അര്‍ജുന് വേണ്ടി ഗംഗാവലിപ്പുഴയില്‍ തിരച്ചില്‍ നടത്തുമ്പോള്‍ ലോറിക്കുള്ളിലെ  ജീവിതത്തെ പറ്റി ഒരു ഡ്രൈവര്‍ എഴുതിയ കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ‘ഞങ്ങൾ ലോറി ഡ്രൈവർമാർക്ക് വാഹനത്തിന്‍റെ  ക്യാബിൻ വീടാണെന്നും ഞങ്ങളുടെ സ്വപ്നങ്ങൾക്ക് പറുദീസ ഒരുക്കാൻ പാകത്തിന് ഇടുങ്ങി കുടുങ്ങി കിടക്കുന്ന ആ ലോകം തന്നെയായിരിക്കും അര്‍ജുന്‍റെത് ’.  നീ  തിരിച്ചു  എന്ന വാർത്തകേൾക്കാനാണ് ഞങ്ങൾ കൊതിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു. 

അതേ സമയം ഗംഗാവലിപ്പുഴയിലേത്   അര്‍ജുന്‍റെ ലോറിയെന്ന് സ്ഥിരീകരിച്ച് ദൗത്യസംഘം. മുങ്ങല്‍ വിദഗ്ധര്‍ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിന്‍ പരിശോധിക്കാനായില്ല. ശക്തമായ അടിയൊഴുക്കും കലങ്ങിമറിഞ്ഞ വെള്ളവുമാണ് വെല്ലുവിളി. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും പുഴയില്‍ ലോഹസാന്നിധ്യം സ്ഥിരീകരിച്ചു. ലോറിയുടെ ക്യാബിന്‍ ഏതുഭാഗത്തെന്ന് തിരിച്ചറിയാനായില്ല. 

കുറിപ്പ്

ഇന്ന് ഇത്രയും ദിവസമായി, അർജുനെ കണ്ട് കിട്ടിയിട്ടില്ല. കേരളവും, കർണാടകയും ഒന്നിച്ചു ആ ജീവന് വേണ്ടിയുള്ള തിരച്ചിൽ നടത്തുമ്പോഴും അവനെ കണ്ടെത്താൻ ആവുന്നില്ലല്ലോ എന്നോർക്കുമ്പോൾ . എങ്ങനെ ആയിരിക്കും അവന്റെ കഴിഞ്ഞ ദിവസങ്ങൾ . നിർത്തിയിട്ടിരുന്ന ട്രക്കിന്റെ മേലെ മൺകൂനകൾ പതിച്ചെങ്കിൽ, ഉറക്കം ആയിരുന്നിട്ട് കൂടി അവൻ ഉണന്നർന്നേനെ. ആ വലിയ ഇടി മുഴക്കത്തിൽ അവൻ അൽപ്പം ഒന്ന് സ്ഥബ്ദിച്ചു പോകുമായിരുന്നു. ചുറ്റും ഇരുൾ നിറഞ്ഞ ആ നിശബ്ദ ചുറ്റുപാടിനെ അവൻ അതി ജീവിച്ചിട്ടുണ്ടാവാം. അവൻ ആദ്യം പരതിയത് എന്താവും. അൽപ്പം വെളിച്ചം.  ഡോർ ലൈറ്റ് ഉണ്ട് മൊബൈൽ ടോർച് ഉണ്ടാവും. ഏതായിരിക്കും അവൻ ഉപയോഗിച്ചത്. വണ്ടി ഫുള്ളി ഡെഡ് ആയാൽ അവൻ മൊബൈൽ ടോർച് ആയിരിക്കും ഉപയോഗിച്ചത്. എന്ത് നിസഹായ അവസ്ഥയാണ്. വെറുതെ എഴുതി പിടിപ്പിക്കുവല്ല. അനുഭവിച്ചു അറിയാൻ സാധ്യതയുള്ള കാര്യമാണ്. പിന്നീട് അവൻ ഡോർ തുറക്കാൻ ശ്രമിച്ചിട്ടുണ്ടാവും. ആ പതിച്ച മൺ കൂനയിൽ ഗ്ലാസ് പൊട്ടിയിട്ടുണ്ടാവുമോ. ഇല്ലെങ്കിൽ തന്നെ എത്ര നാൾ വായു സഞ്ചാരം അവനു ലഭിച്ചിട്ടുണ്ടാവും. അറിയില്ല. അൽപ്പം വെളിച്ചം ആ ക്യാബിനിൽ വന്നപ്പോൾ അവൻ തിരിച്ചറിഞ്ഞിട്ടുണ്ടാവും. അവനു പിണഞ്ഞ ഏറ്റവും വലിയ അപകടം. അവൻ എങ്ങനെയായിരിക്കും അതിനെ അതി ജീവിച്ചിട്ടുണ്ടാവുക. അവൻ നിലവിളിച്ചിട്ടുണ്ടാവും. പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ടാവും. എല്ലാറ്റിനെക്കാളും ഉപരി അതിജീവിക്കാൻ ശ്രമിച്ചിട്ടുണ്ടാവും. അവന്റെ കുടുംബം, ഭാര്യ, മകൻ, പിതാവ്, അമ്മ, അനിയത്തി ഇവരെയൊക്കെ ഓർത്തിട്ടുണ്ടാവും. ഞങ്ങൾ ലോറി ഡ്രൈവർമാർക്ക് ആ ക്യാബിൻ വീടാണ്. ഉറങ്ങാൻ ഉള്ള ഇടം. ഡ്രസ്സ് കഴുകിയാൽ ഉണക്കാൻ ഉള്ള ഒരിടം. മക്കളും, ഭാര്യയുമായി സംവദിക്കാൻ ഉള്ള ഒരിടം. ഞങ്ങളുടെ കരച്ചിലുകൾക്ക്, സങ്കടങ്ങൾക്ക്, ഞങ്ങളുടെ സ്വപ്നങ്ങൾക്ക് പറുദീസ ഒരുക്കാൻ പാകത്തിന് ഇടുങ്ങി കുടുങ്ങി കിടക്കുന്ന ആ ലോകം. അത് വല്ലാത്തൊരു ലോകം ആണ്. അർജുൻ, ആ വെള്ള പാച്ചിലിൽ പലരും പോയി. പക്ഷേ നീ പോകരുത്. നിന്നെ പോകാൻ ഞങ്ങൾ അനുവദിക്കില്ല. കാരണം. നീ ഒറ്റയ്ക്കായിരുന്നു. നിനക്ക് ഈ ലോകത്തോട് പലതും വിളിച്ചു പറയാൻ ഉണ്ടാവും. ഒറ്റയ്ക്കായവന് ദൈവം തുണ. നിന്റെ അതിജീവനം സാധ്യമാവും. നീ തിരിച്ചു വരും. ആ വാർത്തകേൾക്കാനാണ് ഞങ്ങൾ കൊതിക്കുന്നത്.