സമുദായസംഘടനകളുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാർട്ടികൾ. കേരളത്തിൽ എന്നേ തുടങ്ങിയ പ്രതിഭാസമാണത്. കർഷക തൊഴിലാളി പാർട്ടി, എസ്.ആർ.പി, എൻ.ഡി.പി, ഒടുവില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ്... അങ്ങനെ എത്ര എത്ര പ്രസ്ഥാനങ്ങൾ.. ഇതൊക്കെ ഓർക്കാനും പറയാനും കാരണം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവനയാണ്. വേണ്ടിവന്നാൽ ക്രൈസ്തവസമൂഹം ഒരു രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്ന ആർച്ച് ബിഷപ്പിന്റെപ്രസ്താവന കണ്ടപ്പോൾ ഓർത്തത് സമുദായസംഘടനകളുടെ നേതൃത്വത്തിൽ പിറന്ന് ചരിത്രമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാണ്. പ്രബല ഭൂരിപക്ഷ സമുദായങ്ങളായ എസ്.എൻ.ഡി.പി രൂപം നൽകിയ എസ്.ആർ.പിയും എൻ.എസ്.എസ് രൂപീകരിച്ച എൻ.ഡി.പിയുമൊക്കെ എൻപതുകളുടെ അവസാനത്തിൽ തന്നെ രാഷ്ട്രീയ അകാലചരമം അടയുന്നത് കേരളം കണ്ടു.
സമുദായസംഘടനകളുടെ ആശീർവാദത്തിൽ തുടങ്ങി ഇന്നും നിലനിൽക്കുന്ന ഒരു പ്രസ്ഥാനമേയുള്ളു. കേരളാ കോൺഗ്രസ്. പിളർന്നും വളർന്നും ലയിച്ചും വിഘടിച്ചും എ മുതൽ ഇസഡ് വരെ ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിൽ കേരള രാഷ്ട്രീയത്തിൽ അലിഞ്ഞുചേർന്ന കേരളാ കോൺഗ്രസിന് നൂലിക്കെട്ടിയും ചോറൂണ് നൽകിയും സഭയും എൻ.എസ്.എസും ചേർന്നാണ്. കൃത്യമായി എന്തിന് വേണ്ടി നിലകൊള്ളുവെന്ന് അവർക്ക് തന്നെ തിട്ടമില്ലാത്തത് കൊണ്ടാണ് കേരളാ കോൺഗ്രസ് ഇന്നും നിലനിന്നുപോകുതെന്നതാണ് യാഥാർഥ്യം. അവരെക്കുറിച്ച് ആഴത്തിൽ വിലയിരുത്താൻ മാത്രം ഒന്നുമില്ലതാനും.
വടക്കനച്ചനും കെടിപിയും
ഫാദർ വടക്കൻ എന്ന വടക്കനച്ചന്റെയും ബി. വെല്ലിങ്ടണിന്റെയും നേതൃത്വത്തിൽ കർഷക തൊഴിലാളി പാർട്ടി രൂപം കൊണ്ടത് അറുപതുകളുടെ തുടക്കത്തിലാണ്. കർഷക തൊഴിലാളികൾക്ക് വേണ്ടിയാണെന്ന് വടക്കനച്ചൻ അവകാശപ്പെട്ടെങ്കിലും ചെറിയ ഒരു തിരുത്തുണ്ട്. കുടിയേറ്റ കർഷകരുടെയും കുടിയേറ്റ കർഷക തൊഴിലാളികളുടെയും സംരക്ഷണത്തിനും താൽപര്യങ്ങൾക്കും വേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് കെടിപി. വടക്കനച്ചൻ രൂപം നൽകിയ കെ.ടി.പിയുടെ ബാനറിൽ കൊല്ലം ശക്തിക്കുളങ്ങരക്കാരനായ ബി.വെല്ലിങ്ടൺ 1965ലെ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ നിന്ന് വിജയിച്ചതും 1967ൽ വിജയം ആവർത്തിച്ച് ഇ.എം.എസിന്റെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായതും ചരിത്രമാണ്. 70ൽ പള്ളുരുത്തിയിൽ നിന്ന് വെല്ലിങ്ടൺ ജയിച്ചതോടെ കെ.ടി.പിയുടെ തിരഞ്ഞെടുപ്പ് പോരാട്ടം അവിടെ അവസാനിച്ചു. താമസിയാതെ ആ പ്രസ്ഥാനം വായുവിൽ ലയിച്ച് ഇല്ലാണ്ടായി. ഇഎംഎസിന്റെ നേതൃത്വത്തിൽ 1957ൽ അധികാരത്തിലെത്തിയ സർക്കാരിനെ താഴെയിറക്കിയ വിമോചനസമരത്തിന്റെ നായകസ്ഥാനത്തുണ്ടായിരുന്നവരിൽ ഒരാളാണ് വടക്കനച്ചൻ. അതേ വടക്കനച്ചനാണ് ആറേഴ് വർഷം കഴിഞ്ഞപ്പോൾ എ.കെ.ജിയുടെ ഭൂസമരങ്ങളുടെ ഭാഗം ചേർന്ന് ഇടതുപക്ഷത്തോട് അടുക്കുകയും 1967ലെ ഇ.എം.എസ് സപ്തകക്ഷി സർക്കാരിൽ ഭാഗമാവുകയും ചെയ്തത് എന്നോർക്കുമ്പോൾ ചരിത്രത്തിലെ ഒരു തമാശയായി മാത്രമേ കാണാനാകു.
വടക്കനച്ചന്റെ പാർട്ടിക്ക് സഭയിൽ നിന്ന് പിന്തുണ ലഭിച്ചിരുന്നെങ്കിലും സഭയുടെ പാർട്ടിയായി അതിനെ കണ്ടിരുന്നില്ല. ഒരു നൂറ്റാണ്ടിന് മുൻപ്, 1918ൽ തുടങ്ങിയതാണ് കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടന. മലയാളി മെമ്മോറിയൽ, ഉത്തരവാദഭരണപ്രക്ഷോഭം, പൗരസമത്വ പ്രക്ഷോഭം, വിമോചന സമരം എന്നിവയിൽ ഭാഗമായിരുന്നു കത്തോലിക്കാ കോൺഗ്രസ്. സജീവ രാഷ്ട്രീയധാരയിൽ നിന്ന് കൃത്യമായ അകലം പാലിച്ചുവെന്നതാണ് കത്തോലിക്കാ കോൺഗ്രസിന്റെ നൂറുവർഷത്തെ വിജയയാത്രയ്ക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.
എസ്.ആർ.പിയും എൻ.ഡി.പിയും
എസ്.എൻ.ഡി.പിയുടെ അല്ലെങ്കിൽ വെള്ളാപ്പള്ളി നടേശന്റെ അനുഗ്രഹത്തോടെ തുടങ്ങിയ ബി.ഡി.ജെ.എസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം തുടക്കം മുതൽ ഇടതു, വലത് മുന്നണി ചേരികളുടെ ഭാഗമാകാതെ ബിജെപിയുടെ ദേശീയ ജനാധിപത്യ ചേരിയിലാണ് നിൽക്കുന്നത്. എന്നാൽ, ബി.ഡി.ജെ.എസിന്റെ പിറവിക്ക് മൂന്നു പതിറ്റാണ്ട് മുൻപ് പിറന്ന എസ്.ആർ.പിയെ ആരും ഓർക്കുന്നുണ്ടാവില്ല.
1970കളുടെ മധ്യത്തിലാണ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ പാർട്ടിയുടെയും (എസ്.ആർ.പി) നാഷണലിസ്റ്റ് ഡെമോക്രാട്ടിക് പാർട്ടിയുടെയും (എൻ.ഡി.പി) പിറവി. കേരള രാഷ്ട്രീയത്തിനുള്ള എൻ.എസ്.എസിന്റെ സംഭാവനയായിരുന്നു എൻ.ഡി.പിയെങ്കിൽ എസ്.എൻ.ഡി.പിയുടെ മുതൽമുടക്കായിരുന്നു എസ്.ആർ.പി. 1969ലെ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ആഘാതം അനുഭവിച്ചത് എൻ.എസ്.എസ് ആണെന്ന് കുറ്റപ്പെടത്തിയാണ് കളത്തിൽ വേലായുധൻ നായരും എൻ.എസ്.എസ് ജനറൽ സെക്രട്ടറി കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയും എൻ.ഡി.പിക്ക് രൂപം നൽകുന്നത്. പിന്നാലെ കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. ഗംഗാധരൻ, ആർ.പ്രകാശം, എൻ. ശ്രീനിവാസൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ എസ്.ആർ.പിയും പിറന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള 1977ലെ പൊതു തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ മുൻകൂട്ടി കണ്ട് ലീഡർ കെ.കരുണാകരൻ എൻഡിപിയെ ഒപ്പം കൂട്ടി. എ.കെ. ആന്റണിയുടെയും യുവ നേതാക്കളുടെയും എതിർപ്പുകളെ ഇന്ദിരാഗാന്ധിയുടെ അനുവാദം തേടി മറികടന്നായിരുന്നു കരുണാകരന്റെ കരുനീക്കം. കേരളാ കോൺഗ്രസിനെ ഒപ്പം നിറുത്താമെങ്കിൽ എൻഡിപിക്ക് അയിത്തം കൽപ്പിക്കേണ്ടതില്ലെന്ന കരുണാകരന്റെ നിലപാടിന് ഇന്ദിര പച്ചക്കൊടി കാട്ടി. അങ്ങനെ ഐക്യമുന്നണിയുടെ ഭാഗമായി 1977ലെ തിരഞ്ഞെടുപ്പിൽ എൻഡിപിയും മത്സരിച്ചു. എൻഡിപിയുടെ പേരിൽ മത്സരിച്ച അഞ്ച് പേരും വിജയിച്ചു- തിരുവനന്തപുരം ഈസ്റ്റ്, തിരുവനന്തപുരം നോർത്ത്, നെയ്യാറ്റിൻകര, ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലായിരുന്നു എൻഡിപി വിജയം. 1977ലെ തിരഞ്ഞെടുപ്പിൽ എസ്ആർപിയും മത്സരിച്ചിരുന്നു. എല്ലായിടത്തും കെട്ടിവച്ച കാശ് നഷ്ടമായി. എസ്ആർപിയുടെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മുദ്രാവാക്യങ്ങൾ ഒന്നായതാണ് പരാജയത്തിന് കാരണമെന്ന് വിലയിരുത്തപ്പെട്ടു.
നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എൻഡിപിക്കാരും ഐക്യമുന്നണി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും അവരെ സർക്കാരിന്റെ ഭാഗമാക്കിയില്ല. എന്നിട്ടും കിടങ്ങൂർ കരുണാകരനൊപ്പം നിന്നു. ഐക്യ മുന്നണി തകർച്ചയ്ക്ക് രൂപം കൊണ്ടാണ് യു.ഡി.എഫ് എന്ന മുന്നണി സമവാക്യം. ലീഡർ ആ രസതന്ത്രക്കൂട്ട് തയാറാക്കിയപ്പോൾ അതിലും എൻഡിപി ഭാഗമായി. 1978ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നപ്പോൾ എൻഡിപിക്ക് ആ സീറ്റ് നഷ്ടമായി. തുടർന്ന് എൻ.ഡി.പി രണ്ടായി.
1977ലെ തിരഞ്ഞെടുപ്പിനെ തുടർന്ന് അധികാരത്തിൽ വന്ന കരുണാകരൻ, ആന്റണി മന്ത്രിസഭകൾക്ക് പിന്നാലെ പി.കെ. വാസുദേവൻ നായർ മന്ത്രിസഭയും രാജിവച്ചതോടെ സി.എച്ച്. മുഹമ്മദ് കോയ സർക്കാർ ഉണ്ടാക്കി. ഈ മന്ത്രിസഭയിലാണ് എൻ.ഡി.പി ആദ്യമായി ഭാഗമാകുന്നത്. മാവേലിക്കര മണ്ഡലത്തിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ എൻ.ഭാസ്കരൻ നായർ എൻഡിപിയുടെ ആദ്യ മന്ത്രിയായി. സി.എച്ച് മന്ത്രിസഭ തകർന്നതോടെ തിരഞ്ഞെടുപ്പ് വന്നു.
1980ലെ തിരഞ്ഞെടുപ്പിൽ എൻ.ഡി.പി മാത്രമല്ല എസ്.ആർ.പിയും കരുണാകരന്റെ ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായി. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പും നടന്നു. എൻഡിപിക്കും എസ്ആർപിക്കും ഓരോ സീറ്റുകൾ വീതും നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിപിയുടെ പ്രഥമ മന്ത്രിയായ ഭാസ്കരൻ നായർ മാവേലിക്കരയിൽ തോറ്റപ്പോൾ മൂന്ന് സീറ്റുകൾ എൻഡിപി നിലനിർത്തി. എസ്.ആർ.പിയാകട്ടെ 1977ലേത് പോലെ തന്നെ വീണ്ടും പൂജ്യത്തിൽ അഭയംപ്രാപിച്ചു. 1982ലെ പൊതു തിരഞ്ഞെടുപ്പിൽ എൻഡിപിയും എസ്ആർപിയും യുഡിഎഫിന്റെ ഭാഗമായി നിന്നു. ഇത്തവണ നാലുപേരെ എൻഡിപി സഭയിലെത്തിച്ചു. തൃപ്പൂണിത്തുറയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കെ.ജി.ആർ. കർത്തായ്‌ക്കായിരുന്നു മന്ത്രിപദത്തിലെത്താൻ ആദ്യം നറുക്ക് വീണത്. വകുപ്പ് ആരോഗ്യം തന്നെ. മികച്ച രീതിയിലുള്ള തന്റെ ഭരണനിർവഹണം കൊണ്ട് കർത്താ ഒരുവർഷത്തിന് ശേഷം രാജിവച്ചു. കെ.പി. രാമചന്ദ്രൻ നായർ അടുത്ത മന്ത്രിയായി. മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരെ പരാജയപ്പെടുത്തി നിയമസഭയിലെത്തിയെന്ന ഖ്യാതിയാണ് കെ.പി. രാമചന്ദ്രൻ നായരെ ശ്രദ്ധേയനാക്കിയത്. ആരോഗ്യ വകുപ്പിനെ ഉന്നതങ്ങളിലെത്തിച്ചതുകൊണ്ടാകണം ഒന്നര കൊല്ലത്തിന് ശേഷം അദ്ദേഹത്തിനും രാജിവയ്‌ക്കേണ്ടി വന്നു. എൻഡിപിയിൽ മന്ത്രിസ്ഥാനത്തേക്കെത്താൻ രണ്ട് പേർ കൂടി ഉണ്ടായിരുന്നെങ്കിലും പിന്നെ ആരെയും പരിഗണിച്ചില്ല.
1982ൽ എസ്ആർപി ചരിത്ര തിരുത്തിയെഴുതി. രണ്ടുപേർ വിജയിച്ചു. കോട്ടയത്ത് നിന്ന് എൻ. ശ്രീനിവാസനും കരുനാഗപ്പള്ളിയിൽ നിന്ന് ടി.വി. വിജയരാജനും. കരുണാകരൻ മന്ത്രിസഭയിൽ ശ്രീനിവാസൻ എക്‌സൈസ് മന്ത്രിയായി. എസ്ആർപിയുടെ ആദ്യ മന്ത്രി. ജില്ലാ ജഡ്ജിയായി വിരമിച്ച ശ്രീനിവാസൻ ആറ് വർഷം എസ്.എൻ.ഡി.പി യോഗം അദ്ധ്യക്ഷനായിരുന്നു. സി.ജി. ജനാർദ്ദനൻ എം.എൽ.എയും എസ്.ആർ.പിയിൽ ചേർന്നെങ്കിലും അധികം വൈകാതെ പാർട്ടി രണ്ടായി പിളർന്നു. അഴിമതി നിരോധന കമ്മിഷന്റെ പരാമർശങ്ങളെത്തുടർന്ന് ശ്രീനിവാസൻ ഇതിനിടയിൽ രാജിവച്ചു. വൈപ്പിൻ മദ്യദുരന്തമുണ്ടായതും ശ്രീനിവാസൻ മന്ത്രിയായിരുമ്പോഴാണ്. 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിപിക്കും എസ്ആർപിക്കും മുന്നണി സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ല.
1987ലെ തിരഞ്ഞെടുപ്പിൽ എസ്.ആർ.പി നിലംതൊട്ടില്ല. എൻഡിപിക്ക് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നാല് വർഷത്തിനിപ്പുറം 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഡിപി രണ്ട് സീറ്റുകൾ നേടി. ഇത്തവണ ചെങ്ങന്നൂറിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആർ. രാമചന്ദ്രൻ നായരാണ് മന്ത്രിയായത്. മുൻഗാമികളെ പോലെ മികച്ച പ്രവർത്തനം കാഴ്ചവച്ച നായർ 1994ൽ രാജിവച്ചു. ഇതിനിടെ കരുണാകര വരം നേടിയ കിടങ്ങൂർ സിംഗപ്പൂർ ഹൈക്കമ്മിഷണറായി. അപ്പോഴേക്കും എൻഡിപിയുടെ കഥ കഴിഞ്ഞിരുന്നു. അങ്ങനെ എൻഡിപിക്കും എസ്ആർപിയും രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മാഞ്ഞു