സ്റ്റേജ് പെര്‍ഫോമറായും പുതിയകാല പാട്ടുകാരില്‍ ശ്രദ്ധേയയാണ് ഗൗരി ലക്ഷ്മി. ഗൗരിയുടെ മുറിവ് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വലിയ രീതിയില്‍ സൈബറാക്രമണമാണ് നടക്കുന്നത്. ഒന്നും പാട്ടില്‍ ഇല്ലെന്നും ഒരു പ്രത്യേക ജെന്‍ഡറിന്‍റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചതുകൊണ്ടാണ് ചിലര്‍ക്ക് പാട്ട് ഇഷ്ടപ്പെടാത്തതെന്നും ഗൗരി മനോരമ ന്യൂസിനോട് പറഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിലും യൂട്യൂബില്‍ പാട്ട് കേള്‍ക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും ഗൗരി ലക്ഷ്മി പറഞ്ഞു. പെണ്‍ രാഷ്ട്രിയം പറയുന്നത് ഭൂരിപക്ഷത്തിന് ഇഷ്ടമല്ലെന്നും പറയാനുളളത് പറഞ്ഞ് പോവുമെന്നും ഗൗരി ലക്ഷ്മി പറയുന്നു.
‘എന്‍റെ പേര് പെണ്ണ്, എന്‍റെ വയസ് 8, സൂചികുത്താന്‍ ഇടമില്ലാത്ത ബസില്‍ അന്ന് എന്‍റെ പൊക്കിള്‍ കൊടി തേടി വന്നവന്‍റെ പ്രായം 40’ എന്ന വരികളാണ് വൈറലായത്. പാട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ പലത് വന്നു.