പണ്ട് തന്നെ പെണ്ണുകാണാനായി വന്നയാളെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവെച്ച് എഴുത്തുകാരി ദീപ നിശാന്ത്. പെൺകുട്ടിയുടെ വിവാഹക്കാര്യത്തിൽ അഭിപ്രായം പറയാൻ പെൺകുട്ടിക്കൊഴിച്ച് ബാക്കി ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം അവകാശമുള്ള കാലമായിരുന്നു അതെന്ന് ദീപ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. നിശാന്തുമായുള്ള വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലെന്ന് വീട്ടുകാർ പ്രഖ്യാപിച്ചു കഴിഞ്ഞ സമയത്ത്, പെണ്ണുകാണാനായി വന്നയാളോട് ഒറ്റയ്ക്ക് സംസാരിച്ച് ആ വിവാഹം മുടക്കിയ അനുഭവമാണ് ദീർഘമായ കുറിപ്പിലൂടെ ദീപ പങ്കുവച്ചിരിക്കുന്നത്.
നിശാന്തുമായുള്ള വിവാഹം സമ്മതിക്കില്ലെന്ന് വീട്ടുകാർ പറയുമ്പോഴും, മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാതിരിക്കാനുള്ള ഹൃദയവിശാലത അച്ഛനുണ്ടായിരുന്നുവെന്നും പ്രണയിച്ചതിൻ്റെ ശിക്ഷയായി അന്ന് സാധാരണ പെൺകുട്ടികൾക്കു നേരെയുള്ള 'പഠിപ്പ് നിർത്തൽ' ഭീഷണിയും വീട്ടിലില്ലായിരുന്നുവെന്നും ദീപ ഓർത്തെടുക്കുന്നു. ഒരു ചെറുകഥയ്ക്ക് സമാനമായാണ് പഴയ പെണ്ണുകാണൽ അനുഭവവും പ്രേമവും എല്ലാം അവർ എഴുതിയിരിക്കുന്നത്. ഇരുപതു വർഷങ്ങൾക്കു മുമ്പുള്ള സംഘർഷഭരിതമായൊരു ദിനത്തെയും നാടുകടത്തപ്പെട്ട എത്രയോ ഓർമ്മകളേയും വീണ്ടെടുത്തു തന്നതിന് നന്ദി എന്ന് എഴുതിക്കൊണ്ടാണ് ദീപ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ദീപ നിശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഹാളിലെ പഴയ മേശയിൽ ചാരി വിറച്ചു വിറച്ചാണ് പ്രസാദം വറ്റിയ മുഖത്തോടെ ഞാനയാളുടെ മുന്നിൽ നിന്നത്. അമിതമായ സംഘർഷം വരുമ്പോഴെല്ലാം അന്നെനിക്ക് വിറ വരുമായിരുന്നു. താഴെ വീണു പോകുമോ എന്ന് ഭയന്ന് അടുത്തുണ്ടായിരുന്ന കസേരയിൽ ഞാൻ മുറുകെ പിടിച്ചു..ഇന്നത്തെ ധൈര്യത്തിൻ്റെ നൂറിലൊരംശമില്ല..വെറുമൊരശുവായിരുന്നു ഞാനന്ന്..തീർത്തും വിഷാദവതിയായിരുന്ന ആ കാലം എൻ്റെ മനസ്സിനെയും ശരീരത്തെയും ബാധിച്ചിരുന്നു..
മുഖമുയർത്താൻ സാധിക്കാത്ത വിധം അപമാനഭാരത്താൽ എൻ്റെ തല കുനിഞ്ഞു.. ലജ്ജ കൊണ്ടാവുമെന്നായിരിക്കും അയാൾ കരുതിയിട്ടുണ്ടാവുക..ലജ്ജയുണ്ടായിരുന്നു..അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ആ സന്ദർഭം എന്നെ അപമാനത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു കഴിഞ്ഞിരുന്നു.എൻ്റെ തൊട്ടു മുന്നിലാണ് അയാൾ വന്ന് നിൽക്കുന്നത്... ഞാനെന്തു പറയുമെന്ന് കാതോർത്ത് അപ്പുറത്തെ മുറിയിൽ എല്ലാവരും നിൽക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പായിരുന്നു..തൊണ്ട ഒരിറ്റു വെള്ളമില്ലാതെ വറ്റിവരണ്ടപ്പോഴേക്കും പുറത്ത് മഴ കനത്തു.. സമാധാനം തോന്നി..ആ മഴയത്ത് ഞാൻ ഉറക്കെ സംസാരിച്ചാൽപ്പോലും ആരും കേൾക്കില്ലെന്ന ധൈര്യത്തിൽ ഞാൻ മുഖമുയർത്തി.
മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരൻ ആർദ്രതയോടെ എന്നെത്തന്നെ നോക്കി നിൽക്കുകയാണ്..തീർത്തും അകൃത്രിമവും സ്നേഹവായ്പുള്ളതുമാണെന്ന് തോന്നിക്കും വിധം അത്ര സൗമ്യമായിരുന്നു ആ നിൽപ്പ് .. ഞാൻ മുഖമുയർത്താനായി കാത്തിട്ടെന്നവണ്ണം അയാൾ ചിരിച്ചു. വിളറിയ ഒരു ചിരി എൻ്റെ മുഖത്തും മിന്നി മറഞ്ഞു.
ഒന്നും ചോദിക്കുന്നില്ല...
നിശ്ശബ്ദം... മഴ പുറത്ത് കനത്തുകോണ്ടേയിരിക്കുന്നു..
പേര് ദീപയെന്നാണെന്നും പഠിക്കുന്നത് ബി എഡിനാണെന്നും നേരത്തെ പറഞ്ഞു കഴിഞ്ഞിരുന്നു.അന്നത്തെ 'പെണ്ണുകാണലിൽ' അധികമാരും ആവശ്യപ്പെടാത്ത ഒരു കാര്യം അയാളാവശ്യപ്പെട്ടതിൻ്റെ ഞെട്ടലിലാണ് ഞാൻ..
" ദീപയോടെനിക്കൊന്ന് തനിച്ചു സംസാരിക്കണം" എന്നാവശ്യപ്പെട്ടത് അയാൾ തന്നെയായിരുന്നു.അതു പറഞ്ഞതും അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റു കഴിഞ്ഞിരുന്നു. അതു ചോദിച്ചപ്പോഴാണ് പെണ്ണുകാണലിനായി വന്ന ഏകദേശം സമപ്രായക്കാരായ 6 പേരിൽ ഇദ്ദേഹമാണ് 'ചെറുക്കനെ' ന്ന് എല്ലാവർക്കും മനസ്സിലായത്. അതുവരെയുള്ള ചോദ്യങ്ങളൊക്കെ റാപ്പിഡ് ഫയർ പോലെ പലയിടത്തു നിന്നായിരുന്നു. ഞാനടക്കം വീട്ടുകാരെല്ലാം അപ്രതീക്ഷിതമായ ആ വരവിൻ്റെ നടുക്കത്തിലായിരുന്നു. .'പെണ്ണിനെ കാണിക്കാൻ നിർവാഹമില്ല' എന്ന് പറഞ്ഞ് ഒഴിവാക്കാൻ പറ്റാത്ത ഒരു കുടുംബസുഹൃത്താണ് ഇവരെ വീട്ടിലേക്കയച്ചിരിക്കുന്നത് .. അങ്ങനെ പറഞ്ഞാൽ തൃപ്തികരമായൊരു കാരണം പറയേണ്ടി വരും. അന്നത്തെ എൻ്റെ ഗൃഹാന്തരീക്ഷപ്രകാരം ഞാൻ 23 വയസ്സുകാരിയായ 'പുര നിറഞ്ഞു നിൽക്കുന്ന പെൺകുട്ടിയാണ്. നിശാന്തുമായുള്ള പ്രണയം വീട്ടിലറിഞ്ഞ് ആകെ അസ്വസ്ഥമായ ഒരന്തരീക്ഷമാണ്. ജോലിയും ജാതിയുമെല്ലാം പ്രശ്നമായിരുന്നു. നിശാന്താണെങ്കിൽ നാട്ടിലുമില്ല. കുറേ നാളുകളായി ഞങ്ങൾ തമ്മിലുള്ള ബന്ധം വല്ലപ്പോഴും ആരുടെയെങ്കിലും കയ്യിൽ ഒളിച്ചു കടത്തുന്ന ഒരു കത്തോ മാസത്തിലൊരിക്കൽ ടെലഫോൺ ബൂത്തിൽ കാത്തു കാത്തു നിന്ന് ഫോണെടുക്കുമ്പോഴുള്ള രണ്ടോ മൂന്നോ മിനിറ്റ് മാത്രം സമയദൈർഘ്യമുള്ള ഐ എസ് ഡി കോളുമായിരുന്നു. വീട്ടിൽ ഫോൺ കിട്ടിയിട്ടുണ്ടെങ്കിലും ഐ എസ് ഡി യുടെ നീണ്ട ബെല്ലിൽ രഹസ്യം ഒളിപ്പിക്കാനാവില്ല..