അഞ്ചുവർഷം മുൻപ് ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റിൽ. അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച സംഭവത്തിൽ നൂറനാട് പൊലീസിന് കൈമാറിയ കേസിലാണ് അറസ്റ്റ്. പഠനത്തിൽ ശ്രദ്ധയില്ലെന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ സിദ്ധന്റെ മുറിയിൽ എത്തിച്ചത്.
തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി 62 വയസ്സുള്ള ബദർ സമൻ ആണ് നൂറനാട് പോലീസിന്റെ പിടിയിലായത്. 2019 മാർച്ചിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്കു പുറത്തു നിർത്തിയായിരുന്നു പീഡനം. ഭയന്ന പെൺകുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല.
ഈ മാസം 17ന് പെൺകുട്ടി സ്ഥിരമായി ക്ലാസിൽ വരാതായതിനെ തുടർന്ന് കൗൺസിലിംഗ് നടത്തി. ഈ കൗൺസിലിങ്ങിൽ ആണ് പെൺകുട്ടി ഏഴാം ക്ലാസിൽ അനുഭവിച്ച പീഡനം മുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്. 9 സംഭവങ്ങളിലായി 9 പേരെ പ്രതിചേർത്ത് അടൂർ പോലീസ് കേസെടുത്തു. നാലു പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. നൂറനാട് സി ഐ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ ഉടനടി പിടികൂടിയത്. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും ആണ് കേസിലെ മറ്റ് പ്രതികൾ. ഇനി നാലുപേർ കൂടി പിടിയിലാകാൻ ഉണ്ട്