പാത്തുമ്മയുടെ ആടും സുഹ്റയും മജീദുമടക്കം ഒട്ടനവധി കഥാപാത്രങ്ങളെ മലയാളി മനസിലേക്ക് കോറിയിട്ട ബേപ്പൂര്‍ സുല്‍ത്താന്‍റെ ഓര്‍മ്മകള്‍ക്ക് മൂന്ന് പതിറ്റാണ്ട്. ബഷീറിന്‍റെ 'ബാല്യകാലസഖി' എന്ന നോവലിനാകട്ടെ 80 വയസും തികഞ്ഞു. പ്രമുഖരും സാഹിത്യാസ്വാദകരുമായ ഒട്ടേറെപ്പേര്‍ ഇന്ന് ബേപ്പൂരിലെ വയലാലില്‍ വീട്ടിലെത്തും. 

നാടും വീടും വിട്ട് അലഞ്ഞ് തിരിഞ്ഞു നടന്നു നായകന്‍. പട്ടിണിക്കിടന്നും ജോലിക്കുവേണ്ടി യാചിച്ചും ജീവിതം പഠിച്ച യുവാവ്. മജീദിന്‍റെ യാത്ര ജീവിതത്തിന്‍റെ പൊരുള്‍തേടിയായിരുന്നു. കുന്നിന്‍ മുകളില്‍ നിന്ന് ദൂരെ ഒഴുകി അകലുന്ന നദി നോക്കി പ്രകൃതിയുടെ പൊരുളറിഞ്ഞ നായകന്‍.   യാത്രകള്‍ക്കൊടുവില്‍ ജീവിതത്തിന്‍റെ വേദനകളിലേക്ക് മജീദിനെ പോലെ കഥാകാരനും തിരിച്ചെത്തി. ബഷീറിന് ജീവിതത്തിന്‍റെ പടച്ചവനും നായകനും താന്‍ തന്നെയായിരുന്നു.

തന്നെ തേടി അലഞ്ഞു നടക്കുന്നതിനിടയില്‍ കഥകള്‍ വശം കെടുത്തി. എഴുതാതെ വയ്യ എന്നായി. ഹൂഗ്ലി നദി തീരത്തിരുന്ന് ബംഗാളികളെ ഇംഗ്ലീഷ് പഠിച്ചിച്ച എഴുത്തുകാരന്‍ കഥ എഴുതി. പതിറ്റാണ്ടുകളായി മലയാളിയെ പ്രണയിപ്പിക്കാന്‍ കൊതിപ്പിക്കുന്ന, കരയിപ്പിച്ചു കൊണ്ടിരുന്ന  നോവല്‍ ഇംഗ്ലീഷില്‍ പിറന്നു.

പലതവണ തിരുത്തി എഴുതിയാണ് ഏടുകള്‍ കീറിയാല്‍ ചോര പൊടിയുന്ന 'ബാല്യകാല സഖി' രൂപംകൊണ്ടത്. മാങ്കോസ്റ്റിന്‍റെ തണലില്‍ ഇരുന്ന് സുല്‍ത്താന്‍ എഴുതിയ മാമ്പഴത്തിന്‍റെ മണമുള്ള പ്രണയകഥ 1944 മെയ് മാസത്തില്‍ നോവലായി പുറത്തിറങ്ങി. 18 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നോവല്‍ മലയാളത്തില്‍ രണ്ടു തവണ സിനിമയായി.

സുഹറയെ മജീദ് പ്രണയിച്ച പോലെ ലോകത്തെ സർവ ചരാചരങ്ങളെയും സ്നേഹിച്ചു ബഷീർ. വേദനയും വിശപ്പും മറക്കാന്‍ സ്നേഹത്തില്‍ ചാലിച്ച് കഥകള്‍ എഴുതി. ഓരോ കഥകള്‍ പകർത്തുമ്പോഴും കുഞ്ഞിനെ പോലെ കരഞ്ഞു. ജീവിതവും സാഹിത്യവും ചേർന്ന ഒരു വലിയ പുഴയായി സുല്‍ത്താന്‍ സ്വയം വളർന്നു. തലമുറകള്‍ ഭേദമില്ലാതെ വായനക്കാർ ആ പുഴയോരത്തേക്ക് ഒഴുകി കൊണ്ടിരിക്കുന്നു.

ENGLISH SUMMARY:

Vaikkom Muhammed Basheer memory