ഇടവേളക്കുശേഷം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂർ നിയമസഭാ മണ്ഡലം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം. എന്നാൽ 2016 ലും 2021 ലും ഒപ്പംനിന്ന മണ്ഡലം വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലും കൈവിടില്ലെന്ന വിശ്വാസത്തിലാണ് സിപിഎം. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സ്ഥാനാർഥികളെ ആശ്രയിച്ചു കൂടിയാവും നിലമ്പൂരിലെ വിജയം.
2016ൽ ആര്യാടൻ മുഹമ്മദിൻ്റെ കോട്ട പിടിച്ച് 2021 ലും വിജയം ആവർത്തിച്ച പി.വി. അൻവർ ഇടതുപാളയം വിട്ട് യുഡിഎഫിന് ഒപ്പം ചേരുന്നത് അനായാസവിജയം ഉണ്ടാക്കുമെന്ന് പ്രതീക്ഷയിലാണ് യുഡിഎഫ്. അടുത്തിടെ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും യുഡിഎഫിന് അനുകൂലമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം യുഡിഎഫിന് ആത്മവിശ്വാസം പകരുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയായി നിലമ്പൂരിൽ എത്തുന്നത് ആര്യാടൻ ഷൗക്കത്താണോ അതോ വിഎസ് ജോയിയാണോ എന്ന ചോദ്യമാണ് കോൺഗ്രസിനു മുന്നിലുള്ളത്.
നിലമ്പൂരിൽ കഴിഞ്ഞ എട്ടര വർഷത്തിലധികമായി നടന്ന വികസന പ്രവർത്തനങ്ങൾ ഇടതു സ്ഥാനാർഥിക്ക് വോട്ടായി മാറുമെന്നാണ് സിപിഎമ്മിന്റെ വിശ്വാസം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജിനാണ് സിപിഎം മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കുന്ന കാര്യവും സിപിഎമ്മിന്റെ സജീവ പരിഗണനയിലുണ്ട്. ഏതുനിമിഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാനുള്ള സർവ്വ സംവിധാനങ്ങളും മൂന്നു മുന്നണികളിലും നിലമ്പൂരിൽ തയ്യാറാക്കിയിട്ടുണ്ട്.