കേരള പൊലീസ് ഒന്ന് തുനിഞ്ഞിറങ്ങിയാല്‍ ഏത് കൊടികുത്തിയ കള്ളനെയും പുഷ്പം പോലെ തൂക്കാം,  അത്തരത്തില്‍ പിടിവീഴില്ലെന്നുറപ്പിച്ച്  വീട്ടമ്മയുടെ മാലപൊട്ടിച്ച കള്ളനെ പൊക്കിയ മിടുക്കരായ മൂന്ന്  പൊലീസ് കാരുണ്ട് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍.  സിനിമയെ വെല്ലുന്നതാണ് അവരുടെ അന്വേഷണയാത്ര

15 ആം തിയതി ഉച്ചതിരിഞ്ഞ് ഒരു മൂന്ന് മൂന്നരയായപ്പോഴാണ് അറുപത്തിയഞ്ചുകാരി സരോജിനിയമ്മ കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് ഒരു പരാതിയുമായി എത്തിയത്. പടന്നക്കാട് ആയുർവേദ ആശുപത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്ന അവരുടെ  പിന്നലെ ബൈക്കിലെത്തിയയാള്‍ കഴുത്തില്‍കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നെന്നായിരുന്നു ആ പരാതി. ഒരായുഷ്കാലം മുഴുവന്‍  അധ്വാനിച്ച് ഉണ്ടാക്കിയ മൂന്നര പവൻ തൂക്കം വരുന്ന സ്വര്‍ണമാണ് മുഖംമറച്ച് ബൈക്കിലെത്തിയയാള്‍ കവര്‍ന്നത്. കള്ളനെ പിടിക്കണം സാറേ എന്ന സരോജനിയമ്മയുടെ തേങ്ങല്‍  പൊലീസുകാര്‍ നറമനസോടെ അങ്ങേറ്റെത്തു.

കറുത്തമഴക്കോട്ട് ധരിച്ചെത്തിയയാള്‍  മാലപൊട്ടിച്ച് ബൈക്കില്‍ കടന്നെന്നു മാത്രമാണ് ആകെയുള്ള വിവരം. എന്തായാലും ഹോസ്ദുര്‍ഗ് എസ്എച്ചഒ എപി ആസാദ് ബെല്‍റ്റ് മുറുക്കി അങ്ങിറങ്ങി . സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷൈജു വെള്ളൂർ, അജിത്ത് കക്കറ, അനീഷ് നാപ്പച്ചാൽ എന്നിവരെയും കൂടെക്കൂട്ടി.

പ്രതി മാലപൊട്ടിച്ച സ്ഥലത്തെ സിസിടിവികള്‍ ആദ്യം നോക്കി.  ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലെല്ലാം പ്രതി ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍  തിരിച്ചറിയാനായില്ല. പക്ഷേ ബൈക്കിന്റെ നമ്പര്‍ കിട്ടി‌. ആ ആശ്വാസം പക്ഷേ അധികം നീണ്ടില്ല.  നമ്പര്‍ വ്യാജമെന്ന് ഞൊടിയിടയ്ക്കുള്ളില്‍ തെളിഞ്ഞു.

അതോടെ വാശിയായി , പഠിച്ച കള്ളനെ പിടിച്ചിട്ട് തന്നെ കാര്യം. മോഷണം നടന്ന ഭാഗത്ത് നിന്ന് വാഹനം പോകാനിടയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പരിശോധിച്ചു. കറുത്തകോട്ട് ധരിച്ച പ്രതിപോയ വഴിയെ പൊലീസ് ഒന്നും രണ്ടുമല്ല  43കിലോമീറ്റര്‍ താണ്ടി. എന്തെങ്കിലുമൊരു തുമ്പുതടയുമെന്ന പ്രതീക്ഷയില്‍. പക്ഷേ നൂറ്റി അമ്പതിലേറെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും  ഒന്നിലും പ്രതിയുടെ മുഖംമാത്രം പതിഞ്ഞിരുന്നില്ല.

നില്‍ക്കണോ തിരിച്ചുപോകണോ എന്ന അവസ്ഥ . ദേശീയ പാതയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ തുടര്‍ന്നങ്ങോട്ട് സിസിടിവി ക്യാമറകളുമില്ല.  പ്രതി എങ്ങോട്ട് പോയെന്ന് മനസിലാക്കാനാകാത്ത സ്ഥിതി. ഗതിമുട്ടിയപ്പോള്‍  പൊലീസ് ബുദ്ധി ഉണര്‍ന്നു.  കള്ളന്‍ പോയ റൂട്ടില്‍ ആ സമയത്ത്  കടന്നുപോയ ബസുകളിലെ ക്യാമറദൃശ്യങ്ങള്‍ പരിശോധിക്കാനായി പിന്നീടുള്ള ശ്രമം. മുമ്പ്  ഒരു സിസിടിവി പരിശോധിച്ചപ്പോള്‍ കള്ളന്‍ സഞ്ചരിച്ച ബൈക്ക് ഒരു ബസിനെ മറികടന്ന് പോയത്  ശ്രദ്ധയില്‍പ്പെട്ടിരുന്നു.  ഈ ബസ് തേടിപിടിച്ച് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ  അന്വേഷിച്ചിറങ്ങിയവരുടെ ചുണ്ടില്‍ ചിരിവിരിഞ്ഞു . പ്രതിയുടെ വ്യക്തതയുള്ള ദൃശ്യം കണ്‍മുന്നില്‍.

പ്രതിയുടെ സഞ്ചാര പാത തിരിച്ചറിഞ്ഞ പൊലീസ് അയാളെ തേടി ബദിയഡുക്കയിലെത്തി, അവിടെയും സിസിടിവി തന്നെയായിരുന്നു ആശ്രയം. ഹെല്‍മറ്റും മഴക്കോട്ടുമൂരി പ്രതി ബദിയഡുക്കയില്‍ കടയില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യം കൂടി കിട്ടിയതോടെ അന്വേഷണത്തിന് വഴിത്തിരിവായി. പൊലീസ് സാന്നിധ്യത്തില്‍ നാട്ടുകാര്‍ ആളെ തിരിച്ചറഞ്ഞു . കള്ളന്‍ നെല്ലിക്കട്ട ചെന്നടുക്കയിലെ സിഎം ഇബ്രാഹിം ഖലീല്‍ എന്ന നല്‍പത്തിമുന്നുകാരന്‍. മുംബൈയിൽ കള്ളനോട്ട് കേസുമായി അറസ്റ്റിലായ പ്രതി എട്ട് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്, കടബാധ്യത തീർക്കാൻ മറ്റ് മാര്‍‌ഗമില്ലാതെ വന്നപ്പോള്‍ മോഷണത്തിനിറങ്ങിയെന്ന് പ്രതിയുടെ ഏറ്റുപറച്ചില്‍.

പഴുതുകളില്ലാത്ത അന്വേഷണയാത്രയില്‍  പരിശോധിച്ചത് 200ലേറെ സിസിടിവികള്‍.  ഒരായുഷ്കാലം മുഴുവന്‍ കൂലിപ്പണിയെടുത്ത് സമ്പാദിച്ച സ്വർണമാല ആ അമ്മയില്‍ നിന്ന് തട്ടിയെടുത്ത കള്ളനെ പിടിച്ച കേരള പൊലീസിന് അഭിമാനിക്കാം. ഒപ്പം മാല തിരിച്ച് കിട്ടിയ സന്തോഷത്തില്‍ സരോജിനി അമ്മയും.

ENGLISH SUMMARY:

Kerala police caught the thief who broke the necklace