- 1

മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. എഴുതിത്തള്ളിയിടത്തുനിന്ന് ഉയിർത്തെഴുന്നേറ്റ് തലമുറകളെ ത്രസിപ്പിക്കുന്ന ചിത്രങ്ങളുടെ പണിപ്പുരയിൽ ഇന്നും തുടരുന്നു സംവിധായകൻ ജോഷി. വിരലിൽ എണ്ണാവുന്ന സംവിധായകർ മാത്രം വാണിജ്യ ബ്രാൻഡായ മലയാള സിനിമയിൽ അരനുറ്റാണ്ടിന്റെ ദൂരത്തെത്തി നിൽക്കുന്നു സംവിധായകൻ ജോഷി

 

സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ ഹിറ്റായ മൂർഖനിലേക്ക് വഴിതുറന്നത് നടൻ ജയനാണെന്ന് ഒരിക്കൽ പറഞ്ഞിട്ടുണ്ട് ജോഷി. 78ൽ ആദ്യമായി സംവിധാനം ചെയ്ത ടൈഗർ സലീമും പിന്നാലെ വന്ന ആയിരം വസന്തവും തകർന്നടിഞ്ഞതോടെ ഭാഗ്യംകെട്ട സംവിധായകൻ എന്ന പേര് വീണ് നാട്ടിലേക്ക് മടങ്ങിയ  ജോഷിയെ തിരികെ മദ്രാസിലെത്തിച്ചത് കൊച്ചിൻ ഹനീഫയാണ്. 

80ൽ പുറത്തുവന്ന മൂർഖന് പിന്നാലെ രണ്ടാംവരവിൽ കൈനിറയെ ചിത്രങ്ങളുള്ള സംവിധായകനായി ജോഷി മാറി. 84ൽ മാത്രം ജോഷിയുടെ സംവിധാനത്തിൽ റിലീസ് ചെയ്തത് പത്ത് ചിത്രങ്ങളാണ്. ഹിറ്റുകൾക്കിടയിൽ പരാജയങ്ങളുമുണ്ടായ കാലഘട്ടം. കലൂർ ഡെന്നീസും  ഡെന്നീസ് ജോസഫും എഴുതി വച്ചത് വരികൾക്കപ്പുറം സ്ക്രീനിലെത്തിച്ചപ്പോൾ സന്ദർഭവും ന്യു ഡൽഹിയും സംഘവും അടക്കം  വമ്പൻ ഹിറ്റുകൾ പിറന്നു.

അക്കാലത്തെ ജോഷി ചിത്രങ്ങളൊക്കെയും മമ്മൂട്ടിയുടെ താരപരിവേഷം ഉറപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. നായർസാബും, നാടുവാഴികളും ,നമ്പർ ട്വന്റി മദ്രാസ് മെയിലുമടക്കം വന്ന കാലഘട്ടത്തിലാണ് പത്മരാജന്റെ തിരക്കഥയിൽ വ്യത്യസ്ത ട്രീറ്റ്മെന്റുമായി ഈ തണുത്ത വെളുപ്പാൻ കാലത്തെന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറും ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ തന്നെ നായകനാക്കി കുട്ടേട്ടനും ജോഷി ഒരുക്കിയത്.  

ലേലവും പത്രവും നരനും റൺ ബേബി റണ്ണുമടക്കമുള്ള ഹിറ്റുകൾക്കിടയിൽ സിനിമയുടെ ജാതകം തെറ്റി ഫ്ളോപ്പുകളുമുണ്ടായി. പക്ഷേ താരങ്ങൾക്ക് സംഘടനയും രാഷ്ട്രീയവുമൊക്കെയുണ്ടായ കാലത്ത്  ട്വന്റി ട്വന്റി എന്ന ചിത്രമൊരുക്കാൻ മലയാള സിനിമാ വ്യവസായത്തിന് ജോഷി എന്ന സംവിധായകനെ തന്നെ വേണ്ടിവന്നു. കാലംകടന്നും കയ്യടി നേടിയ ഒരുപിടി ചിത്രങ്ങൾക്കൊപ്പംതുടരുന്ന സ്വയം നവീകരണമായിരുന്നു അവിടെയും ജോഷിയെന്ന മാസ്റ്റർ ക്രാഫ്റ്റ്സ്മാന്റെ കരുത്ത്  .  പൊറിഞ്ചുവിനും പാപ്പനുമൊക്കെ പിന്നാലെ ഇനിയും രൂപമെടുക്കാനുള്ള റമ്പാന് വേണ്ടിയൊക്കെ പ്രേക്ഷകർ കാത്തിരിക്കുമ്പോഴും ബിഗ് സ്ക്രീനിലെ വലിപ്പമുള്ള പേരിനപ്പുറം വാചകമടിക്കോ ഗീർവാണങ്ങൾക്കോ ജോഷി മുഖം നൽകിയിട്ടുമില്ല. 

ENGLISH SUMMARY:

Director Joshiy 72 birthday