ലോക കേരള സഭയിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈ മുത്തി വൈദികൻ. വത്തിക്കാൻ  പ്രതിനിധിയായി ലോക കേരള സഭയില്‍ എത്തിയ ഫാദര്‍ പോൾ സണ്ണി ഫെർണാണ്ടസ് ആണ് പ്രസംഗം കഴിഞ്ഞു മടങ്ങവേ മുഖ്യമന്ത്രിയുടെ കൈയില്‍ സ്നേഹ ചുംബനം നല്‍കിയത്. വീസയില്ലാതെ ഇറ്റലിയില്‍ വര്‍ഷങ്ങളായി കഴിയുന്ന തൊഴിലാളികളുണ്ടെന്നും അവര്‍ക്ക് നാട്ടിലെത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും 20 വര്‍ഷത്തോളം ജോലി ചെയ്തവര്‍ ഇറ്റലിയില്‍ തുടര്‍ന്നാല്‍ മാത്രമേ പെന്‍ഷന്‍ ലഭിക്കൂ എന്ന സ്ഥിതിയാണെന്നും ഇത് ലഭിക്കാന്‍ തൊഴിലില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സക്രിയമായ ഇടപെടല്‍ വേണമെന്നും വിദ്യാര്‍ഥികള്‍ക്ക് ഇറ്റലിയിലേക്കുള്ള വീസ നിഷേധിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ എംബസി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മതത്തിന്‍റെ വേലിക്കെട്ടുകള്‍ മറികടന്ന് മാനവീകതയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളിലേക്ക് എത്തിനോക്കണമെന്ന ആഗ്രഹമാണ് തന്നെ ലോക കേരള സഭയില്‍ എത്തിച്ചതെന്ന വൈദികന്‍റെ വാക്കുകള്‍ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.  ആഗോളവല്‍ക്കരണം ഉണ്ടാക്കിയിരിക്കുന്ന സാമ്പത്തിക വിടവ് നികത്താന്‍ സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കൂട്ടായ്മകളാക്കി ആഗോളവല്‍ക്കരണത്തെ മാറ്റാന്‍ കഴിയണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വാക്കുകളും അദ്ദേഹം ഉദ്ധരിച്ചു.

ലോക കേരള സഭയ്ക്ക് വിജയാശംസ നേര്‍ന്നാണ്  ഫാദര്‍ പോണ്‍ സണ്ണി ഫെര്‍ണാണ്ടസ് മടങ്ങിയത്.  ദീർഘകാലം കേരള കത്തോലിക്കാ യുവജന കമ്മിഷൻ സെക്രട്ടറിയായും കേരള ലത്തീൻ സഭാ യുവജന കമ്മിഷനിലും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ റോമിലെ പൊന്തിഫിക്കൽ ലാറ്റർ യനസേ സർവകലാശാലയിൽ ഡോക്ടറേറ്റ് ചെയ്യുകയാണ്.

ENGLISH SUMMARY: