കത്തിശേഷിച്ചതിനെയാണ് ചാരമെന്ന് പറയുന്നത്. എന്നാല്‍ കത്തിത്തീരാതെ നീറിപ്പുകയുന്ന ദുരൂഹതയുടെ ഒരു ചാരവുമുണ്ട്. ഐഎസ്ആര്‍ഒ ചാരക്കേസ്. മുപ്പതുവര്‍ഷമായി മലയാളി ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത. പൊടിപ്പും തൊങ്ങലുംകൊണ്ട് തീര്‍ത്ത കള്ളക്കേസെന്ന് വിശ്വസിക്കുന്നവരേറെ. അമേരിക്കയുടെ തലയില്‍ വിരിഞ്ഞ ഗൂഢതന്ത്രമെന്ന് പറയുന്നവരും കുറവല്ല. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് മുതല്‍( ക്രൈം നമ്പര്‍ 246/94) സിബിഐവരെ അന്വേഷിച്ച കേസ്. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ കുറ്റക്കാരെന്ന് പറഞ്ഞ് തുടങ്ങിയ കേസില്‍ മുപ്പതുവര്‍ഷത്തിനിപ്പുറത്തെത്തി നില്‍ക്കുമ്പോള്‍ ഐബി ഉദ്യോഗസ്ഥരും പൊലീസ് മുന്‍ ഡിജിപിമാരും ഉള്‍പ്പെടെയാണ് കുറ്റക്കാരുടെ കൂട്ടില്‍ വിചാരണചെയ്യപ്പെടുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ചാരവൃത്തിക്കേസിന് പിന്നിലെ ഗൂഢാലോചന സിബിഐ വീണ്ടും അന്വേഷിച്ചത്. ചാരക്കേസ് പൊലീസിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ സന്തതിയാണെന്നാണ് സിബിഐ കണ്ടെത്തല്‍. മുപ്പതുകൊല്ലമായി പലരുടെയും തലവര മാറ്റുകയും കെ. കരുണാകരന് മുഖ്യമന്ത്രി കസേര നഷ്ടമാക്കുകയും ചെയ്ത ചാരക്കേസ് ഇപ്പോളും പുകയുകയാണ്. ഉത്തരം കിട്ടാത്ത നിരവധി കനലുകള്‍ ആ ചാരത്തില്‍ കെടാതെ ബാക്കി
കേസ് പിറക്കുന്നു
1994 ഒക്ടോബർ 20, ചാരപ്രവർത്തനം സംശയിച്ച് മാലദ്വീപ് വനിതയായ മറിയം റഷീദയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്ത ദേശാഭിമാനി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തലേദിവസം വൈകിട്ടിറങ്ങിയ തനിനിറം പത്രത്തിലും ഇതേ വാര്‍ത്തയുണ്ട്. എന്നാല്‍ ചാരവനിതയുടെ ചിത്രമുള്‍പ്പെടെയുള്ള ദേശാഭിമാനി ഒന്നാം പേജ് വാര്‍ത്ത അടുത്ത ദിവസം മുതല്‍ കോളിളക്കം തീര്‍ത്തു. വീസ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ തുടര്‍ന്നു എന്ന കേസിലായിരുന്നു മറിയം റഷീദയുടെ അറസ്റ്റ്. സ്പെഷ്യല്‍ ബ്രാഞ്ച് സിഐ ആയിരുന്ന എസ്. വിജയനാണ് മറിയം റഷീദയെ അറസ്റ്റ് ചെയ്തത്. വീസ കാലാവധ കഴിഞ്ഞതിന്‍റെ പേരില്‍ നടന്ന അറസ്റ്റില്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ(ISRO) വലിച്ചിഴച്ചതെങ്ങനെ? ശാസ്ത്രജ്ഞരുള്‍പ്പെടെ അറസ്റ്റിലായതെങ്ങനെ? ഇക്കാലമത്രയും ആവര്‍ത്തിച്ച് ചോദിക്കപ്പെടുന്ന ചോദ്യം. മാലദ്വീപ് പൗരന്മാര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞാല്‍ 90 ദിവസത്തേക്ക് വീസ നിയന്ത്രണങ്ങളില്ല. എന്നാല്‍ അതുകഴിഞ്ഞാല്‍ രാജ്യത്ത് തുടരണമെങ്കില്‍ ഔദ്യോഗിക അനുമതി തേടിയിരിക്കണം. 1994 ഒക്ടോബര്‍ പതിനേഴുവരെയായിരുന്നു മറിയം റഷീദക്ക് ഇന്ത്യയില്‍ തുടരാനുള്ള വീസ ഇളവുള്ളത്. തിരികെ പോകാനുള്ള വിമാനടിക്കറ്റ് അവര്‍ എടുത്തിരുന്നെങ്കിലും പ്ലേഗ് ഭയം കാരണം വിമാനക്കമ്പനികള്‍ സര്‍വീസ് റദ്ദാക്കി. തുടര്‍ന്നാണ് മറിയം ഇന്‍സ്പെക്ടര്‍ വിജയന്‍റെ അടുത്തെത്തുന്നത്.
