TOPICS COVERED

എഴുത്തും വായനയും മരുന്നാക്കിയ ഒരാളുണ്ട്. കോഴിക്കോട് പുറക്കാട്ടിരിയിലെ യു.വി ശ്രീജയന്‍. രണ്ട് വൃക്കകളും നഷ്ടപ്പെട്ട് ഡയാലിസിസിലൂടെ ജീവന്‍ നിലനിര്‍ത്തുന്ന ശ്രീജയന്‍ ഒരു കവിത സമാഹാരമിറക്കി. അച്ഛന്‍റെ മണമുള്ള കുട. കാഴ്ച പതിയെ മങ്ങി തുടങ്ങിയിട്ടും ശ്രീജയന്‍ അക്ഷരങ്ങളെ മാറ്റി നിര്‍ത്തിയില്ല. മാറ്റി നിര്‍ത്തിയില്ലെന്നല്ല, കൂടുതല്‍ ചേര്‍ത്തുപിടിച്ചു. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ വായിച്ചു, എഴുതി. ഒടുവില്‍ ആഗ്രഹിച്ച പോലെ ഒരു കവിതയും പുറത്തിറക്കി. അച്ഛന്റ മണമുള്ള കുട. 

ആറു വര്‍ഷം മുന്‍പുണ്ടായ ഹൃദയാഘാതം, പിന്നാലെ രണ്ട് വൃക്കകളും തകരാറിലായി. കടന്നു പോയ ജീവിതാനുഭവങ്ങള്‍ മാത്രം മതി ശ്രീജയന് കവിത തീര്‍ക്കാന്‍. 43 കവിതകള്‍ അടങ്ങുന്നതാണ് സമാഹാരം. ‌ഭാര്യ ബിന്ദുവും, മകള്‍ ശ്രീ നന്ദയുമാണ് ശ്രീജയന്റ കരുത്ത്. പ്രകാശനത്തിന് നാട്ടുകാരെല്ലാം ഒത്തുകൂടി. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ശ്രീജയന്‍ ഡയാലിസിസ് തുടങ്ങിയതോടെ പണിക്ക് പോകുന്നില്ല. മറ്റുള്ളവരുടെ സഹായത്താലാണ് മുന്നോട്ടുപോക്ക്.