മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി എട്ടു വര്‍ഷം മുമ്പ് ചെയ്ത ഡോക്യുമെന്‍ററി പിന്‍വലിച്ചതായി സംവിധായകന്‍ കെ.ആര്‍.സുഭാഷ്. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഗുണങ്ങള്‍ നഷ്ടപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണ് യൂട്യൂബില്‍ നിന്ന് ഡോക്യുമെന്‍ററി നീക്കം ചെയ്തത്. 

എസ്.എഫ്.ഐയുടെ മുന്‍ നേതാവും ഡോക്യുമെന്‍ററി സംവിധായകനുമാണ് തൃശൂര്‍ ചേറൂര്‍ സ്വദേശിയായ കെ.ആര്‍.സുഭാഷ്. യുവതയോട്, 'അറിയണം പിണറായിയെ' എന്നതായിരുന്നു ഡോക്യുമെന്‍ററി. 2016ലാണ് പുറത്തിറക്കിയത്. ഈ ഡോക്യുമെന്‍ററിയാണ് യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചത്.

 ഇടതുപക്ഷ കൂട്ടായ്മയായിരുന്നു ഇതു പുറത്തിറക്കിയത്. കൊച്ചിയിലായിരുന്നു പ്രകാശനം. എം.കെ.സാനുമാസ്റ്ററായിരുന്നു അന്ന് പ്രകാശനം നിര്‍വഹിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇടതുസഹയാത്രികര്‍ക്കിടയില്‍ ഏറെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. പിണറായിയുടെ ജീവിതത്തെക്കുറിച്ച് അറിയാവുന്ന പന്ത്രണ്ടു പേരുടെ അഭിപ്രായമായിരുന്നു അവതരിപ്പിച്ചത്. ഒട്ടേറെ പേര്‍ക്കു പെന്‍ഡ്രൈവിലൂടെ ഈ ഡോക്യുമെന്‍ററി വിതരണം ചെയ്തിരുന്നു. ഏറെ പേര്‍ കണ്ട ഉള്ളടക്കം പിന്‍വലിക്കുന്നത് പ്രതിഷേധ സൂചകമായാണെന്ന് സംവിധായകന്‍ പറഞ്ഞു. തൃശൂരില്‍ നിന്ന് നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന എക്സ്പ്രസ് പത്രത്തിലെ പ്രൂഫ് റീഡറായിരുന്നു സുഭാഷ്. 

ENGLISH SUMMARY:

The documentary praising Pinarayi Vijayan was removed