ma-baby-pinarayi-03

എം.എ.ബേബി സി.പി.എം ജനറല്‍ സെക്രട്ടറി. പി.ബിയുടെ ശുപാര്‍ശയ്ക്ക് പുതിയ കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി. ബേബി വരുന്നതിനോട് പി.ബിയില്‍ എതിര്‍പ്പുന്നയിച്ച ബംഗാള്‍ ഘടകം കേന്ദ്രകമ്മിറ്റിയില്‍ അയഞ്ഞതോടെ എം.എ.ബേബിയിലേക്ക് എത്തുകയായിരുന്നു. കേരളത്തില്‍നിന്ന് പുതുതായി മൂന്നുപേര്‍ സി.പി.എം കേന്ദ്രകമ്മിറ്റിയെത്തി. ടി.പി.രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്.സലീഖ എന്നിവരാണ് സി.സിയില്‍ എത്തിയത്. 

അതിനിടെ, കേന്ദ്ര കമ്മിറ്റി പട്ടികയെ എതിര്‍ത്ത് യു.പി. ഘടകം രംഗത്തെത്തി. യു.പി സംസ്ഥാന സെക്രട്ടറി രവിശങ്കര്‍ മിശ്ര വോട്ടെടുപ്പ് ആവശ്യപ്പെട്ടു. അശോക് ധാവ്ളെയെ പരിഗണിക്കാത്തതില്‍ മഹാരാഷ്ട്രയില്‍ നിന്നും എതിര്‍പ്പ്. കേന്ദ്ര കമ്മിറ്റി പാനലിനെതിരെ മഹാരാഷ്ട്രയില്‍നിന്ന് മല്‍സരം.

പിണറായി വിജയന്‍, മുഹമ്മദ് യൂസഫ് തരിഗാമി, പി.കെ.ശ്രീമതി എന്നിവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കി. ഇവര്‍ കേന്ദ്രകമ്മിറ്റിയില്‍ തുടരും. പ്രായപരിധികഴിഞ്ഞ പി.ബിയിലെ നാലുപേര്‍ പ്രത്യേക ക്ഷണിതാക്കളാകും. കേന്ദ്രകമ്മിറ്റിയില്‍ ആകെ 84 അംഗങ്ങള്‍, ഏഴ് ക്ഷണിതാക്കള്‍. 

സിപിഎമ്മിലെ പ്രായോഗിക വാദിയായ സൈദ്ധാന്തികനാണ് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയാകാനൊരുങ്ങുന്ന എം.എ ബേബി.  വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ അമരത്തും പാർലമെന്ററി രംഗത്തും മികവ് പ്രകടിപ്പിച്ചാണ് എം.എ. ബേബി പാർട്ടിയുടെ തലപ്പത്ത് എത്തുന്നത്. 71 വയസ്സ് പൂർത്തിയായി തൊട്ടടുത്ത ദിവസം ജനറൽ സെക്രട്ടറി എന്ന ദൗത്യത്തിന് തുടക്കം കുറിക്കുന്ന ബേബിയെ കാത്തിരിക്കുന്നത് രാജ്യത്തെ പാർട്ടിയെ വളർത്താനുള്ള നിർണായക ഉത്തരവാദിത്തമാണ്. 

പന്ത്രണ്ട് വയസു വരെ അമ്മയോട് ഒപ്പം പള്ളിയിൽ പോയിരുന്ന അൾത്താര ബാലനായ വിശ്വാസിയായിരുന്ന എം എ ബേബി . യുക്തിവാദിയും അധ്യാപകനുമായിരുന്ന അച്ഛൻ അലക്സാണ്ടറുടെ പുസ്തകങ്ങൾ മകനെ വായനക്കാരനാക്കി.  പരന്ന വായനയും ആഴത്തിലുള്ള ചിന്തയും രാഷ്ട്രീയക്കാരനാക്കിയ ബേബി,  72-ാം വയസിൽ സി പി എമ്മിൻെ അമരത്ത് എത്തുന്നത് ശാന്തനായി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ്. അടിയന്തിരവസ്ഥ കാലത്ത് ജയിലിൽ കിടന്നു.   75 ൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറും 79 ൽ അഖിലേന്ത്യ പ്രസിഡൻുമായി.  85 ൽ പാർട്ടി സംസ്ഥാന സമിതിയിൽ. 87 ൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി 89 ൽ കേന്ദ്രകമ്മിറ്റിയിലെത്തി.  പിതാവ് കഴിഞ്ഞാൽ ബേബിയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇഎംഎസ് ആയിരുന്നു,

