ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി ജനമൈത്രി പൊലീസ് നടപ്പാക്കുന്ന " തനിച്ചല്ല ഒപ്പമുണ്ട് " പദ്ധതിക്ക് തുടക്കമായി. കണ്ണൂര്‍ പിണറായി പൊലീസിന്റെ നേതൃത്വത്തിലാണ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം പകരുന്ന പദ്ധതി നടപ്പിലാക്കുന്നത്. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ നാനൂറിലധികം സ്ത്രീകളെ പങ്കെടുപ്പിച്ച് തുടക്കമിട്ട പദ്ധതിയില്‍ മാനസിക ആരോഗ്യം കണ്ടെത്തുന്നതിനാവശ്യമായ ക്ലാസുകളും കളികളും ഒരുക്കിയിരുന്നു.
പിണറായി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ഇനി പേടിക്കേണ്ട. വിളിപ്പുറത്ത് ഓടിയെത്താന്‍ ജനമൈത്രി പൊലീസ് തയാറാണ്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ടാണ് തനിച്ചല്ല ഒപ്പമുണ്ട് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടമായി പിണറായി സ്റ്റേഷന്‍ പരിധിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ അജിത്ത് കുമാര്‍ മുഖ്യാതിഥിയായി.
സ്റ്റേഷന്‍ പരിധിയിലെ നാനൂറിലേറെ പ്രായമായ സ്ത്രീകളെ ചടങ്ങിനെത്തിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൂടെ ഇനി മുതല്‍ ഒപ്പമുണ്ട് പൊലീസെന്ന ഉറപ്പും. സിനിമാതാരം സാജു കൊടിയന്റെ പ്രകടനവും വടകരയിലെ നിധിലാലും സംഘവും അവതരിപ്പിച്ച തമാശകളും ചിരിപടര്‍ത്തി. മനസ് കൈവിടാതെ സന്തോഷം കണ്ടെത്താനുള്ള പൊടിക്കൈകള്‍ സൈക്കോളജിസ്റ്റ് ഡോ.ജിന്സിയും പകര്‍ന്നു നല്‍കിയതോടെ സ്്ത്രീകളുടേയും മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരിയായി. കളിചിരികള്‍ക്കു ശേഷം മുഴപ്പിലങ്ങാട് ബീച്ചിലും ചുറ്റിയടിപ്പിച്ചാണ് പൊലീസ് ചടങ്ങിനെത്തിയ സ്ത്രീകളെ വീടുകളിലേക്ക് അയച്ചത്. സ്ത്രീകള്‍ക്ക് സഹായത്തിനായി പ്രത്യേകഫോണ്‍ നമ്പറും സജ്ജമായി. ഇനി ഏതുനേരവും വിളിപ്പുറത്ത് പൊലീസെത്തുന്ന തനിച്ചല്ല ഒപ്പമുണ്ട് പദ്ധതി ജനമൈത്രിപൊലീസിലൂടെ കൂടുതൽ സ്റ്റേഷൻ പരിധികളിലേക്ക് നടപ്പിലാക്കും.