അള്‍ജീരിയന്‍ ബോക്സര്‍ ഇമാന്‍ ഖലീഫ് ജൈവശാസ്ത്രപരമായി പുരുഷനാണെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് ഇമാന്‍ സ്ത്രീയല്ലെന്നും പുരുഷനാണെന്നും വ്യക്തമാക്കുന്നത്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകനായ ജാഫര്‍ അയ്റ്റ് അഡായയാണ് റിപ്പോര്‍ട്ട് സഹിതം വാര്‍ത്ത പുറത്തുവിട്ടത്. 2023 ജൂണിലാണ് ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതെന്നും ജാഫര്‍ പറയുന്നു. ഇമാന്‍ ജനിച്ചത് വൃഷണങ്ങളോട് കൂടിയാണെന്നും ജനിച്ചപ്പോള്‍ തന്നെ തീരെ ചെറിയ ലിംഗം ഉണ്ടായിരുന്നുവെന്നും ശരീരത്തില്‍ ഗര്‍ഭപാത്രമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇമാന്‍റെ അടിവയറിലാണ് വൃഷണങ്ങള്‍ ഉള്ളതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
5 ആല്‍ഫ ഡെഫിഷ്യന്‍സിയെന്ന അപൂര്‍വ അവസ്ഥ ഇമാനുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുരുഷന്‍മാരില്‍ കണ്ടുവരുന്ന ജനിതക രോഗമാണ് 5 ആല്‍ഫ ഡെഫിഷ്യന്‍സി. ഈ ശാരീരികാവസ്ഥയുള്ള ആണ്‍കുട്ടികളില്‍ ലൈംഗിക അവയവങ്ങളുടെ വളര്‍ച്ചയും തടസപ്പെടും. ലൈംഗികാവയവങ്ങളുടെ വികാസം പൂര്‍ണതോതില്‍ സംഭവിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് ആണ്‍കുട്ടികളെ പെണ്‍കുട്ടികളെന്ന് തെറ്റായി കരുതാനിടയുണ്ട്. ഇമാന്‍റെ മാതാപിതാക്കള്‍ രക്തബന്ധത്തിലുള്ളവരാകാമെന്നും അതാവാം ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ശസ്ത്രക്രിയ വഴി ഇത് പരിഹരിക്കാമെന്നും ഹോര്‍മോണ്‍ തെറപ്പി ചെയ്യാമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ഇമാന്‍ പുരുഷനാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ഒളിംപിക് സ്വര്‍ണം തിരികെ വാങ്ങണമെന്ന മുറവിളി ശക്തമായി. വനിതകളുടെ 66 കിലോയിലാണ് പാരിസ് ഒളിംപിക്സില്‍ ഇമാന്‍ സ്വര്‍ണം നേടിയത്. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്‍റേറ്റുമായ ഹര്‍ഭജന്‍ സിങ് ഉള്‍പ്പടെ ഈ ആരോപണം ഉന്നയിച്ച് രംഗത്തെത്തി. സമൂഹമാധ്യമമായ എക്സിലാണ് ഹര്‍ഭജന്‍റെ രോഷക്കുറിപ്പ്. 'ഇത് അനീതി'യാണെന്നും ഇമാന്‍റെ സ്വര്‍ണം തിരികെ വാങ്ങണമെന്നുമാണ് ഒളിംപിക്സ് സമിതിയെ ടാഗ് ചെയ്ത് താരം കുറിച്ചത്.
ഒളിംപിക്സില്‍ ഇമാന്‍ യോഗ്യത നേടിയപ്പോഴും ഇമാന്‍ പുരുഷനാണെന്ന ആരോപണം എതിര്‍താരങ്ങള്‍ ഉയര്‍ത്തിയിരുന്നു. ചിലര്‍ ഇമാന്‍ ട്രാന്‍സ്ജെന്‍ഡറാണ് വാദിച്ചു. ലിംഗനിര്‍ണയ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2023 ലെ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇമാനെ അയോഗ്യനാക്കിയിരുന്നു.
ഇറ്റാലിയന്‍ താരം ആന്‍ജല കരീനി ഇമാനുമായുള്ള ബോക്സിങ് മല്‍സരത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് വിവാദം വീണ്ടും ചൂടുപിടിച്ചത്. കളിയാരംഭിച്ച് 46-ാം സെക്കന്‍ഡില്‍ ഇമാന്റെ ഒരു കനത്ത പഞ്ച് ആന്‍ജലയുടെ മുക്കില്‍ പതിച്ചിരുന്നു. പിന്നാലെയാണ് കളി തുടരാന്‍ താതപര്യമില്ലെന്ന് അറിയിച്ച് ആന്‍ജല പിന്മാറിയത്. പരിശീലകനുമായി ഏതാനും നിമിഷം സംസാരിച്ച ശേഷമായിരുന്നു താരത്തിന്റെ പിന്മാറ്റം. പിന്മാറിയശേഷം റഫറിയുടെ കൈ തട്ടിമാറ്റിയ ആന്‍ജല ഇമാന് ഹസ്തദാനം നല്‍കാനും വിസമ്മതിച്ചു. റിങില്‍ മുട്ടുകുത്തിയിരുന്ന് കരഞ്ഞതിന് ശേഷമാണ് ആന്‍ജല വേദി വിട്ടത്. ഇത്ര കനത്ത പ്രഹരം തനിക്കിതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്നായിരുന്നു ആന്‍ജല അന്ന് പറഞ്ഞത്. ഇതിന് പിന്നാലെ ഇലോണ്‍ മസ്കും എഴുത്തുകാരി ജെ. കെ റൗളിങുമടക്കമുള്ളവര്‍ ഇമാന്‍ പുരുഷനാണെന്ന് സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.