കോഴിക്കോട് ഫറോക്കില്‍ നിര്‍ധനരായ പട്ടികജാതി കുടുംബത്തിന് നേരെ ജല അതോറിറ്റിയുടെ കണ്ണില്ലാത്ത ക്രൂരത. മാനസിക വെല്ലുവിളി നേരിടുന്ന അമ്മയും രോഗിയായ മകനുമുള്ള സുനിലിന്‍റെ കുടുംബത്തിന് കുടിവെള്ളം മുട്ടിയിട്ട് മൂന്നു മാസം തികയുന്നു. മകനെ ചികിത്സിക്കാന്‍ നെട്ടോട്ടമോടുന്നതിനിടെയാണ് സുനിലിന് ഇടിവെട്ടേറ്റപോലെയുള്ള ജല അതോറിറ്റിയുടെ പ്രഹരം.
മഴ പെയ്യുന്നതും കാത്ത് നില്‍ക്കുകയാണീ കുരുന്നുകള്‍. വെള്ളത്തില്‍ കളിക്കാനല്ല, വീട്ടിലേക്കാവശ്യമായ കുടിവെള്ളം ശേഖരിക്കാന്‍. ഒരു കുടമെങ്കിലും കിട്ടിയാല്‍ അത്രയുമായി. ഫറോക്ക് കരുവന്‍തുരുത്തി സ്വദേശി സുനിലിന്‍റെ മക്കളാണിവര്‍. സുനിലിന് ഇനി ഒരു മകന്‍ കൂടിയുണ്ട്. ഒരു കാല്‍ തളര്‍ന്നു പോയ രണ്ടു വയസുകാരന്‍.
ഇവന്‍റെ ചികിത്സയ്ക്കായി ആശുപത്രിയില്‍ കഴിയവേയാണ് ജല അതോറിറ്റിയുടെ ക്രൂരത. അതും മാനസിക വെല്ലുവിളി നേരിടുന്ന അമ്മ മാത്രം വീട്ടിലുള്ളപ്പോള്‍. 5000 രൂപ സുനിലിനെ സംബന്ധിച്ച് വലിയൊരു തുകയാണ്. ഏതു നിമിഷവും നിലംപൊത്താറായ ഒറ്റമുറി വീട്ടില്‍ കഴിയുന്ന ഈ കുടുംബത്തിന്‍റെ ഏക അത്താണി കൂലിപ്പണിക്കാരനായ സുനിലാണ്. ജല അതോറിറ്റിയുടെ മനുഷ്യത്വമില്ലായ്മ കൊണ്ട് മൂന്നുമാസമായി വെള്ളമില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ താണ്ടി കുടത്തില്‍ കുടിവെള്ളം എത്തിക്കേണ്ട ഗതികേടിലാണിവര്‍.
മറ്റു കുട്ടികളെപ്പോലെ മകനും തുള്ളിച്ചാടി നടക്കുന്നത് കാണാന്‍ ഈ അച്ഛനും കൊതിക്കുന്നുണ്ട്. പക്ഷെ മകനെ ചികിത്സിക്കാന്‍ സുനിലിന്‍റെ കയ്യില്‍ ഇനി ഒന്നും ബാക്കിയില്ല. സുമനസുകളുടെ കനിവുണ്ടെങ്കില്‍ മാത്രമേ ചികില്‍സ മുന്നോട്ട് പോകൂ. വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ ഇടിഞ്ഞുവീഴാറായ ഈ കൂരയും അധികം വൈകാതെ ജപ്തി ചെയ്യപ്പെട്ടേയ്ക്കാം.