ചാരക്കേസ് പിറക്കുന്നു
മറിയം റഷീദ അറസ്റ്റിലായതിന് പിന്നാലെ രണ്ടുദിവസത്തിനുള്ളില്‍ തിരുവനന്തപുരത്തെ ഹോട്ടല്‍ സാമ്രാട്ടിലെ ഇരുനൂറ്റിയഞ്ചാം നമ്പര്‍ മുറി പൊലീസ് അരിച്ചുപെറുക്കി. മറിയം റഷീദക്കൊപ്പം മുറിയില്‍ താമസിച്ചിരുന്നത് മാലി സ്വദേശിനിയും ചലച്ചിത്ര താരവുമായിരുന്ന ഫൗസിയ ഹസനായിരുന്നു. സ്വാഹിലി ഭാഷയിലുള്ള സംഭാഷണം രേഖപ്പെടുത്തിയ റഷീദയുടെ ഡയറി ലഭിച്ചെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ തുടങ്ങി. മാലി സ്വദേശികളെ കാണാന്‍ ഹോട്ടലിലെത്തിയവരുടെ പേരുവിവരങ്ങളും വിളിച്ച ഫോൺ നമ്പറുകളുമൊക്കെ ലഭിച്ചെന്ന് പോലീസ് . മാലിദ്വീപ് പ്രസിഡന്‍റിനെതിരെ തീവ്ര നിലപാടെടുത്തിട്ടുള്ള യുവാക്കവുടെ വിവരങ്ങളും പൊലീസിന് ലഭിച്ച ഡയറിയില്‍ ഉണ്ടായിരുന്നത്രേ. ഡയറിയില്‍ പേരുണ്ടായിരുന്ന മറ്റൊരു വനിത ഐഎസ്ഐ ഏജന്‍റാണെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു മറ്റൊരു വാര്‍ത്ത. ഐ.എസ്.ആർ.യിലെ ശാസ്‌ത്രജ്‌ഞന്‍ ഡി. ശശികുമാറിന് റഷീദയുമായി സൗഹൃദമുള്ള വിവരം ലഭിച്ചതോടെ ചാരക്കഥയുടെ പിറവിയിലേക്കെത്തി കാര്യങ്ങള്‍. ശശികുമാർ അറസ്‌റ്റിലായപ്പോൾ അദ്ദേഹത്തിന്റെ വകുപ്പുമേധാവിയായ നമ്പി നാരായണനെയും പിടികൂടി. പിന്നാലെ ബാംഗ്ലൂരിൽനിന്ന് ഫൗസിയ ഹസനെ അറസ്റ്റ് ചെയ്തു. വിദേശ ചാരസംഘടനകൾ നിയോഗിച്ച ചാരവനിതകൾ മറിയവും ഫൗസിയ ഹസനും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെ പ്രലോഭിപ്പിച്ച് അവിടെ നിന്ന് തന്ത്രപ്രധാനമായ രഹസ്യങ്ങൾ ചോർത്തിയെന്ന രൂപത്തില്‍ കേസ് മാറി. 1994 നവംബർ 15നാണ് സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുത്തു
മറിയം റഷീദ
മാലിയിലെ പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റിലെതാല്‍ക്കാലിക ഉദ്യോഗസ്ഥയായിരുന്നു മറിയം റഷീദ. പട്ടാള ഉദ്യോഗസ്ഥ എന്നൊക്കെയായിരുന്നു ഇവരെക്കുറിച്ച് അക്കാലത്ത് പ്രചരിച്ച ഊഹാപോഹങ്ങള്‍. സുഹൃത്തും ചലച്ചിത്ര താരവുമായ ഫൗസിയ ഹസനെ കാണാനായി ഇന്ത്യയിലെത്തി എന്നാണ് മറിയത്തിന്‍റെ വിശദീകരണം
ഫൗസിയ ഹസന്‍
1942 ജനുവരി 8ന് ജനിച്ചു. മാലി ആമിനിയ്യ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക)എന്നിവടങ്ങളിൽ വിദ്യാഭ്യാസം .1957ൽ മാലിദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലാര്‍ക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1998–2008ൽ മാലിദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിങ് ഒഫീസറായിരുന്നു. നൂറോളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2022 ല്‍ കൊളംബോയില്‍ വച്ച് അന്തരിച്ചു.
1994 നവംബർ മുതൽ 97 ഡിസംബർ വരെ കേരളത്തിൽ ജയിൽവാസം അനുഭവിച്ചശേഷമാണ് മറിയം റഷീദയും ഫൗസിയ ഹസനും കുറ്റവിമുക്തരായത്
കരുണാകരനും ചാരക്കേസും
1994 ഡിസംബര്‍ ഒന്നാം തീയതി മുഖ്യമന്ത്രി കെ. കരുണാകരനെ കാണാന്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരായ മാത്യു ജോണും ആര്‍.ബി. ശ്രീകുമാറും എത്തി. ചാരക്കേസില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പൊലീസ് ഉദ്യോഗസ്ഥന്‍ രമണ്‍ ശ്രീവാസ്തവ ഐപിഎസിന് ബന്ധമുണ്ടെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കണം എന്നും അവര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തന്‍റെ തലക്കുമീതേ മൂടാന്‍ നില്‍ക്കുന്ന ചാരക്കേസ് കരുണാകരന്‍ അന്നേ തിരിച്ചറിഞ്ഞു. കേന്ദ്ര ആഭ്യന്തരവകുപ്പിലെ പഴ്സണല്‍ മന്ത്രാലയത്തിന്‍റെ ചുമതലയുള്ള മാര്‍ഗരറ്റ് ആല്‍വയുമായി കരുണാകരന്‍ സംസാരിച്ചു. തൊട്ടടുത്ത ദിവസം ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐക്ക് വിട്ടുകൊണ്ട് കേന്ദ്രത്തിന്‍റെ ഇത്തരവിറങ്ങി.
പുകയുന്ന ഗ്രൂപ്പുകാലം
മുഖ്യമന്ത്രി കരുണാകരന്‍ ശൈലിമാറ്റണമെന്ന് എ ഗ്രൂപ്പ് ശക്തമായി ആവശ്യപ്പെടുന്ന കാലത്താണ് ഒരു ആയുധം എന്ന കണക്കെ ചാരക്കേസ് പിറക്കുന്നത്. കരുണാകരന്‍ മന്ത്രിസഭയില്‍ നിന്ന് ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാജിവച്ചു. രമണ്‍ ശ്രീവാസ്തവയെ സ്ഥാത്തുനിന്ന് മാറ്റണം എന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ആശ്രിതവത്സലനായ് കരുണാകരന്‍ വഴങ്ങിയില്ല. ചാരമുഖ്യന്‍ രാജിവയ്ക്കുക എന്ന മുദ്രാവാക്യം സ്വന്തം മുന്നണിക്കകത്തുനിന്ന് ഉയര്‍ന്നു. എ ഗ്രൂപ്പിനൊപ്പം തിരുത്തല്‍വാദികളും രംഗത്തെത്തി. ഘടകകക്ഷികളെയും ഒപ്പം ചേര്‍ക്കാന്‍ എ ഗ്രൂപ്പിനായി. പ്രധാനമന്ത്രി നരസിംഹറാവുവിനും ഈ കേസില്‍ പ്രത്യേത താല്‍പ്പര്യങ്ങള്‍ ഉണ്ടായരുന്നതായി സംശയിക്കുന്നവരും ഏറെ. എന്തായാലും കരുണാകരനെ താഴെയിറക്കാന്‍ ഗൂഢാലോചന നടന്നു. തുടര്‍ന്ന് കേന്ദ്ര പ്രതിനിധി മൂപ്പനാര്‍ തെളിവെടുപ്പിനെന്നോണം കേരളത്തിലെത്തി. മുഖ്യമന്ത്രി മാറണം എന്ന നിലപാടില്‍ എഗ്രൂപ്പും മിക്ക ഘടകകക്ഷികളും നിന്നു. എം.വി. രാഘവനും നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും( NSSന്‍റെ രാഷ്ട്രീയ സംഘടന)മാത്രമാണ് കരുണാകരന് പിന്തുണ നല്‍കിയത്. പിന്തുണ പോയതോടെ കരുണാകരന് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. എന്നാല്‍ ആരോപണം ഉന്നയിക്കുമ്പോളൊന്നും എസ്എസ്ആര്‍ഒ രഹസ്യങ്ങള്‍ ചോര്‍ന്നതായി എ ഗ്രൂപ്പിനോ ഘടകകക്ഷികള്‍ക്കോ യാതൊരു ഉറപ്പുമില്ലായിരുന്നു. ഐഎസ്ആഒ രഹസ്യങ്ങള്‍ ചോര്‍ന്നതിന്‍റെ പേരിലായിരുന്നില്ല മറിച്ച് മുന്നണിയുടെ പിന്തുണ ചോര്‍ന്നതിനെ തുടര്‍ന്നായിരുന്നു കരുണാകരന്‍റെ രാജി. ചാരക്കേസിൽ കരുണാകരനെ കുരുക്കാൻ കോൺഗ്രസിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുതൽ താൻ വരെയുള്ളവർ അതിൽ പങ്കെടുത്തിട്ടുണ്ടെന്നും എ ഗ്രൂപ്പിന്‍റെ പഴയ പടക്കുതിര ചെറിയാൻ ഫിലിപ്പ് 2012 ല്‍ വെളിപ്പെടുത്തിയിരുന്നു. 'ഐ' ഗ്രൂപ്പ് വിട്ട് ആന്റണി ഗ്രൂപ്പിലേക്കു വന്ന ഒരു കെപിസിസി ഭാരവാഹിയുടെ വീടായിരുന്നു ഗൂഢാലോചനയുടെ കേന്ദ്രമെന്നാണ് ചെറിയാൻ ഫിലിപ്പ് 'ദേശാഭിമാനി'യിലെ ലേഖനത്തിൽ എഴുതിയത്.
നമ്പി നാരായണന്‍, രമണ്‍ ശ്രീവാസ്തവ .. വാസ്തവം എന്ത്?
റഷ്യൻ സ്പേസ് ഏജൻസിയായ ഗ്ലാവ് കോസ്മോസിന്റെ പിആർഒ ചന്ദ്രശേഖരനെ ചോദ്യം ചെയ്തപ്പോൾ തിരുവനന്തപുരം പഴവങ്ങാടിയിലെ ഒരു ഹോട്ടലിലെ മുറിയിൽ നമ്പി നാരായണനെയും ഫൗസിയ ഹസനെയും കണ്ടിരുന്നു എന്നു മൊഴി നൽകിയിരുന്നതായി മുൻ ഡിജിപി സിബി മാത്യൂസ് നിർഭയം എന്ന അനുഭവക്കുറിപ്പില്‍ പറയുന്നു . മദ്രാസിലെ ഹോട്ടലിൽ ബ്രിഗേഡിയർ ശ്രീവാസ്തവ എന്നൊരാൾ ഒപ്പമുണ്ടായിരുന്നു എന്നു ഫൗസിയയും പറഞ്ഞിരുന്നു. ഈ മൊഴികള്‍ ഇരുവര്‍ക്കും എതിരായി. അതോടെ നമ്പി നാരായണനെയും രമണ്‍ ശ്രീവാസ്തവയെയും കേസിലുള്‍പ്പെടുത്തി എന്നാണ് കേരള പൊലീസ് ഭാഷ്യം.
നേരറിയാന്‍ സിബിഐ
നെയ്യാറ്റിൻകരക്കാരൻ പുരുഷോത്തമൻ മധുസൂദനൻ നായർ അഥവാ പി.എം. നായർ. ഇന്ത്യയെത്തന്നെ ഇളക്കി മറിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്‌ഥൻ. കേരള മന്ത്രിസഭയെ താഴെയിറക്കിയ കേസില്‍ താന്‍ നടത്തിയ അന്വേഷണത്തെയും കണ്ടെത്തലിനെയും കുറിച്ച് പി.എം. നായര്‍ പിന്നീട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്
‘‘ബിഹാർ കേഡറിലെ ഉദ്യോഗസ്‌ഥനായിരിക്കേ സി.ബി.ഐ.യിൽ ഡി.ഐ.ജിയായി ഡെപ്യൂട്ടേഷനിലെത്തിയപ്പോഴാണ് ചാരക്കേസിന്റെ അന്വേഷണചുമതല എന്റെ കൈകളിലെത്തുന്നത്. ചാരക്കേസ് ഏൽപ്പിക്കുകയാണെന്നറിഞ്ഞപ്പോൾത്തന്നെ ഞാൻ തിരുവനന്തപുരത്തെത്തി. കേസന്വേഷണം നടക്കുന്ന വഞ്ചിയൂർ പോലീസ് സ്‌റ്റേഷൻ പരിസരത്ത് ഒരു പത്രപ്രവർത്തകന്റെ വേഷത്തിൽ കറങ്ങിനടന്നു. കേസിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കുകയും നേരിട്ടുള്ള വിവരശേഖരണങ്ങളുമായിരുന്നു ഉദ്ദേശ്യം. കേസിൽ പോലീസിനുള്ള അമിതതാത്‌പര്യം അങ്ങനെയാണ് മനസ്സിലാക്കാനായത്. അന്ന് ഞാൻ അറിഞ്ഞ കഥയുടെ ചുരുക്കം ഇതാണ്. മാലിക്കാരി മറിയം റഷീദ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് ബംഗളൂരുവിലെ വ്യവസായി കെ. ചന്ദ്രശേഖരനെ പരിചയപ്പെടുന്നു. ഫൗസിയ ഹസ്സൻ എന്ന മറ്റൊരു മാലിക്കാരിയുടെ മകൾക്ക് ബാംഗ്ലൂർ ബാൽഡ്വിൻ സ്‌കൂളിൽ അഡ്‌മിഷൻ ശരിയാക്കാനും ഈ ചന്ദ്രശേഖർ സഹായിച്ചിരുന്നു. ഇതിനിടെ തിരുവനന്തപുരത്തുവന്ന മറിയം റഷീദ ചികിത്സാസഹായത്തിനായി ചന്ദ്രശേഖർ വഴി ഐ.എസ്.ആർ.ഒയിലെ ഉദ്യോഗസ്‌ഥനായ ഡി. ശശികുമാറുമായി പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യ ഡോക്‌ടറായിരുന്നു. 90 ദിവസത്തെ വിസയിലായിരുന്നു മറിയം റഷീദ. കാലാവധി തീരുന്ന അവസാന നാളുകളിൽ കേരളത്തിൽ ബന്ദായിരുന്നതിനാൽ റഷീദയുടെ വിമാനയാത്ര നടന്നില്ല. താത്‌കാലിക വിസയ്‌ക്കുവേണ്ടി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ അവർക്ക് രണ്ടു ദിവസം വട്ടം ചുറ്റേണ്ടി വന്നു. ഇതിനിടയിൽ അവരുമായി ഒരു ഇൻസ്‌പെക്‌ടർ രഹസ്യബന്ധവും സ്‌ഥാപിച്ചു. മറിയം റഷീദ സ്‌റ്റേഷനിൽ ചുറ്റിത്തിരിയുന്നത് ഒരു പത്രപ്രവർത്തകൻ ശ്രദ്ധിച്ചിരുന്നു. ഈ വിദേശവനിതയുടെ വാർത്തയും പടവും പിറ്റേദിവസം നൽകുന്നുണ്ടെന്ന് അയാൾ രാത്രി ഇതേ ഇൻസ്‌പെക്‌ടറെ വിളിച്ചറിയിച്ചു. ഇതോടെ മറിയം റഷീദയുമായുള്ള തന്റെ ബന്ധം പുറത്തറിയുമോയെന്ന് ആ പോലീസുകാരൻ ഭയന്നു. അപ്പോഴേക്കും റഷീദയുടെ വീസാകാലാവധി തീർന്നതിനാൽ അതിന്റെ പേരിൽ അറസ്‌റ്റ് ചെയ്യാൻ ഇൻസ്‌പെക്‌ടർ തന്ത്രം മെനഞ്ഞു. കേസ് രജിസ്‌റ്റർ ചെയ്യാൻ അയാൾ പോലീസ് കമ്മീഷണറുടെ അനുമതി തേടി. സോണൽ ഐ.ജി.യായിരുന്ന രമൺ ശ്രീവാസ്‌തവയെയും വിവരമറിയിച്ചു.
