പുതിയ വീടു വച്ചപ്പോള്‍ പഴയവീടിനെ നാട്ടുകാര്‍ക്കായി ഗ്രന്ഥശാലയാക്കി അധ്യാപകന്‍. കൊല്ലം ആയൂര്‍ പൊലിക്കോട് സ്വദേശി രാജനാണ് ആയിരത്തിലധികം പുസ്തകങ്ങളുമായി വായനശാല ക്രമീകരിച്ചത്.
അധ്യാപകജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും നാടിനിപ്പോഴും രാജന്‍ മാഷ് അറിവാണ്. പുതിയൊരു വീട് വച്ചപ്പോള്‍ പഴയ വീടിനെ പുസ്തകപ്പുരയാക്കാന്‍ തീരുമാനമെടുത്തത് നാട്ടുകാര്‍ക്കുവേണ്ടിയാണ്. പുതിയതലമുറയ്ക്കുവേണ്ടിയാണ്. തന്റെ പഠനകാലം മുതലുളള പുസ്തകങ്ങളൊക്കെ അടുക്കിവച്ചാണ് വീട് പുസ്തകപ്പുരയാക്കിയത്.
നാട്ടുകാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ക്രമീകരണം. ഏത് സമയത്തും ഇവിടെയെത്താം. പുസ്തമെടുക്കാം. കുട്ടികളെ വായനയിലേക്ക് എത്തിക്കാനും വിവിധങ്ങളായ ശ്രമങ്ങള്‍ തുടരുന്നു .നിലവില്‍ നാലായിരത്തിലധികം പുസ്തകങ്ങളുണ്ട്. ഒാരോമാസവും ലഭിക്കുന്ന പെന്‍ഷന് തുകയില്‍ നിന്ന് നിശ്ചിതതുക പുസ്തകം വാങ്ങാനായി മാറ്റിവയ്ക്കാനാണ് രാജന്‍ മാഷിന്റെ തീരുമാനം.