ഞാനെടുത്താലോ എന്ന് കരുതി വിളിക്കുന്ന നിശാന്തിൻ്റെ പ്രതീക്ഷയെ അറുത്തുമുറിച്ചു കൊണ്ട് മറ്റാരെങ്കിലും ഫോണെടുക്കും. അപ്പുറത്ത് നിശ്ശബ്ദത ഒരു മിനിറ്റോളം നീളും. അതിനിടയിൽ "ആരാ ഫോണിൽ? " എന്ന് അമ്മയോ മറ്റോ കൈയിൽ പിടിച്ചു നിൽക്കുന്ന ഫോണിൻ്റെ അടുത്തേക്ക് രണ്ടും കല്പിച്ച് ചെന്ന് ഞാനുറക്കെ ചോദിക്കും. അത്രയ്ക്കനായാസമായി ആ ചോദ്യം ചോദിക്കാവുന്ന സാഹചര്യമല്ല വീട്ടിലന്ന്.. എന്നാലും ചോദിക്കും. ആ ചോദ്യം അപ്പുറത്തെ ആൾ കേൾക്കും എന്നതാണ് പ്രതീക്ഷ. ഒരു ശബ്ദത്തിന്.. നിശ്വാസത്തിന് പ്രണയത്തിൽ വലിയ മൂല്യമുണ്ടായിരുന്നു അന്ന്. വല്ലപ്പോഴുമുള്ള ആ ശബ്ദവും കത്തിലെ അക്ഷരങ്ങളുമായിരുന്നു വിരഹികളായ പ്രണയികളുടെ ഏകഇന്ധനം.അക്കാലത്താണ് എൻ മോഹനൻ്റെ 'ഒരിക്കൽ' എന്ന നോവൽ ആദ്യമായി വായിക്കുന്നത്.
"അകലെയേക്കാൾ അകലെയാകുന്നു നീ
അരികിലേക്കാൾ അരികിലാണത്ഭുതം!"
എന്ന വരികൾ വായിച്ച് തുടങ്ങി നോവൽ അവസാനിപ്പിച്ചപ്പോഴേക്കും തൊണ്ടയിലെന്തോ തടഞ്ഞ് അക്ഷരങ്ങൾ അവ്യക്തമായതും പുസ്തകത്തിൽ കണ്ണീരുകൊണ്ടൊരു ഭൂപടം വരച്ചതും ഇപ്പോൾ ഓർത്താൽ ചിരി വരും.. അത്രത്തോളം കാല്പനികജീവിയായിരുന്നു അന്നു ഞാൻ..
.
അങ്ങനെയുള്ള ഞാനാണ് ഒരു 'അന്യപുരുഷൻ്റെ 'മുന്നിൽ പെണ്ണുകാണലിനായി ചെന്നു നിൽക്കുന്നത്. "അവരാ വഴിക്കു വരുന്നുണ്ട്.. കുട്ടിയെ ഒന്നു കണ്ടിട്ടു പോട്ടെ....ബാക്കിയെല്ലാം പിന്നീടാലോചിക്കാലോ" എന്ന നിർദ്ദേശം ഫോൺ വഴി അടിച്ചേൽപ്പിക്കപ്പെട്ടതിൻ്റെ ആഘാതം വീട്ടുകാർക്കുമുണ്ട്. പെൺകുട്ടിയുടെ വിവാഹക്കാര്യത്തിൽ അഭിപ്രായം പറയാൻ പെൺകുട്ടിക്കൊഴിച്ച് ബാക്കി ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം അവകാശമുള്ള കാലമാണ്. നിശാന്തുമായുള്ള വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കാതിരിക്കാനുള്ള ഹൃദയവിശാലത അച്ഛനുണ്ടായിരുന്നു. പ്രണയിച്ചതിൻ്റെ ശിക്ഷയായി അന്ന് സാധാരണ പെൺകുട്ടികൾക്കു നേരെയുള്ള 'പഠിപ്പ് നിർത്തൽ' ഭീഷണിയും വീട്ടിലില്ലായിരുന്നു. ഒരു കൂട്ടുകുടുംബത്തിൻ്റെ അന്തരീക്ഷമായിരുന്നു വീട്ടിലെന്നതു കൊണ്ട് അച്ഛൻ്റെ അനിയൻ്റെ മകളുടെ വിവാഹം കഴിഞ്ഞതിനു ശേഷം ഗൃഹാന്തരീക്ഷം ഒട്ടും ശാന്തമല്ലായിരുന്നു. എന്നേക്കാൾ ഒന്നര വയസ്സിനിളയതായിരുന്നു അവൾ. മലയാളം പഠിക്കുന്ന ഒരു പെൺകുട്ടിയുടെ വിവാഹമിങ്ങനെ നീട്ടുന്നതിന് പിന്നിലുള്ള ആകാംക്ഷ യ്ക്ക് നാട്ടുകാർക്കും വിവാഹബ്രോക്കർമാർക്കും ബന്ധുക്കൾക്കും കൃത്യമായൊരുത്തരം കൊടുക്കാൻ പറ്റാത്തതിൻ്റെ നിസ്സഹായത വീട്ടിലെല്ലാവർക്കുമുണ്ടായിരുന്നു.. ആ നിസ്സഹായതയാണ് എന്നെ ഈ നിൽപ്പിലെത്തിച്ചത്.'തരുമനുമതി താതൻ' എന്ന വിദൂരപ്രതീക്ഷയിൽ മുന്നോട്ടു നീങ്ങുമ്പോഴാണ് 'പരൻ്റെ മുന്നിൽ പൈങ്കിളിയെപ്പോലുള്ള " നിൽപ്പ്.
" ഇനിയെന്താ ദീപേടെ പരിപാടി?"
ഞാൻ എന്തുത്തരമാണ് നൽകേണ്ടതെന്നറിയാതെ ആ ചെറുപ്പക്കാരനെ നോക്കി.പ്രണയസാക്ഷാത്കാരമല്ലാതെ മറ്റൊരു ജീവിത ലക്ഷ്യവും അന്നില്ലായിരുന്നു. അതിനു വേണ്ടിയാണ് പഠിച്ചത്... ഏകാന്തതയെ മറികടക്കാൻ പുസ്തകങ്ങളല്ലാതെ മറ്റൊരഭയവും അന്നില്ലായിരുന്നു. ആ വായനയാണ് റാങ്കിലേക്കെത്തിച്ചതു പോലും. പ്രേമിച്ചുഴപ്പിപ്പോയിട്ടില്ലെന്ന് എനിക്ക് എന്നെത്തന്നെ നിരന്തരം ബോധ്യപ്പെടുത്തേണ്ടിയിരുന്ന വിചിത്രമായൊരു സദാചാരഭീതി എന്നെ പിടികൂടിയിരുന്നു.
എന്താണ് തുടർപരിപാടി എന്ന ചോദ്യം എന്നെ വിഭ്രമിപ്പിച്ചു.. എന്തു പറയണമെന്ന ആശങ്കയിൽ ഞാനയാളെ നോക്കി..
അയാളൽപ്പം ഇരുണ്ടിട്ടാണ്. ര പടമാണ്... മൗനരാഗം സിനിമയിലെ നായികയെപ്പോലെ, ഇഷ്ടമില്ലാത്ത വിവാഹബന്ധത്തിൽ ഏർപ്പെടേണ്ടി വന്നാൽ പെൺകുട്ടികളെല്ലാം ഊർജ്ജ്വസ്വലതയിൽ നിന്ന് നിരാശയുടെ പടുകുഴിയിലേക്ക് വന്നു വീഴുമെന്നും അവർ സിനിമയിലെ രേവതിയെപ്പോലെ വിഷാദം നിറഞ്ഞ കണ്ണുകളോടെ ലോകത്തിനു നേരെ നിത്യനൈരാശ്യത്തോടെ നോക്കുമെന്നും ഞാൻ ഭയപ്പെട്ടിരുന്നു.
"എൻ്റെ പേരറിയാലോ അല്ലേ?" അയാൾ എൻ്റെ നിശ്ശബ്ദതയിലേക്ക് അടുത്ത ചോദ്യമെറിഞ്ഞു.