പിറ്റേദിവസം മുതൽ സംഭവങ്ങളുടെ ഗതിമാറി. സ്വാഹിലി ഭാഷയിലുള്ള സംഭാഷണം രേഖപ്പെടുത്തിയ റഷീദയുടെ ഡയറിയും അവരെക്കാണാൻ ഹോട്ടലിലെത്തിയവരുടെ പേരുവിവരങ്ങളും വിളിച്ച ഫോൺ നമ്പറുകളുമൊക്കെ പോലീസ് പരതിപ്പിടിച്ചു. ഐ.എസ്.ആർ.യിലെ ശാസ്‌ത്രജ്‌ഞന് റഷീദയുമായി സൗഹൃദമുള്ള വിവരം ലഭിച്ചതോടെ ചാരക്കഥ പിറക്കുകയായി. ശശികുമാർ അറസ്‌റ്റിലായപ്പോൾ അദ്ദേഹത്തിന്റെ വകുപ്പുമേധാവിയായ നമ്പി നാരായണനെയും പിടികൂടി. റഷീദയ്‌ക്ക് വിസ കിട്ടാൻ ചന്ദ്രശേഖർ ബാംഗ്ലൂരിലെ ഒരു മുൻ പൊലീസ് ഉദ്യോഗസ്‌ഥനെ വിളിച്ചിരുന്നു. അദ്ദേഹം സുഹൃത്തായിരുന്ന രമൺ ശ്രീവാസ്‌തവയെ വിളിച്ചു. അദ്ദേഹം വിസയെക്കുറിച്ചു ചോദിക്കാൻ കമ്മിഷണറെയും ഇൻസ്‌പെക്‌ടറെയും വിളിച്ചു. ഇതിന്റെ പേരിൽ രമൺ ശ്രീവാസ്‌തവയെ കുടുക്കി. വിശ്വസ്‌തനായ ഐ.ജി. ചാരക്കേസിൽപ്പെട്ടതോടെ കെ. കരുണാകരന്റെ പേരും വലിച്ചിഴയ്‌ക്കപ്പെട്ടു. പോലീസ് പടച്ചുവിട്ട പൊടിപ്പും തൊങ്ങലും മാധ്യമങ്ങൾ വിളമ്പിയതോടെ ചാരക്കഥ കേരളത്തിലെ ആഘോഷമായി. സ്വാഹിലി ഭാഷയിലുള്ള സംഭാഷണം രേഖപ്പെടുത്തിയ റഷീദയുടെ ഡയറിയും അവരെക്കാണാൻ ഹോട്ടലിലെത്തിയവരുടെ പേരുവിവരങ്ങളും വിളിച്ച ഫോൺ നമ്പറുകളുമൊക്കെ പോലീസ് പരതിപ്പിടിച്ചു. ഐ.എസ്.ആർ.യിലെ ശാസ്‌ത്രജ്‌ഞന് റഷീദയുമായി സൗഹൃദമുള്ള വിവരം ലഭിച്ചതോടെ ചാരക്കഥ പിറക്കുകയായി. ശശികുമാർ അറസ്‌റ്റിലായപ്പോൾ അദ്ദേഹത്തിന്റെ വകുപ്പുമേധാവിയായ നമ്പി നാരായണനെയും പിടികൂടി’’
ചാരവൃത്തിക്കേസിൽ സി.ബി.ഐ കണ്ടെത്തിയ വാസ്‌തവങ്ങളുടെ രത്നച്ചുരുക്കമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരിച്ചത്. 1995 മാര്‍ച്ച് 16 ന് കരുണാകരന്‍ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു മാര്‍ച്ച് 22 ന് എകെ ആന്‍റണി മുഖ്യമന്ത്രിയായി
ഐഎസ്‌ആർഒ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന സിബിഐ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിൽ ഗൂഢാലോചനയെക്കുറിച്ചു സിബിഐ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 2013 ല്‍ ഹൈക്കോടതിയിൽ ഹർജിയെത്തി. തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു സിബിഐ നിലപാട്.
കേസിന് പിന്നിലെ കൈ ‘ഐ’യുടേത്?
ചാരക്കേസിന്‍റെ സമയത്തെ കേരള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു സിബി മാത്യൂസ്. ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് പിന്നീട് ഇതേ കേസിന്‍റെ പേരില്‍ നാലാം പ്രതിയായി. ഡിജിപിയായി വിരമിച്ചശേഷം പുറത്തിറക്കിയ നിർഭയം എന്ന അനുഭവക്കുറിപ്പുകളിൽ ചാരക്കേസാണ് പ്രധാന വിഷയം.
'ഐ' ഗ്രൂപ്പിൽ നിന്ന് ഭരണം പിടിച്ചെടുക്കാൻ 'എ' ഉപയോഗിച്ച കേസ് എന്നാണ് ചാരക്കേസിനെ ഒറ്റ വാചകത്തില്‍ സിബി മാത്യൂസ് പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ ചാരപ്രവർത്തനം നടന്നോ എന്ന് നിര്‍ഭയം വ്യക്തമാക്കിയില്ല. പകരം കേസ് അട്ടിമറിച്ചവരുടെ പേരുകൾക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലിനൊപ്പം കേസ് അന്വേഷിച്ച കേരള പൊലീസിലെ ഉദ്യഗസ്ഥന്‍ പറയുന്നതും കേള്‍ക്കുക. കേസ് സിബിഐ അട്ടിമറിച്ചുവെന്നാണ് കേരള പൊലീസ് വിശ്വസിക്കുന്നതും പറയുന്നതും
‘‘റഷ്യൻ സ്പേസ് ഏജൻസിയായ ഗ്ലാവ് കോസ്മോസിന്റെ പിആർഒ ചന്ദ്രശേഖരനെ ചോദ്യം ചെയ്തപ്പോൾ പഴവങ്ങാടിയിലെ ഒരു ഹോട്ടലിലെ മുറിയിൽ നമ്പി നാരായണനെയും ഫൗസിയ ഹസനെയും കണ്ടിരുന്നു എന്നു മൊഴി നൽകി . മദ്രാസിലെ ഹോട്ടലിൽ ബ്രിഗേഡിയർ ശ്രീവാസ്തവ എന്നൊരാൾ ഒപ്പമുണ്ടായിരുന്നു എന്നു ഫൗസിയയും പറഞ്ഞിരുന്നു.
അതു രമൺ ശ്രീവാസ്തവയാണെന്നു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയാണ് ഉറപ്പിച്ചു പറഞ്ഞത്. ശ്രീവാസ്തവയുടെ വീടും ഓഫിസും പരിശോധിക്കണമെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യണമെന്നും ഐബി ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. തെളിവില്ലെന്ന കാരണം പറഞ്ഞു ഞാന്‍ എതിർത്തു. ഫൗസിയയോടൊപ്പം രമൺ ശ്രീവാസ്തവ ചെന്നൈയിലെ ഹോട്ടലിൽ ചർച്ച നടത്തിയെന്നു തെളിയിക്കുന്ന രേഖയുണ്ടോ എന്നു പരിശോധിക്കാത്തത് എനിക്ക് പറ്റിയ പിഴവായിരുന്നു. അതാണ് പിന്നീട് സിബിഐ മുതലെടുത്തത്. അങ്ങനെ കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് അവർ റിപ്പോർട്ടിൽ എഴുതി. ഐഎസ്ആർഒ ശാസ്ത്രജ്ഞനായ ഡോ. ഇ.വി.എസ്.നമ്പൂതിരി തന്ന മൊഴിയും അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്നു കരുതി കേസ് ഡയറിയിൽ നിന്ന് ഒഴിവാക്കി. മൊഴിയെടുക്കുമ്പോൾ മുറിക്കകത്തേക്കു കയറി വന്നു നമ്പൂതിരിയെ താക്കീതു ചെയ്യും പോലെ നോക്കി നിന്ന ഡപ്യൂട്ടി ഡയറക്ടറെ പിന്നീട് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. പിന്നീട് അദ്ദേഹം ഐഎസ്ആർഒ ചെയർമാൻ വരെയായി’’
നമ്പി നാരായണന്റെ അറസ്റ്റ് ഐബിയുടെ സമ്മർദത്തിനെ തുടര്‍ന്ന് എന്നാണ് സിബി മാത്യൂസ് വെളിപ്പെടുത്തിയത്.
‘‘രമൺ ശ്രീവാസ്തവയെയും നമ്പി നാരായണനെയും അറസ്റ്റു ചെയ്യണമെന്ന ഐബി സമ്മർദം ഏറി വന്നപ്പോൾ കേസ് സിബിഐക്കു കൈമാറണമെന്ന് എഴുതിക്കൊടുക്കാൻ തീരുമാനിച്ചു. സമ്മർദം സഹിക്കാതെ വന്നപ്പോൾ നമ്പി നാരായണനെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ അദ്ദേഹം ഐഎസ്ആർഒയിലെ ജോലി ഒഴിയാൻ തീരുമാനിച്ചു. ഇത് രാജ്യം വിടാനാണെന്നു ഞങ്ങള്‍ കരുതി. ഉടൻ അറസ്റ്റു വേണമെന്നു താൻ റിപ്പോർട്ട് നൽകി. അതു കൈപ്പറ്റിയ ശേഷമാണു സിബിഐ അന്വേഷണത്തിന് എത്തുന്ന കാര്യം ഡിജിപി ടി.വി.മധുസൂദനൻ തങ്ങളോടു പറഞ്ഞത്. അപ്പോഴേയ്ക്കും നമ്പി നാരായണനെ അറസ്റ്റു ചെയ്തു കഴിഞ്ഞിരുന്നു. അറസ്റ്റ് അനിവാര്യമാണെന്ന ഇന്റലിജൻസ് മേധാവി രാജഗോപാലൻ നായരുടെ നിർദേശം എഴുതി വാങ്ങാതിരുന്നതും എനിക്ക് പറ്റിയ പിഴവാണ്. അതിനു പിന്നീട് കനത്ത വില നൽകേണ്ടിവന്നു’’
‘‘രമൺ ശ്രീവാസ്തവയ്ക്ക് എതിരെ സുപ്രധാന തെളിവുകൾ ഉണ്ടെന്ന് പിന്നീടു കോടതിയാണു നിരീക്ഷിച്ചത്. അങ്ങനെ അദ്ദേഹം സസ്പെൻഷനിലായി. ഔദ്യോഗിക, രാഷ്ട്രീയ മേഖലകളിൽ ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് രമൺ ശ്രീവാസ്തവയും കുടുംബവും. സിബിഐ ഡയറക്ടർ വിജയരാമറാവുവും പ്രധാനമന്ത്രി നരസിംഹറാവുവും നടത്തിയ രഹസ്യ കേരള സന്ദർശനമാണു സിബിഐ അന്വേഷണത്തിന്റെ ഗതി മാറ്റിയത്. ചാരക്കേസ് കെട്ടുകഥയാണെന്നു വരുത്തിത്തീർക്കുക എന്ന ലക്ഷ്യവുമായാണു സിബിഐ സംഘത്തിലെ ഡിഐജി പി.എം.നായർ കേരളത്തിലെത്തിയത്. മാലദ്വീപിൽ നിന്നുള്ള അക്ഷരാഭ്യാസമില്ലാത്ത വനിതകളാണോ ചാരപ്രവർത്തനം നടത്തുന്നതെന്നു മാധ്യമങ്ങൾ പരിഹസിച്ചു. പിന്നെ അവർ എന്തിനാണു വന്നതെന്നു മാത്രം ആരും ചോദിച്ചില്ല’’
കോൺഗ്രസിലെ എ ഗ്രൂപ്പുകാരായ വി.എം.സുധീരൻ, ഉമ്മൻ ചാണ്ടി മുതലായവരും കെ.എം.മാണി, പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരും ഡൽഹിയിലെത്തി ശക്തമായ സമ്മർദം ചെലുത്തിയതിനെ തുടർന്നാണ് കെ.കരുണാകരനു മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും സിബി മാത്യൂസും പറയുന്നു.