ഇഎംഎസിന്റെ ശിഷ്യനായി ഡൽഹയിലെത്തിയത് ബേബിയിലെ രാഷ്ട്രീയക്കാരനെ തേച്ചുമിനുക്കി.  ഇ എം എസിന്റെ ത്വാത്വിക സ്വഭാവവും ജനാധിപത്യ വിശ്വാസവും ബേബിയെ സ്വാധീനിച്ചു.  86 ൽ 32 ആം വയസിൽ രാജ്യസഭയിലെത്തുമ്പോൾ രാജ്യത്തെ പ്രായം കുറഞ്ഞ രാജ്യസഭ അംഗങ്ങളിൽ ഒരാളായിരുന്നു. 92 ലും രാജ്യ സഭാംഗമായ ബേബിയുടെ ദേശീയ രാജ്യാന്തര കാഴ്ച്ചപാടുകൾ പാർട്ടിക്ക് മുതൽ കൂട്ടാണ്. 98 ൽ സംസ്ഥന സെക്രട്ടറിയേറ്റിൽ എത്തിയ എം എ ബേബി പാർട്ടിയിലെ വിഭാഗീയതയിൽ പെട്ടപ്പോൾ  പിബിയിലെത്തിയത് 2012 ൽ മാത്രം.  ഇതിനിടെ 2002 ൽ ആലപ്പുഴ ജനറൽ സെക്രട്ടറിയായി. 2006 ൽ കുണ്ടറയിൽ നിന്ന് ജയിച്ചു വി.എസ്  സർക്കാരിൽ വിദ്യാഭ്യാസ മന്ത്രി ആയ ബേബിയെ വിവാദങ്ങൾ വിടാതെ പിൻതുടർന്നു.  

മതമില്ലാത്ത ജീവൻ എന്ന പാഠഭാഗവും ക്രൈസ്തവ സഭകളെ പരിഹസിച്ചുള്ള രൂപാത പരാമർശവും വിവാദമായി.  സ്വാശ്രയ മേഖലയിലെ തർക്കങ്ങൾ ബേബി  രണ്ടാം മുണ്ടശ്ശേരി ചമയുകയാണെന്ന വ്യാഖ്യനങ്ങളിലേക്ക് എത്തിച്ചു. 2011 ലും കുണ്ടറയിൽ നിന്ന് ജയിച്ച ബേബി പിന്നീട് ലോക് സദയിൽ എൻ കെ പ്രേമചന്ദ്രനോട് തോറ്റു.  കലാസാംസ്ക്കാരിക സംഘടനയായ സ്വരലയയുടെ രൂപീകരണത്തിലും കൊച്ചി മുസരീസ് എന്ന ആശയംയഥാർഥ്യമാക്കുന്നതിൽ ചാലകശക്തിയായി. കലാസാംസ്ക്കാരിക നായകരെ സി പിഎമ്മിനോട് അടുപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. എം എ ബേബിയുടെ ഇനിയുള്ള ദൗത്യം പാർട്ടിയെ രാജ്യത്ത് വളർത്തുകയും പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് വിശാലമായ മതേതരസഖ്യം യാഥാർഥ്യമാക്കുകയുമാണ്. ഏതു വിമർശനവും നിസംഗതയോട് കേൾക്കുന്ന ബേബിപാർട്ടിയിലെ പ്രായോഗികവാദിയാണ്. ഫിഡൽകാസ്ട്രോ, മറഡോണ എന്നിവരാണ് ബേബിയുടെ ഹീറോസ്. ആരാധന കെ.ജെ. യേശുദാസിനോടും.

ENGLISH SUMMARY:

M.A. Baby is the CPM General Secretary. The new Central Committee approved PB's recommendation. The Bengal faction, which opposed Baby's entry into the PB, was replaced by M.A. Baby. Three new members from Kerala joined the CPM Central Committee. T.P. Ramakrishnan, Puthalath Dineshan and K.S. Salikha joined the CC.