടരുന്ന കെ പി തങ്കമണിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.