നാളെ ചരിത്രമാവുന്ന പത്രങ്ങള്‍ എവിടെക്കണ്ടാലും സ്വന്തമാക്കുന്ന ആളാണ് പത്തനംതിട്ട വടശേരിക്കര സ്വദേശി ജോര്‍ജ് കുട്ടി. ടൈറ്റാനിക് മുങ്ങിയതും, ഐന്‍സ്റ്റീന്‍റെ മരണവും അടക്കം സകല ചരിത്രസംഭവങ്ങളുടേയും വാര്‍ത്തകളുള്ള പത്രങ്ങള്‍ ഈ ശേഖരത്തിലുണ്ട്. ബിജെപിയുടെ പഞ്ചായത്തംഗം കൂടിയായ ജോര്‍ജ് കുട്ടിയുടെ വീട് നിറയെ പത്രശേഖരമാണ്.

മനുഷ്യന്‍റെ ആദ്യ ചന്ദ്രയാത്ര, ഗാന്ധിജിയുടെ സമരങ്ങള്‍, സ്വാതന്ത്യപ്രഖ്യാപനം , ലോകനേതാക്കളുടെ അടക്കം മരണ വാര്‍ത്തകള്‍ അങ്ങനെ വാര്‍ത്തയുള്ള പത്രങ്ങള്‍ ശേഖരത്തിലുണ്ട്. നാല്‍പത് വര്‍ഷംമുമ്പാണ് പത്രങ്ങളും മാസികകളും ശേഖരിക്കുന്ന ശീലം തുടങ്ങിയത്. ഇതൊക്കെ നാളെ ചരിത്രമാകുമെന്ന തോന്നലാണ് ശേഖരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

പഴയ പത്രങ്ങളും, മാസികകളും പലയിടത്തുനിന്നും തേടിപ്പിടിച്ചു. ആക്രിക്കടകളില്‍ നിന്നടക്കം വന്‍തുക കൊടുത്തു വരെ പത്രങ്ങള്‍ ശേഖരിക്കുന്നുണ്ട്. സിനിമാപ്പരസ്യങ്ങള്‍ അടക്കം പണ്ടത്തെ പലതരം പരസ്യങ്ങളെക്കുറിച്ചും വാര്‍ത്തകളെക്കുറിച്ചും പഠനം നടത്തുന്നവര്‍, വീട്ടില്‍ ഫ്രെയിംചെയ്ത് സൂക്ഷിക്കാനാഗ്രഹിക്കുന്നവര്‍, അങ്ങനെ പലരും ജോര്‍ജ്കുട്ടിയെത്തേടി  വരാറുണ്ട്. കോളജുകളിലടക്കം പത്രപ്രദര്‍ശനങ്ങളും നടത്താറുണ്ട്. പുരാവസ്തുക്കളുടെ വലിയ ശേഖരവും ജോര്‍ജുകുട്ടിയുടെ വീട്ടില്‍ക്കാണാം.

ENGLISH SUMMARY:

Georgekutty Collects Newspapers That Will Make History Tomorrow from Wherever He Finds Them