migration

TOPICS COVERED

മലയാളി വനിതകൾക്ക് കേരളം മടുത്തോ?...  ഉത്തരം അത്ര കോംപ്ലിക്കേറ്റഡല്ലെന്നാണ് കണക്കുകൾ പറയുന്നത്. കേരളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ എണ്ണം നമുക്കൊന്നും ചിന്തിക്കാനാകാത്ത വിധം വർധിക്കുകയാണ്. മറ്റ് രാജ്യങ്ങളിലേക്ക് കടന്നവരിൽ എത്ര വനിതകൾ കുടിയേറ്റത്തിന് ശേഷം തിരിച്ചു കേരളത്തിലേക്കെത്തുന്നുണ്ട്?. ആ കണക്ക് നമ്മെ വല്ലാതെ അദ്ഭുതപ്പെടുത്തും.  

 

കേരളത്തിൽ നിന്ന് വിദേശത്തേക്ക് കടക്കുന്നവരിൽ ഏറെയും പുരുഷന്മാണ്. 2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ നിന്നുള്ള മൊത്തം കുടിയേറ്റക്കാരിൽ 64.4 ശതമാനം പുരുഷന്മാരും 35.6 ശതമാനം സ്ത്രീകളുമാണ്. എന്നിരുന്നാൽ പോലും,  കുടിയേറ്റത്തിന് ശേഷം തിരിച്ചു വന്നവരിൽ സിം​ഹഭാ​ഗവും ആണുങ്ങളാണ്. പോയ പെണ്ണുങ്ങളാകട്ടെ അങ്ങനെയിങ്ങനെയൊന്നും മടങ്ങി വരാനിഷ്ടപ്പെടുന്നില്ല.  

ഇവിടെ നിന്ന് പോയ ആണുങ്ങളിൽ 88.5 ശതമാനവും ജന്മനാട്ടിലേക്ക് മടങ്ങിയപ്പോൾ, വെറും 11.5 ശതമാനം പെണ്ണുങ്ങൾ മാത്രമാണ് തിരികെ വിമാനം കയറിയത്. കേരളത്തിൽ നിന്ന് ഏതു വിധേനയും പുറത്ത് പോകുന്ന പെണ്ണുങ്ങൾ അവിടെ സെറ്റിൽഡായി കഴിഞ്ഞാൽ, പിന്നെ തിരികെ നാട്ടിലേക്ക് മടങ്ങാറില്ല. അതവർക്ക് ചിന്തിക്കാൻ പോലുമാകില്ല!.. എന്താണ് ഈ ട്രെൻഡിന് പിന്നിൽ?  

അറബിക്കഥയെന്ന ലാൽ ജോസ് ചിത്രത്തിൽ അനിൽ പനച്ചൂരാൻ എഴുതിയ ഒരു ​ഗാനമുണ്ട്. തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായീ ഗ്രാമം കൊതിക്കാറുണ്ടെന്നും, തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും... കേരളത്തിലെ ഭൂരിഭാ​ഗം ആൺ പിള്ളേരും ഇങ്ങനെ ചിന്തിക്കുമ്പോൾ, പെണ്ണുങ്ങളുടെ ചിന്ത നേരെ തിരിച്ചാണെന്ന് അടിവരയിടുന്നതാണ് ഈ കണക്ക്.   

ഇവിടെ നിന്ന് പോകുന്ന സ്ത്രീകളിൽ വലിയൊരു വിഭാ​ഗം പുറത്ത് ആരോഗ്യമേഖലയിലാണ് പണിയെടുക്കുന്നത്. കൂടുതലും നഴ്സുമാരാണ് താനും. അവിടുത്തെ പബ്ലിക്കിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് കിട്ടുന്ന ഒരു ബഹുമാനമുണ്ട്. നമ്മുടെ നാട്ടിൽ തീരെയില്ലാത്ത ഒരൈറ്റമാണത്!. ഇവിടെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് മേൽ നടക്കുന്ന ആക്രമണവും ഡ്യൂട്ടി തടസപ്പെടുത്തലുമൊന്നും അവിടെയില്ല. മാത്രമല്ല ഉയർന്ന ശമ്പളവും.. ജോലി ചെയ്യുന്നതിൽ, തൊഴിലിടത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് സാരം.   

കേരളത്തിലെ പുരുഷന്മാരിൽ അധികവും നാടെന്ന ​ഗൃഹാതുരത്വം പേറി നടക്കുന്നവരും, എവിടെ പോയാലും തിരികെ നാട്ടിലെത്തണമെന്ന് അതിയായി ആ​ഗ്രഹിക്കുന്നവരുമാണ്. പെണ്ണുങ്ങളാകട്ടെ തിരികെ വരാൻ തീരെ ഇഷ്ടപ്പെടുന്നില്ല. എന്തുകൊണ്ടാണ് സ്ത്രീകളുടെയും പുരുഷൻമാരുടെയും ചിന്തകളിൽ ഇത്ര വലിയ അന്തരമുണ്ടാകുന്നത്. ഉത്തരം സിംപിളാണ്. ജോലിയും ജീവിതരീതിയും പ്രിവിലേജും!... കേരളത്തിൽ പുരുഷന്മാർക്ക് കിട്ടുന്ന പ്രിവിലേജും പ്രാതിനിധ്യവും സ്ത്രീകൾക്ക് കിട്ടാറുണ്ടോ? ഉറപ്പായും ഇല്ല. 

കുട്ടിക്കാലം മുതൽ ഒരു ആൺകുട്ടിക്ക് ലഭിക്കുന്ന പ്രിവിലേജിന്റെ പകുതിക്കുപകുതി പോലും കിട്ടാത്തവരാണ് കേരളത്തിലെ പെൺകുട്ടികൾ. വർഷങ്ങൾക്ക് മുൻപ് ഇത് പറയാൻ നടി റിമ കല്ലിങ്കൽ വറുത്ത മീന്റെ ഉദാഹരണത്തിലൂടെ ഒന്ന് ശ്രമിച്ചതാണ്. പിന്നീട് നടന്ന കഥ എല്ലാവർക്കുമറിയാം. കാലങ്ങളായി മൗനം പാലിച്ചിരുന്ന പെണ്ണുങ്ങൾ ഒരവസരം വന്നപ്പോൾ അത് ബുദ്ധിപൂർവം വിനിയോ​ഗിക്കുന്നുവെന്ന് മാത്രം. നാട്ടിൽ കിട്ടാത്ത സ്വാതന്ത്ര്യവും പ്രിവിലേജും ജോലിയും ഉയർന്ന വേതനവും വിദേശത്ത് കിട്ടുമ്പോൾ പിന്നെയെന്തിനാണ് അവർ മടങ്ങി വരുന്നത്?. 

മാത്രവുമല്ല, കുടിയേറുന്ന മലയാളി ആണുങ്ങളിൽ 34 ശതമാനം മാത്രമാണ് ബിരുദധാരികൾ. എന്നാൽ സ്ത്രീകളിൽ 71 ശതമാനവും ബിരുദമുള്ളവരാണ്. അപ്പോൾ കുടിയേറ്റം നടത്തുന്ന മലയാളികളിൽ തന്നെ കൂടുതൽ വിദ്യാഭ്യാസ യോ​ഗ്യത പെണ്ണുങ്ങൾക്കാണ്. സ്വാഭാവികമായും  മെച്ചപ്പെട്ട ജോലിയും ജീവിത നിലവാരവും അവർക്ക് അവിടെ കിട്ടുമ്പോൾ, താരതമ്യേനെ പ്രിവിലേജ്  കുറവുള്ള സ്വന്തം നാട്ടിലേക്ക് അവരെന്തിന് മടങ്ങിയെത്തണം. മാറേണ്ടത് അവരാണോ അതോ കേരളത്തിലെ പഴഞ്ചൻ രീതികളോ? 

വിദേശത്തെ വിദ്യാഭ്യാസത്തിന് ശേഷം തിരികെ മടങ്ങുന്നവരിലും ആണുങ്ങളാണ് മുന്നിൽ. പഠനം കഴിഞ്ഞ് 60.4 ശതമാനം പയ്യന്മാരും തിരികെ കേരളത്തിലേക്ക് വിമാനം കയറുമ്പോൾ, 39.6 ശതമാനം പെൺകുട്ടികൾ മാത്രമേ തിരികെ എത്തുന്നുള്ളൂ. അവർ അവിടെ തന്നെ ജോലി തരപ്പെടുത്തി സെറ്റിൽഡാവാനാണ് ശ്രമിക്കാറ്.    

കേരളത്തിലെ താളംതെറ്റിയ തൊഴിൽ സമ്പ്രദായവും തൊഴിലില്ലായ്‌മയും കുറഞ്ഞ ശമ്പളവുമെല്ലാം യുവതലമുറയുടെ കുടിയേറ്റത്തിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്. വിദേശത്തേയ്ക്ക് കുടിയേറുന്ന സ്ത്രീകളുടെ എണ്ണം 2018ൽ 15.8 ശതമാനമായിരുന്നത് 2023ൽ 19.1 ആയി ഉയർന്നു. ഇതിൽ 40.5 ശതമാനം പെൺകുട്ടികളും ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച് യൂറോപ്പും മറ്റ് പാശ്ചാത്യ രാജ്യങ്ങളുമാണ് തിരഞ്ഞെടുക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്നതിനെക്കാൾ യൂറോപ്പ്യൻ രാജ്യങ്ങളിലെത്താനാണ് കൂടുതൽ പെണ്ണുങ്ങളും ആ​ഗ്രഹിക്കുന്നത്. 

എന്താണ് കേരളത്തിന്റെ ഇപ്പോഴത്തെ നില. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും അഡ്മിഷൻ ലഭിക്കാത്ത കുട്ടികൾ ഒരു ഭാഗത്ത്. ഇനി ഇതെല്ലാം മറികടന്ന് പഠിച്ച് ജോലി കിട്ടിയാലോ?. ജീവിത ചെലവുകൾ കുത്തനെ വർധിക്കുമ്പോഴും കേരളത്തിലെ വിവിധ മേഖലകളിലുള്ള ജോലികളിൽ ലഭിക്കുന്ന അടിസ്ഥാന ശമ്പളം എത്രയോ ചെറുതാണ്. ശമ്പളമില്ല! പ്രിവിലേജില്ല! സ്വാതന്ത്ര്യം ഒട്ടുമേയില്ല. എന്നാൽ പകലോ രാത്രിയോ  ഈ സ്ത്രീകൾ എവിടെ പോകുന്നു, എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു എന്നൊക്കെ നോക്കാനും ശ്രദ്ധിക്കാനും ബന്ധുക്കളും നാട്ടുകാരുമൊക്കെ കഴുകൻ കണ്ണുകളുമായി കാത്തിരിപ്പുണ്ട്.  അപ്പോൾ പിന്നെ സ്ത്രീകൾ ഇവിടെ നിൽക്കുമോ, അതോ വിദേശത്തേക്ക് പറക്കുമോ?...  ആദ്യമേ പറഞ്ഞില്ലേ.. ഇതിന്റെ ഉത്തരം വളരെ ലളിതമാണ്....

Malayali women from abroad do not return to their native land: