വായനാദിനത്തില്‍ പുസ്തക തുലാസ് ഒരുക്കി ഒരു സ്കൂള്‍. കുട്ടികള്‍ കൊണ്ടുവരുന്ന പഴയ പുസ്തകങ്ങളുടെ തൂക്കത്തില്‍ പുതിയ പുസ്തകങ്ങള്‍ നല്‍കുന്നതായിരുന്നു പരിപാടി.
റാന്നി എണ്ണൂറാംവയല്‍ സി.എം.എസ്.എല്‍.പി. സ്കൂളിലാണ് പുസ്തക തുലാസ് ഒരുങ്ങിയത്. കുട്ടികള്‍ തങ്ങളുടെ പഴയ നോട്ട് ബുക്കുകളും പുസ്തകങ്ങളും നല്‌കുമ്പോള്‍ തൂക്കി നോക്കി തുല്യ തൂക്കത്തില്‍ പുതിയ പുസ്തകങ്ങള്‍ നല്‍കും. കുട്ടികളും ആവേശത്തോടെ പരിപാടിയില്‍ പങ്കെടുത്തു. ബാലരമയും കളിക്കുടുക്കയും മറ്റ് ബാലസാഹിത്യ പുസ്തകങ്ങളുമാണ് നല്‍കിയത്. ഇരുപത് കിലോ വരെ പഴയ പുസ്തകം കൊണ്ടുവന്ന് പുതിയ പുസ്തകം നേടിയവരുണ്ട്.
അഞ്ഞൂറ് കിലോയിലധികം പഴയ പുസ്തകങ്ങള്‍ സ്കൂളിലെത്തി. പുതിയ പുസ്തകങ്ങള്‍ നല്‍കിയതിലൂടെ വായനയിലേക്ക് കൂടുതല്‍ കുട്ടികള്‍ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. മലയാള മനോരമ നല്ലപാഠം പദ്ധതിയുമായി സഹകരിച്ചായിരുന്നു പുസ്തക വിതരണം.