കുട്ടനാട്ടിൽ കൃഷി കഴിഞ്ഞ് വെള്ളം കയറ്റിയ പാടശേഖരത്തിലും ടൂറിസം സാധ്യതകൾ ഉണ്ടെന്ന് തെളിയിക്കുകയാണ് വനിതകൾ. പിന്തുണയും പ്രോൽസാഹനവുമായി വെളിയനാട് ബ്ലോക്ക് പഞ്ചായത്തും ജനപ്രതിനിധികളും കൂടെ നിന്നപ്പോൾ പാടശേഖരം ടൂറിസം കേന്ദ്രമായി. പാടശേഖരത്തിൽ കൃഷി തുടങ്ങുമ്പോൾ തൊട്ടടുത്ത നാട്ടുതോട്ടിലേക്ക് ബോട്ടുകൾ മാറ്റും.
കൃഷി കഴിഞ്ഞ് വെള്ളം കയറ്റിയിട്ടിരിക്കുന്ന പാടശേഖരമാണ്. ഇവിടെയെത്തുന്നവർ ആദ്യം ഒന്ന് അതിശയിക്കും. കുട്ടവഞ്ചിയും സ്വാൻ ബോട്ടും കയാക്കിങ്ങ് ബോട്ടുകളുമെല്ലാം ഇവിടെ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. കിടങ്ങറ- നീരേറ്റുപുറം റോഡിൽ മുട്ടാർ കുമരംചിറ പള്ളിക്ക് സമീപത്തുള്ള പാടശേഖരമാണ് ഗ്രീൻലാൻഡ് വാട്ടർ ഹബി എന്ന പേരിൽ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവമെന്നാണ് ഇവിടെ എത്തിയവർ സാക്ഷ്യപ്പെടുത്തുന്നത്. കുട്ടനാടിന്‍റെ പ്രകൃതി സൗന്ദര്യം കാണാനെത്തുന്ന സഞ്ചാരികൾക്ക് പുതിയ അനുഭവം പകരുന്നതാകും പാടശേഖരത്തിലെ ഈ സങ്കേതം.