ഞാൻ തലയാട്ടി.നേരത്തെ നടന്ന 'പെണ്ണുകാണൽ റാപ്പിഡ് ഫയർ റൗണ്ടി'ൽ ആരോ അയാളുടെ പേരു പറഞ്ഞിരുന്നു. അന്ന് അപൂർവമായൊരു പേരായിരുന്നു അത്. ശ്രദ്ധിക്കാൻ കാരണവും അതാണ്.
"കൊച്ചീലാണ് ഞാൻ ജോലി ചെയ്യണത്.."
ജോലിയെപ്പറ്റി ഒന്നോ രണ്ടോ വാചകങ്ങൾ.
''ദീപയ്ക്ക് ടീച്ചിങ്ങാണോ ഇഷ്ടം?"
എൻ്റെ പേര് ഇടയ്ക്കിടെ അയാൾ ആവർത്തിച്ചിരുന്നു.
ഞാൻ തലയാട്ടി.. പെട്ടെന്നുള്ള ഒരുൾപ്രേരണയിൽ ഞാനയാളോടു പറഞ്ഞു
" എന്നെ ഇഷ്ടായില്ലാന്ന് പറഞ്ഞാ മതി"
"ഏഹ്... ?" അയാൾക്ക് പെട്ടെന്ന് കാര്യം മനസ്സിലായില്ല..
"എന്നെ ഇഷ്ടായില്ലാന്ന് ഒന്ന് പറയോ.. " ഞാൻ ചോദ്യം അപേക്ഷയെന്നോണം ദയനീയമാക്കി..
''അതിന് ശരിക്കും തന്നെയെനിക്ക് ഇഷ്ടായിട്ടില്ലല്ലോ..."
അയാൾ ചിരിച്ചു..
ഞാനാ പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല.
" ആ... അത് പറഞ്ഞാ മതി .."
എനിക്കൽപ്പം ചമ്മൽ തോന്നി.
" തനിക്കെന്നെ ഇഷ്ടായില്ലേ?"
"അതല്ല.. "
"പിന്നെ...?"
" ......
.......
"വേറാരെയെങ്കിലും? " അയാൾ ചോദ്യം മുഴുവനാക്കാതെ നിർത്തി
" ആ... "
" അയാളെന്തു ചെയ്യുന്നു?"
" ഷാർജയില്..."
"കോളേജിലെ പരിചയമാണോ?"
"ആ... "
" ശരി... എങ്കി താൻ എന്നെ ഇഷ്ടായില്ലാന്നങ്ങ് പറഞ്ഞോ .. അപ്പോ കാര്യം സോൾവായല്ലോ.."
ഞാനൊന്നും മിണ്ടാതെ നിന്നു...അതു പറയാനെനിക്ക് മടിയുണ്ടായിട്ടല്ല. പറയാതെ തന്നെ അത് വീട്ടുകാർക്കറിയുകയും ചെയ്യാം.പക്ഷേ ഇക്കാര്യം അവരെങ്ങനെ ഈ വിവാഹാലോചന കൊണ്ടുവന്ന ബന്ധുവിനോട് പറയുമെന്നോർത്തപ്പോൾ എനിക്കമ്മയെയാണ് പാവം തോന്നിയത്. മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരനെ ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യക്ഷത്തിൽ കാരണങ്ങളൊന്നുമില്ല.എൻ്റെ ഏകകാരണം ഞാൻ മറ്റൊരാളെ ഇഷ്ടപ്പെടുന്നു എന്നുള്ളതു മാത്രമാണ്. ആ കാരണം എൻ്റെ വീട്ടുകാർക്ക് മറ്റൊരാളോട് പറയാൻ കഴിയാത്ത വിധം അവർ കുടുംബസദാചാരത്തിൻ്റെ കുരുക്കിലുമാണ്.മധ്യവർഗമലയാളിമലയാളികുടുംബത്തിൻ്റെ സദാചാരമൂല്യങ്ങളിൽ 'പ്രണയ'മെന്ന വാക്ക് പടിക്കു പുറത്താണ് അന്നും.
"ഈ പ്രേമിച്ച ആൾക്കാരെത്തന്നെ കല്യാണം കഴിക്കണന്ന് നിർബന്ധൊന്നൂല്ലാട്ടോ.. രണ്ട് മൂന്ന് പ്രേമം കഴിഞ്ഞ എക്സ്പീരിയൻസിൽ പറയാ. " അയാൾ ചിരിച്ചുകൊണ്ടാണ് അതു പറഞ്ഞത്.
അയാൾ പറഞ്ഞ ആ തമാശ എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല..തുറന്നിട്ട ജാലകങ്ങൾക്കപ്പുറം ശക്തി ക്ഷയിച്ച മഴയും നോക്കി ഞാൻ നിന്നു..
"പേടിക്കണ്ട... ഞാൻ ഡീലെയ്തോളാം..."
അയാൾക്കെന്നോട് സഹതാപം തോന്നിക്കാണണം...
ഞാനൊരു വിളറിയ ചിരി ചിരിച്ചു..
" അപ്പോ ശരി.... ആൾ ദി ബെസ്റ്റ് " അയാൾ എനിക്കു നേരെ കൈ നീട്ടിയപ്പോൾ അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ അമ്പരന്ന് തെല്ലും ആത്മവിശ്വാസമില്ലാതെ ഞാനെൻ്റെ കൈകൾ യാന്ത്രികമായെന്നോണം നീട്ടി.അയാൾ യാത്ര പറയും മട്ടിൽ തലയൊന്നു കുലുക്കി ചിരിച്ചു കൊണ്ട് എൻ്റെ കൈ വിട്ട് തിരിഞ്ഞു നടന്നു.
ആരെയും അലോസരപ്പെടുത്താതെ ആ വിവാഹാലോചന ഒഴിവാക്കാൻ അയാൾ എന്തു കാരണമായിരിക്കും പറഞ്ഞിട്ടുണ്ടാവുക എന്ന് പിന്നീടോർത്തിട്ടുണ്ട്.. ആരും എന്നോടത് പറഞ്ഞില്ല. ഞാൻ ചോദിച്ചുമില്ല.
വർഷങ്ങൾക്കു ശേഷം അടുത്തിടെ ഒരു പ്രോഗ്രാമിൽ വെച്ച് ഒരാളെൻ്റെ അടുത്തേക്കു വന്നു..അയാളോടൊപ്പം എൻ്റെ മകൻ്റെ പ്രായമുള്ള ഒരു പെൺകുട്ടിയുണ്ട്...
" മനസ്സിലായോ?" എന്ന ആദ്യചോദ്യം സത്യത്തിലെന്നെ കുഴപ്പിച്ചു.കൂടെപ്പഠിച്ചതാണോ അതോ മറ്റു പരിചയമാണോ എന്നോർത്തെടുക്കാൻ പെട്ടെന്നെ
നിക്കു കഴിഞ്ഞില്ല.. കൂടെയുള്ള പെൺകുട്ടി എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽപ്പാണ്..
അയാളുടെ മുഖം എവിടെയോ കണ്ടു മറന്നതാണെന്ന് എനിക്കു തോന്നി... " മനസ്സിലായില്ല " എന്ന വാക്ക് പറയാൻ പറ്റാത്ത വിധം ഓർമ്മയിൽ ആ മുഖം അവ്യക്തമായി കയറി വന്നു...
അധികം എന്നെ ആശങ്കയിലാഴ്ത്താതെ അയാൾ തന്നെ പേരു പറഞ്ഞു.
" ഞാൻ പണ്ട് വീട്ടിൽ വന്നിരുന്നു... " എന്ന് പറഞ്ഞപ്പോഴേക്കും എനിക്കാളെ മനസ്സിലായി..
അൽപ്പം ഇരുണ്ട നിറമുള്ള മൗനരാഗത്തിലെ കാർത്തിക്കിൻ്റെ ഛായയുള്ള ചെറുപ്പക്കാരൻ്റെ മുന്നിൽ വേവലാതിയോടെ മുഖം കുനിച്ച് നിൽക്കുന്ന പഴയ പെൺകുട്ടിയെ ഓർത്തപ്പോൾ എനിക്കു പാവം തോന്നി.. ഇപ്പോഴോർക്കുമ്പോൾ അനായാസേന കടന്നു പോരേണ്ടത്രയും ലളിതമായ ജീവിതഘട്ടങ്ങളെ മറികടക്കാൻ ആ പെൺകുട്ടി അന്നനുഭവിച്ച ആത്മസംഘർഷങ്ങളെപ്പറ്റിയോർത്തു... 9 വർഷക്കാലം കാലു വെന്ത നായെപ്പോലെ പ്രണയഭാരവും പേറി അവൾ നടന്നു തീർത്ത ദൂരങ്ങളോർത്തു....