കാലം സാക്ഷി
കെ. കരുണാകരന്‍റെ രാജി ചാരക്കേസിനെ തുടര്‍ന്നല്ലെന്ന് കാലം സാക്ഷി എന്ന ആത്മകഥയില്‍ ഉമ്മന്‍ ചാണ്ടി പറയുന്നു. 1992 ല്‍ കെപിസിസി പ്രസിന്‍റ് സ്ഥാനത്തേക്ക് നടന്ന മല്‍സരത്തില്‍ എ.കെ. ആന്‍റണി തോറ്റതുമുതല്‍ പാര്‍ട്ടിയില്‍ അസ്വസ്ഥത തുടങ്ങിയിരുന്നു. 1994 ലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കരുണാകരന്‍ ആവശ്യപ്പെട്ടതു പ്രകാരം ഡോ എം. എ. കുട്ടപ്പന്‍റെ പേര് എ ഗ്രൂപ്പ് നല്‍കി. കുട്ടപ്പന്‍ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ വയലാര്‍ രവിയെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. കുട്ടപ്പന്‍റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണമെന്ന് എ ഗ്രൂപ്പിന് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശം വന്നു. പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒരു അനുരഞ്ജന കരാര്‍ ഉണ്ടായിരുന്നു. അത് ലംഘിക്കപ്പെട്ടു എന്ന് എ ഗ്രൂപ്പ് തിരിച്ചറിഞ്ഞു. തുടര്‍ന്നായിരുന്നു കരുണാകരന്‍ മന്ത്രിസഭയില്‍ നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ രാജി. കരുണാകരന്‍ രാജിവച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കാന്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വസതിയില്‍ ചേര്‍ന്ന ഘടകകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യം ഘടകകകഷികള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നരസിഹ റാവു കരുണാകരപക്ഷ എംഎല്‍എമാരെ വിളിച്ച് മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് അറിയിച്ചു.
ചാരക്കേസിലല്ല കരുണാകരന്‍റെ രാജി ഞങ്ങള്‍ ആവശ്യപ്പെട്ടത്. അതിന്‍റെ പേരിലല്ല അദ്ദേഹം രാജിവച്ചതും. കരുണാകരന്‍റെ രാജിക്കു ശേഷം മറ്റൊരവസരത്തില്‍, നരസിംഹറാവുവിന്‍റെ വിശ്വസ്തനായ ജനാര്‍ദ്ദനന്‍ പൂജാരി ഞങ്ങളോട് ഇങ്ങനെ പറഞ്ഞുവെന്ന് ഉമ്മന്‍ ചാണ്ടി ആത്മകഥയില്‍ എഴുതി
‘‘ കേരളത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് റാവുജി കരുണാകരന്‍റെ രാജി ആവശ്യപ്പെട്ടത് എന്ന് ചിലര്‍ ധരിക്കുന്നത് ശരിയല്ല. അതിനുള്ള അവസരം കാത്തിരിക്കുകയായിരുന്നു റാവുജി. നിങ്ങള്‍ രാജി ആവശ്യപ്പെട്ടത് അദ്ദേഹം സൗകര്യമായിക്കണ്ടു. അങ്ങനെ രാജി ആവശ്യപ്പെട്ടു’’
ശ്രീവാസ്തവയ്ക്ക് ചാരക്കേസുമായി ബന്ധമില്ലെന്ന് തനിക്ക് നേരിട്ടറിയാമായിരുന്നു എന്നും ആത്മകഥയില്‍ ഉമ്മന്‍ ചാണ്ടി പറയുന്നു. എന്നാല്‍ ചാരക്കേസില്‍ കരുണാകരനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ എ ഗ്രൂപ്പ് ഉപയോഗിച്ചോ ഇല്ലയോ എന്ന് ആത്മകഥ പറയുന്നില്ല.
ചാരക്കേസ് കെട്ടടങ്ങാതെ കിടന്നു. ഒടുവില്‍ സിബിഐ പുനരന്വേഷണം. നമ്പി നാരായണൻ ഉൾപ്പെടെയുള്ളവർ നിരപരാധികളാണെന്ന് സിബിഐ കണ്ടെത്തി. കേരള പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർക്കെതിരെ നമ്പി നാരായണൻ നടത്തിയ നീണ്ട നിയമ പോരാട്ടം ഗൂഢാലോചന സംബന്ധിച്ച പ്രത്യേക കേസിലേക്ക് ചാരക്കേസിനെ എത്തിച്ചു. നമ്പി നാരായണനെതിരെ ഗൂഢാലോചന നടന്നതു സംബന്ധിച്ച് അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഡി.കെ.ജയിൻ സമിതി സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തു. കേസ് 2020 ൽ വീണ്ടും സിബിഐയുടെ അടുത്തേക്ക്
റിട്ട. ഡിജിപിമാരായ സിബി മാത്യൂസ്, ആർ.ബി.ശ്രീകുമാർ എന്നിവരടക്കം 18 മുൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ 2021 ല്‍ കേസെടുത്തു. എസ്.വിജയൻ മുതൽ ജോഗേഷ് വരെ 1 മുതൽ 18 വരെ പ്രതികൾ (അന്നത്തെ തസ്തിക ബ്രാക്കറ്റിൽ)എസ്.വിജയൻ (ഇൻസ്പെക്ടർ), തമ്പി എസ്.ദുർഗാദത്ത് (എസ്ഐ), വി.ആർ.രജീവൻ (സിറ്റി പൊലീസ് കമ്മിഷണർ), സിബി മാത്യൂസ് (ഡിഐജി), കെ.കെ.ജോഷ്വ (ഡിവൈഎസ്പി ), രവീന്ദ്രൻ (ഡിവൈഎസ്പി ഇന്റലിജൻസ് ബ്യൂറോ മുംബൈ), ആർ.ബി.ശ്രീകുമാർ (ജോയിന്റ് ഡയറക്ടർ ഐബി) ,സി.ആർ.ആർ.നായർ (ഐബി അസി.ഡയറക്ടർ തിരുവനന്തപുരം), ജി.എസ്.നായർ (ഐബി), കെ.വി.തോമസ് (ഐബി), പി.എസ്.ജയപ്രകാശ് (ഐബി കൊച്ചി), ജി.ബാബുരാജ് (എസ്പി നർകോട്ടിക് സെൽ), മാത്യു ജോൺ (ജോയിന്റ് ഡയറക്ടർ ഐബി), ജോൺ പുന്നൻ (ഐബി), ബേബി (ഐബി), ഡിങ്കു (എസ്ഐബി), വി.കെ.മായിൻ (എസ്ഐബി), എസ്.ജോഗേഷ് (ഇൻസ്പെക്ടർ സ്പെഷൽ ബ്രാഞ്ച്) എന്നിവര്‍ പ്രതികളായി.
