aluva-pocso-case

ആലുവയില്‍ അമ്മൂമ്മയുടെ ഒത്താശയില്‍ പിതാവും സുഹൃത്തുക്കളും പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. വീട്ടില്‍ നടന്ന പൂജയ്ക്കിടെ നടന്ന പീഡനത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ യുവതിയും മധ്യവയസ്കരായ മൂന്ന് പുരുഷന്‍മാരും പങ്കാളികളെന്ന് ബാലികയുടെ മൊഴി. കുട്ടിയുടെ അമ്മയില്ലാത്ത സമയത്തായിരുന്നു വീട്ടില്‍ അമ്മൂമ്മയുടെയും പിതാവിന്‍റെയും നേതൃത്വത്തില്‍ പൂജയും ലൈംഗികവൈകൃതങ്ങളുമെന്നാണ് മൊഴി.

'അവളുടെ അച്ഛനാണ് പ്രതി. അയാളാണ് എല്ലാം ചെയ്തത്. എന്‍റെ അമ്മയും സുഹൃത്തും പ്രതികളാണ്. സുഹൃത്തുമായി ഭര്‍ത്താവിന് ബന്ധമുണ്ടായിരുന്നു അതിന്‍റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ലായിരുന്നു. ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു.  അവളാണ് കുട്ടിയെ കട്ടിലില്‍ കിടത്തി വാ പൊത്തി പിടിച്ചത്. നാലാം പ്രതിയായ ആദം ആണ് പൂജ ചെയ്തത്. മറ്റ് രണ്ട് പ്രതികളില്‍ ഒരാളുടെ പേര് അറിയാം. ഒരാളെ കണ്ടാലേ അറിയു. ഒരു മരുന്ന് കച്ചവടക്കാരന്‍ ആണ്. ഇവരൊക്കെ കുട്ടിയുടെ ശരീരത്തിന്‍റെ മുകള്‍ഭാഗത്ത് കൈ വച്ചു. അച്ഛനാണ് പീഡിപ്പിച്ചത്. എന്‍റെ കുഞ്ഞും ഞാനും സേഫ് അല്ല'; അതിജീവിതയുടെ അമ്മയുടെ വാക്കുകള്‍.

'പോക്സോ ബോധവല്‍ക്കരണ ക്ലാസിന് ശേഷമാണ് കുട്ടി ഇതിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ സംസാരിച്ചതിന് ശേഷം സി.ഐ എന്നോട് ചോദിച്ചു, ഇത്രയും കെയറിങ്ങുള്ള അച്ഛന്‍ ഇങ്ങനെ ചെയ്യുമോ, കുട്ടിക്ക് എന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ എന്നൊക്കെ. യൂണിഫോമിലായിരുന്നു സിഐ. എന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ എന്നൊക്കെയാണ് ചോദിച്ചത്': അതിജീവിതയുടെ അമ്മ.

 

പോക്സോ വകുപ്പുകളടക്കം ചുമത്തി പൊലീസ് കേസെടുത്തെങ്കിലും പരാതി വ്യാജമെന്ന നിലപാടിലാണ് ബിനാനിപുരം സിഐ. മകള്‍ക്ക് മാനസികപ്രശ്നങ്ങളാണെന്ന് പറഞ്ഞ് സിഐ അധിക്ഷേപിച്ചതായും കുട്ടിയുടെ അമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. മൊഴിപ്രകാരം സമാനതകളില്ലാത്ത ക്രൂരതയ്ക്കാണ് പതിമൂന്നുകാരി ഇരയായത്. സ്കൂളില്‍ പോക്സോ ബോധവത്കരണ ക്ലാസിന് പിന്നാലെയാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. കുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മജിസ്ട്രേറ്റ് രഹസ്യമൊഴിയും രേഖപ്പെടുത്തി. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ബാലികയെ സംശയനിഴലില്‍ നിത്തുന്നു ബിനാനിപുരം സിഐ.  

പോകാന്‍ മറ്റൊരിടമില്ലാതായതോടെ സുഹൃത്തിന്‍റെ വീട്ടിലാണ് അമ്മ മകളുമായി കഴിയുന്നത്. പ്രതികള്‍ പുറത്തുതന്നെ തുടരുന്നതോടെ കുട്ടിയുടെ സുരക്ഷയിലടക്കം വലിയ ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം പ്രതിയായ പിതാവ് കുട്ടിയെ തേടി സ്കൂളിലെത്തി. പീഡനം നടന്ന തീയതികള്‍ സംബന്ധിച്ചും പൊരുത്തകേടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി വ്യാജമെന്ന നിലപാടിലേക്ക് ബിനാനിപുരം പൊലീസെത്തുന്നത്. പ്രതിപ്പട്ടികയിലുള്ളവ്‍ ഈ ദിവസങ്ങളില്‍ ഒരുമിച്ചുണ്ടായിരുന്നില്ലെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.  

ENGLISH SUMMARY:

The thirteen-year-old girl was tortured by her father and friends with the connivance of her grandmother