wayanad-mundakai-landslide

മുണ്ടക്കൈ - ചൂരല്‍മല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. ഒരു വർഷത്തെ മൊറട്ടോറിയം സഹിതം ദുരന്ത ബാധിതരുടെ വായ്പപുനഃക്രമീകരിക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്ന് കോടതി ചോദിച്ചു. വായ്പ പുനക്രമീകരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച ഹൈക്കോടതി, വായ്പ എഴുതിത്തള്ളുന്നത് കൂടി പരിഗണിക്കണമെന്ന് നിർദ്ദേശിച്ചു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്. ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളില്ല. പകരം വായ്പ പുനക്രമീകരിക്കും. പുനക്രമീകരണത്തില്‍ ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടും. വായ്പയില്‍ ബാക്കിയുള്ള തുകയും, പലിശയും പുതിയ വായ്പയായി കണക്കാക്കും. വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മോറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന്  കേന്ദ്ര സര്‍ക്കാര്‍ മറുപടി നൽകി. 

അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് ചോദ്യത്തിന് സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി. തുടർന്ന്, വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസര്‍പ്പിച്ച് തീരുമാനമെടുക്കണമെന്ന് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാരും, എസ്.ഈശ്വരനുമടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. 

വിഷയത്തിൽ വിശദമായ സത്യവാങ്മൂലം നല്‍കാനും നിര്‍ദ്ദേശമുണ്ട്. വായ്പ തിരിച്ചുപിടിക്കാനുള്ള ബാങ്ക് ഓഫ് ബറോഡയുടെ നടപടികൾ വസ്തുതകൾ പരിശോധിക്കാതെയായിരുന്നുവെന്നും, അതിനാൽ നിർത്തിവച്ചെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പുനരധിവാസത്തിനുള്ള കേന്ദ്ര വായ്പ വിനിയോഗിക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇത് ധനകാര്യവകുപ്പ്, PWD അടക്കമുള്ള പദ്ധതി നിർവഹണ ഏജൻസികൾക്ക് പണം അനുവദിക്കാനുള്ള സമയമാണ്.  അനുവദിച്ച പദ്ധതിക്കാണ് പണം വിനിയോഗിച്ചത് എന്ന് ഉറപ്പാക്കി പിന്നീട്  യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാവുന്നതാണെന്നും കേന്ദ്രം വ്യക്തമാക്കി.

ENGLISH SUMMARY:

The central government informed the Kerala High Court that loans of Mundakkai-Chooralmala disaster victims will not be waived but will be restructured with a one-year moratorium. The court questioned the benefit of this decision for affected individuals. The government clarified that outstanding amounts and interest would be recalculated as new loans, while extending the deadline for rehabilitation funds until December 31.