ഹിന്ദിയില്‍ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി മുംബൈയിലെ ആസ്വാദകര്‍ക്ക് നല്‍കിയത് പുത്തന്‍ അനുഭവം. ഹിന്ദിയിലേക്ക് ആട്ടക്കഥ മൊഴിമാറ്റിയപ്പോള്‍ അത് ഹിന്ദുസ്ഥാനി രാഗത്തില്‍ ചിട്ടപ്പെടുത്തിയാണ് താരാ വര്‍മയും സംഘവും അരങ്ങിലെത്തിച്ചത്.
ശ്രീകൃഷ്ണനെ വകവരുത്താന്‍ അമ്പാടിയിലേക്ക് വരുന്ന പൂതന. മലയാളത്തില്‍ ഏറെ പ്രശസ്തമായ ഈ കഥകളിപ്പദങ്ങള്‍ ഇപ്പോള്‍ ഭാഷയുടെ കാര്യത്തില്‍ ചുവടൊന്ന് മാറ്റി. പൂതനാമോക്ഷം ഹിന്ദിയില്‍ അരങ്ങിലെത്തിയപ്പോള്‍ അത് മുംബൈ മലയാളികള്‍ക്ക് മാത്രമല്ല ഇതരഭാഷക്കരാര്‍ക്കും വേറിട്ട അനുഭവമായി മാറി.
ഹിന്ദിപദങ്ങള്‍ അനായാസമായി താരാ വര്‍മ അരങ്ങിലെത്തിച്ചു. ഭാഷയും ഭാവങ്ങളും ഒരുപോലെ സമ്മേളിച്ച പ്രകടനം. പലവേദികളില്‍ പൂതനാമോക്ഷം ആടിയ താരയ്ക്ക് ഹിന്ദിയിലെ ചുവടുകള്‍ ഒട്ടും പ്രയാസമേറിയത് ആയിരുന്നില്ല.
അധ്യാപിക ഡോ. സംഗീത പൊതുവാളാണ് ആട്ടക്കഥ ഹിന്ദിയിലേക്ക് മൊഴിമാറ്റിയത്. ഹിന്ദിയില്‍ ആയതിനാല്‍ കര്‍ണാടിക് രാഗങ്ങള്‍ക്ക് പകരം ഹിന്ദുസ്ഥാനി രാഗങ്ങളില്‍ സംഗീതം ചിട്ടപ്പെടുത്തി. മുംബൈ ഡോംബിവലിയിലെ സൃഷ്ടി എന്ന സംഘടനയാണ് ഈ ആശയത്തിന് പിന്നില്‍. പൊന്നു ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ഈ വേറിട്ട പരീക്ഷണം മുംബൈയിലെ മറ്റ് വേദികളിലും വൈകാതെ കാണാം.