ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുളള തിരച്ചില്‍ ആരംഭിച്ചിട്ട് ഇന്നേയ്ക്ക് 11ാം നാള്‍. അര്‍ജുനെ ജീവനോടെ കണ്ടെത്താനാകുമെന്നുളള പ്രതീക്ഷ നഷ്ടപ്പെട്ടെങ്കിലും കേരളക്കര ഒന്നാകെ അര്‍ജുന്‍റെ മടങ്ങിവരവിനായി പ്രാര്‍ഥിക്കുകയാണ്. അര്‍ജുന്‍റെ ലോറി കിടക്കുന്ന സ്ഥലം ലൊക്കേറ്റ് ചെയ്തെങ്കിലും ലോറിയുടെ ക്യാബിനടുത്തേയ്ക്ക് മുങ്ങല്‍ വിദഗ്ധര്‍ക്ക് എത്താന്‍ സാധിക്കാത്തത്ത് തിരച്ചില്‍ കൂടുതല്‍ ദുഷ്കരമാക്കുകയാണ്. സോഷ്യല്‍ മീഡിയയിലുടനീളം അര്‍ജുനായി കൈകോര്‍ക്കുകയാണ് മലയാളികള്‍. അതേസമയം ഷിരൂരിലെ സംഭവവുമായി ബന്ധപ്പെടുത്തി തിരുവനന്തപുരം മേയര്‍ ആരാ രാജേന്ദ്രനെക്കുറിച്ച് ഒരു വ്യക്തി പങ്കുവച്ച കുറിപ്പ് സൈബറിടത്ത് ശ്രദ്ധനേടുകയാണ്. 'ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്... മേയറാണ്.. സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ കർണാടകയിൽ മനുഷ്യ ജീവന് എന്ത് വിലയാണ് അവിടുത്തെ ഭരണകൂടം നൽകുന്നത് എന്ന് ആലോചിച്ചാൽ മതി' എന്നാണ് കുറിപ്പ് വ്യക്തമാക്കുന്നത്. കുഞ്ഞുമായി നില്‍ക്കുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം:
'ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയാണ്... മേയറാണ്..72 മണിക്കൂർ ജോയി എന്ന ഒരു മനുഷ്യന്റെ ജീവന് വേണ്ടി തിരച്ചിൽ നടത്താൻ രാവും പകലും മുൻ നിരയിൽ നിന്ന് നേതൃത്വം കൊടുത്ത മനുഷ്യ സ്നേഹിയാണ്..സഖാവായത് കൊണ്ട് മാത്രം ആക്രമണങ്ങൾ നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നു...സഖാവ് ആര്യയുടെയൊക്കെ മഹത്വം എന്തെന്ന് അറിയണമെങ്കിൽ കർണ്ണാടകയിൽ മനുഷ്യ ജീവന് എന്ത് വിലയാണ് അവിടുത്തെ ഭരണകൂടം നൽകുന്നത് എന്ന് ആലോചിച്ചാൽ മതി'..എന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
മേയര്‍ക്ക് നേരെയുളള വിമര്‍ശനങ്ങള്‍ക്കുളള മറുപടിയെന്നോണമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിക്കായി തിരച്ചില്‍ സംഘത്തിനൊപ്പം രാപ്പകല്‍ നിന്നിട്ടും മേയര്‍ക്ക് വിമര്‍ശനം മാത്രം ബാക്കി എന്ന് സൂചിപ്പിക്കുകയാണ് കുറിപ്പ്. വിമര്‍ശിക്കുന്നവര്‍ മേയര്‍ ഒരു അമ്മയാണെന്നുളള കാര്യം മറക്കുന്നെന്നും സഖാവായത് കൊണ്ട് മാത്രമാണ് ആക്രമണങ്ങൾ നിരന്തരം നേരിട്ട് കൊണ്ടിരിക്കുന്നെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ഷിരൂര്‍ അപകടത്തില്‍ തുടക്കത്തില്‍ കര്‍ണാടക സര്‍ക്കാര്‍ കാണിച്ച നിസംഗമനോഭാവം കാണുമ്പോഴെങ്കിലും സഖാവ് ആര്യ രാജേന്ദ്രന്‍റെ മഹത്വം മനസിലാക്കണം എന്നും കുറിപ്പ് വ്യക്തമാക്കുന്നു. കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ മേയര്‍ക്ക് പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയി മുങ്ങിമരിച്ചത്. മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റ് 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്തെ തോട് വൃത്തിയാക്കുന്നതിനിടെ ആയിരുന്നു അപകടം. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ, കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു. ജൂലൈ 13നാണ് സംഭവം നടന്നത്. തുടര്‍ന്ന് 48 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ജോയിയുടെ മൃതദേഹം തകരപ്പറമ്പ് വഞ്ചിയൂർ റോഡിലെ കനാലിൽ നിന്നും കണ്ടെത്തിയത്.
ജോയിയെ കാണാതായത് മുതല്‍ മൃതദേഹം കണ്ടെത്തും വരെ തിരച്ചില്‍ നടക്കുന്ന ഭാഗത്ത് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജോയിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ വേളയിലും പൊട്ടിക്കരഞ്ഞ് കുടുംബത്തിലെ ഒരംഗത്തെപ്പോലെ മേയര്‍ കൂടെനിന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ നേരിട്ട സമയത്തും തിരച്ചില്‍ സംഘത്തിനൊപ്പം നിന്ന മേയര്‍ക്ക് പിന്തുണ അറിയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം ഷിരൂരില്‍ അര്‍ജുനായി തിരച്ചില്‍ തുടരുകയാണ്. ഗംഗാവലി പുഴയില്‍ മുങ്ങിത്തിരച്ചില്‍ സാധ്യമാകണമെങ്കില്‍ അടിയൊഴുക്കിന്റെ ശക്തി കുറയണമെന്ന് ഡിഫന്‍സ് പി.ആര്‍.ഒ കമാന്‍ഡര്‍ അതുല്‍പിള്ള പറഞ്ഞു.