നിലവിലെ ക്ലൈമാക്സ്
‘ചാരക്കേസില്‍ തെളിവുകൾ ഒന്നുമില്ല, എല്ലാം സിഐ എസ്.വിജയന്റെ സൃഷ്ടി’. ഈ ജൂലൈയില്‍ സിബിഐ സമര്‍പ്പിച്ച എഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന സംബന്ധിച്ച കുറ്റപത്രം പറയുന്നതാണിത്.
ചാരപ്രവർത്തനം നടത്തിയതിന് ഒരു തെളിവുമില്ലെന്ന് സിബിഐ വീണ്ടും പറയുന്നു. സിബിഐ നടത്തിയ അന്വേഷണത്തിൽ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടൽ സമ്രാട്ടിൽ 1994 സെപ്റ്റംബർ 17 മുതൽ താമസിച്ചിരുന്നതായി കണ്ടെത്തി. വീസ കാലാവധി കഴിയാനിരുന്നതിനാൽ പൊലീസ് കമ്മിഷണർ ഓഫിസിൽ എത്തി സ്‌പെഷൽ ബ്രാഞ്ച് സിഐ എസ്.വിജയനെ കണ്ടു. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റും പാസ്‌പോർട്ടും വാങ്ങിവച്ച ശേഷം വീണ്ടും വരാൻ മറിയം റഷീദയോടു വിജയൻ പറഞ്ഞു. ഒക്‌ടോബർ 13ന് ഇവർ താമസിച്ചിരുന്ന മുറിയിലെത്തിയ വിജയൻ ഫൗസിയ ഹസനോടു പുറത്തുപോകാൻ പറഞ്ഞു. തുടർന്ന് വിജയൻ മറിയം റഷീദയെ പിടിക്കാൻ ശ്രമിച്ചു. എന്നാൽ, അവർ ചെറുത്തതോടെ വിജയൻ പെട്ടെന്നു മുറിവിട്ടു പുറത്തുപോയി.
ഹോട്ടൽ രേഖകൾ പരിശോധിച്ചപ്പോൾ മറിയം റഷീദ ഐഎസ്ആർഒയിൽ ജോലി ചെയ്തിരുന്ന ഡി.ശശികുമാരൻ എന്ന ശാസ്ത്രജ്ഞനെ ഫോണിൽ ബന്ധപ്പെട്ടതായി വിജയനു വിവരം ലഭിച്ചു. ഇക്കാര്യം വിജയൻ പൊലീസ് കമ്മിഷണർ വി.ആർ.രജീവനെ അറിയിച്ചു. ഇദ്ദേഹം ഐബി ഡപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ.ബി.ശ്രീകുമാറിനെയും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, മറിയം റഷീദയും ഫൗസിയ ഹസനും താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഐബി ഉദ്യോഗസ്ഥരായ എം.ജെ.പുന്നനും ജി.എസ്.നായരും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഫൗസിയ ഹസൻ ഒക്‌ടോബർ 19നു ഹോട്ടൽ വിട്ട് ബെംഗളൂരുവിലേക്കു പോയി. എന്നാൽ, വിജയൻ പാസ്പോർട്ട് പിടിച്ചുവച്ചിരുന്നതിനാൽ മറിയം റഷീദയ്ക്ക് ശ്രീലങ്കയിലേക്കു പോകാൻ കഴിഞ്ഞില്ല. രേഖകൾ മടക്കിക്കിട്ടാൻ പല തവണ ഓഫിസിൽ എത്തിയെങ്കിലും വിജയൻ ഇല്ലെന്ന മറുപടിയാണ് അവർക്കു നൽകിയത്. 20ന് അവർ ഹോട്ടൽ വിട്ടു പരിചയക്കാരുടെ വീട്ടിലേക്കു മാറി. വീസ കാലാവധി കഴിഞ്ഞ് ഇന്ത്യയിൽ താമസിച്ച കുറ്റത്തിന് മറിയം റഷീദയ്‌ക്കെതിരെ കേസെടുക്കാൻ പൊലീസ് കമ്മിഷണർ നിർദേശിച്ചു. തുടർന്ന് 20ന് അവരെ എസ്.വിജയൻ ഓഫിസിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതായി അറിയിക്കുകയായിരുന്നു. ഇതോടെ മറിയം റഷീദ, ശശികുമാരനെ ഫോണിൽ ബന്ധപ്പെട്ടുവെന്നും പിഎസ്എൽവിയുടെ വിവരങ്ങൾ കൈമാറിയെന്നുമുള്ള തരത്തിൽ വാർത്ത പ്രചരിച്ചു. മറിയത്തിനെ കുടുക്കാൻ വിജയൻ മാധ്യമങ്ങൾക്കു തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. പ്രതികളാക്കിയവരുടെ താമസസ്ഥലത്തുനിന്ന് ഒന്നും കണ്ടെത്തിയില്ലെന്നും സിബിഐ പറയുന്നു.
ഒരു കേസ് അതിന്‍റെ നാള്‍വഴിയില്‍ കേരള രാഷ്ട്രീയത്തെ ഉള്‍പ്പെടെ പിടിച്ചു കുലുക്കി. രാജ്യം ശ്രദ്ധിച്ച കേസായി വളര്‍ന്നു. നിയമ പോരാട്ടത്തില്‍ പുതിയ ഏടുകള്‍ ഉണ്ടാക്കി. നീതിയും ന്യായവും ഇഴകീറി സംസാര വിഷയമായി. പുറത്തുവരാത്ത എന്തