മാസപ്പടിക്കേസില്‍ ബിനോയ് വിശ്വം നടത്തിയ പ്രസ്താവനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി. കേസില്‍ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ടതില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണാ വിജയന് അറിയാം. പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരെന്ന് പറയാന്‍ പാടില്ലെന്നാണ് ബിനോയ് വിശ്വത്തിന്‍റെ പുതിയ കണ്ടുപിടിത്തം. എല്‍ഡിഎഫ് നേതാവായ പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരെന്ന് തന്നെയാണ് എല്ലാവരും പറയുന്നത്. അങ്ങനെ തന്നെയാണ് കാബിനറ്റ് അജണ്ടയില്‍ അടിച്ച് വരുന്നതും. ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത് എല്‍ഡിഎഫിലാണ്. മുഖ്യമന്ത്രിക്ക് എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും കേസ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കേന്ദ്ര ഏജന്‍സികള്‍ എടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ഉള്‍പ്പെട്ട കേസിനെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് സിപിഐ ഇന്നലെ നിലപാട് പ്രഖ്യാപിച്ചിരുന്നു. വീണാ വിജയന്‍റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടാണെന്നും സിപിഐ മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുമെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് ബിനോയ് വിശ്വം ആദ്യം സ്വീകരിച്ചിരുന്നത്. ഇതിനെതിരെ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് നിലപാട് തിരുത്തിയത്. വീണയുടെ വിഷയം എല്‍ഡിഎഫിന്‍റെ വിഷയമല്ലെന്നായിരുന്നു പാര്‍ട്ടിയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ബിനോയ് വിശ്വം വിശദീകരിച്ചത്.