TOPICS COVERED

ഇന്ന്  ലോക സംഗീതദിനമാണ്. സംഗീതംകൊണ്ട് മനസുകളെ കൂട്ടിയിണക്കുന്ന ഒരു അധ്യാപികയെയാണ് ഇനി നമ്മള്‍ പരിചയപ്പെടുന്നത്. സംഗീതം പഠിക്കണമെന്ന മോഹവുമായി ഒരു കൂട്ടം ആളുകള്‍ ചെന്നുകയറിയത് കോഴിക്കോട് പുതിയറയിലുള്ള ഷീബ ടീച്ചറുടെ വീട്ടിലാണ്. 60 മുതല്‍ 90 വയസ് വരെയുള്ള 130 പേരാണ് ഷീബയുടെ പാട്ടുകേന്ദ്രത്തില്‍ പഠിക്കാന്‍ എത്തുന്നത്. സൗജന്യമായുള്ള ഈ സംഗീത പഠനം തുടങ്ങിയിട്ട് പത്തുവര്‍ഷത്തിലധികമായി. 

മറ്റുള്ളവരുടെ ജീവിതത്തിലെ  ഒരു സ്വപ്നം സാക്ഷാത്കരിച്ച് നല്‍കുന്നതിലെ ചാരിതാര്‍ഥ്യം ഷീബ ടീച്ചര്‍ക്ക്. മറുവശത്ത് ഒരു സ്വപ്നം സഫലമാകുന്നതിന്റ സന്തോഷം.പത്തുപേരുമായി തുടങ്ങിയ ഈ സംഗീത ക്ലാസ്  വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റുജില്ലകളില്‍ നിന്നുള്ളവര്‍ തേടിയെത്തുന്നു

ആഴ്ചയില്‍ ഒരു ദിവസമാണ് ക്ലാസ്. ഒരു മണിക്കൂറുള്ള ക്ലാസ് മുടങ്ങിയാല്‍ പിന്നെ പരിഭവവും സങ്കടംപറച്ചിലുമാണ്. കാരണം മറ്റൊന്നുമല്ല സംഗീതത്തിനൊപ്പം വളര്‍ന്ന സൗഹൃദങ്ങളാണ്. കോവിഡ് കാലത്ത് ഓണ്‍ലൈനായും ക്ലാസുകള്‍ നടത്തിയിരുന്നു. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ ഷീബയുടെ ശിഷ്യരാണ്. മക്കളും കൊച്ചുമക്കളുമാണ് പലരെയും ക്ലാസിലെത്തിക്കുന്നത്.