പ്രേമം പിടിക്കപ്പെട്ടപ്പോൾ വീട്ടിലനുഭവിച്ച ഒറ്റപ്പെടൽ...
ചുറ്റിലും മൗനം കനത്തു പെയ്യുമ്പോൾ ശ്വാസം മുട്ടിപ്പിടഞ്ഞ പെൺകുട്ടി....
മൗനത്തിനും അവഗണനയ്ക്കുമാണ് ചെകിട്ടത്തടിയേക്കാൾ പ്രഹരശേഷിയെന്ന് തിരിച്ചറിഞ്ഞ നാളുകൾ...
കുടുംബത്തിൻ്റെ സൽപ്പേര്, മറ്റ് പെൺകുട്ടികളുടെ ഭാവി... എല്ലാം ഡമോക്ലസിൻ്റെ വാൾപോലെ അവളുടെ മുകളിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു..
ആ കാലത്തെയാണ് മുന്നിൽ നിൽക്കുന്ന മനുഷ്യൻ വലിച്ചു പുറത്തേക്കിട്ടത്...
"ഓർമ്മയുണ്ട്... " ഞാൻ ചിരിച്ചു കൊണ്ട് കൈ നീട്ടി..
" ആ...മറന്നു കാണുമെന്നാണ് ഞാൻ കരുതിയത്.." അയാൾ ആശ്വാസത്തിൽ ചിരിച്ചു.അടുത്തു നിൽക്കുന്ന പെൺകുട്ടിയെ തന്നോട് ചേർത്തു നിർത്തിക്കൊണ്ട് എനിക്കു പരിചയപ്പെടുത്തി...
" മോളാണ്.. ഇവൾടെ വയലിൻ ക്ലാസ്സ് ഇവിടാണ്...എടുക്കാൻ വന്നപ്പോഴാണ് ബാനറ് കണ്ടത്.. അപ്പോ തന്നെയൊന്ന് കണ്ടിട്ടു പോവാന്ന് കരുതി..."
അയാൾ ചിരിച്ചു.. ഞാനയാളുടെ ചിരിയിൽ മൗനരാഗത്തിലെ കാർത്തിക്കിനെ അപ്പോഴും തിരഞ്ഞു..
" വന്നതു നന്നായി..കാണാൻ കഴിഞ്ഞല്ലോ.. "
ഇത്ര വർഷങ്ങൾക്കിടയിൽ അയാളെ എപ്പോഴെങ്കിലും കാണാനാഗ്രഹിച്ചിരുന്നോ? എന്ന ചോദ്യം സ്വയം ചോദിച്ചു കൊണ്ടാണ് ഞാനങ്ങനെ പറഞ്ഞത്.
കാണാനൊന്നും ആഗ്രഹിച്ചു കാണില്ല... പക്ഷേ അയാളെപ്പറ്റി ഓർത്തിരുന്നു.. പലപ്പോഴും പലരോടും അയാളെപ്പറ്റി പറഞ്ഞിരുന്നു.. 'പെണ്ണുകാണൽ ' എന്ന കൗതുകകരമായ ചടങ്ങിൻ്റെ അനുഭവസമ്പത്തില്ലാത്ത എനിക്ക് അതേപ്പറ്റിയുള്ള ചർച്ചകളിൽ ഓർക്കാൻ അയാളേ ഉണ്ടായിരുന്നുള്ളു...മനോഹരമായൊരു കൂടിക്കാഴ്ചയായിരുന്നു അതെന്ന് പിന്നീട് പലപ്പോഴും തോന്നിയിട്ടുണ്ട്..
നാലോ അഞ്ചോ മിനിറ്റ് നേരത്തെ സംഭാഷണത്തിനു ശേഷം യാത്ര പറഞ്ഞ് അവർ മടങ്ങി... നല്ല ഉയരമുള്ള മെലിഞ്ഞ ആ പെൺകുട്ടി അയാളുടെ തോളിൽ കൈ വെച്ചിരുന്നു. നല്ല ഭംഗിയുണ്ട് ആ കാഴ്ചക്കെന്നു തോന്നി..
ഇരുപതു വർഷങ്ങൾക്കു മുമ്പുള്ള സംഘർഷഭരിതമായൊരു ദിനത്തെയും നാടുകടത്തപ്പെട്ട എത്രയോ ഓർമ്മകളേയും വീണ്ടെടുത്തു തന്നതിന് അയാളോടു നന്ദി തോന്നി..