ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്ന് 33.5 ഗ്രാം എംഡിഎംഎയുമായി യുവതി ഉൾപ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കൊപ്പം മണ്ണേങ്കോട് സ്വദേശി അഷറഫ് അലി, കുന്നമംഗലം സ്വദേശിനി റിജിന ലക്ഷ്മി എന്നിവരാണ് ഷൊര്‍ണൂര്‍ പൊലീസിന്റെ പിടിയിലായത്.
ബെംഗളൂരുവിൽ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന എംഡിഎംഎയുമായി ഇരുവരും ഷൊർണൂരിൽ ട്രെയിൻ ഇറങ്ങുകയായിരുന്നു. പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ തെക്കേറോഡ് ഭാഗത്ത് ഇരുവരെയും കണ്ടു. വിശദമായി പരിശോധിച്ചപ്പോഴാണ് ഇരുവരില്‍ നിന്ന് എംഡിഎംഎ കണ്ടെടുത്തത്.
അഷറഫ് അലിക്ക് മലപ്പുറം മഞ്ചേരി, കോഴിക്കോട് കുന്നമംഗലം, കോയമ്പത്തൂർ ഗോമംഗലം സ്റ്റേഷനുകളിൽ കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദേശപ്രകാരം നർകോട്ടിക്സെൽ ഡിവൈഎസ്പി പി.അബ്ദുൽ മുനീർ, ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ്കുമാർ, ഇൻസ്പെക്ടർ വി. രവികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എംഡിഎംഎയുമായി പിടിയിലായ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.