വധശിക്ഷ റദ്ദ് ചെയ്തുകൊണ്ടുള്ള റിയാദ് ക്രിമിനൽ കോടതിയുടെ ഉത്തരവിന് പിന്നാലെ സൗദി ജയിലില്‍ നിന്നും ബോബി ചെമ്മണ്ണൂരിലെ വിളിച്ച് നന്ദി പറഞ്ഞ് അബ്ദുല്‍ റഹീം. ഒരുപാട് സന്തോഷമുണ്ടെന്നും നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണ്ണൂരിനോട് റഹീം പറഞ്ഞു. തന്നോട് നന്ദി പറയണ്ടെന്നും സൃഷ്ടാവിനോട് നന്ദി പറയൂവെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.
ബോബിയുടെ കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും നാട്ടില്‍ വന്നാല്‍ നേരില്‍ കാണുമെന്നും റഹീം പറഞ്ഞു. സന്തോഷത്തോടെ തിരിച്ചുവരുവെന്നും കേരളത്തിലുള്ളവരെല്ലാം നിങ്ങളെ കാത്തിരിക്കുകയാണെന്നും ബോബി ചെമ്മണ്ണൂര്‍ റഹീമിനോട് പറഞ്ഞു. 18 വര്‍ഷം മുമ്പുള്ള ആഗ്രഹങ്ങളെല്ലാം നാട്ടില്‍ വന്ന് ചെയ്യണം. ഇനി ഒരു കല്യാണം കഴിക്കണം. ഇനി നാട്ടില്‍ വന്ന് ഓട്ടോറിക്ഷ ഓടിച്ച് കഷ്ടപ്പെടണ്ടെന്നും ബിസിനസ് പങ്കാളിയാക്കി ഒരു കച്ചവടം ശരിയാക്കി തരാമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് റഹീമിന്‍റെ കോള്‍ സമൂഹ മാധ്യങ്ങളിലൂടെ പങ്കുവച്ചത്.
റഹീമിന്‍റെ മോചനത്തിന് ആവശ്യമായ ദയാധനമായി കൊടുക്കേണ്ട 34 കോടി കേരളം സ്വരൂപിക്കാന്‍ ആരംഭിച്ചത് ബോബി ചെമ്മണ്ണൂരിന്‍റെ ഇടപെടലിലൂടെയായിരുന്നു. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ ബോബി ചെമ്മണ്ണൂർ യാചകയാത്ര നടത്തിയിരുന്നു. 18 വര്‍ഷമായി സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം.15 വയസുള്ള സൗദി പൗരൻ അനസ് അൽശഹ്‌രി അബദ്ധത്തില്‍ കൊല്ലപ്പെട്ട കേസിലാണ് അബ്ദുൽ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.