സഞ്ചാരികൾക്ക് കാനന ഭംഗി ആസ്വദിക്കാൻ ഇടുക്കി തേക്കടിയിൽ ബഗ്ഗി കാറുകൾ ഒരുക്കി വനം വകുപ്പ്. ചെക്ക് പോസ്റ്റിൽ നിന്ന് ബോട്ട് ലാൻഡിങ് വരെ യാത്ര ചെയ്യാൻ രണ്ട് ബഗ്ഗി കാറുകളാണ് ഒരുക്കിയിരിക്കുന്നത്.
പുതിയ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പെരിയാർ കടുവാ സങ്കേതത്തിൽ ബഗ്ഗി കാറുകൾ എത്തിച്ചത്. ബഗ്ഗി കാറുകളുടെ വരവോടെ കാനനഭംഗി കൂടുതൽ ആസ്വദിക്കാനാവും. മൂന്നര കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്കിടെ ആമ പാർക്കിലിറങ്ങി ചിത്രങ്ങൾ പകർത്താനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാവുന്ന യാത്രയ്ക്ക് 200 രൂപയാണ് ടിക്കറ്റ് നിരക്ക്. പരിശീലനം ലഭിച്ച ഗൈഡുകളും ഒപ്പമുണ്ടാകും.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗി കാറുകൾ 14 ലക്ഷം രൂപ മുതൽമുടക്കിലാണ് തേക്കടിയിൽ എത്തിച്ചത്. പ്രതിദിനം ഏഴ് ട്രിപ്പുകൾ നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം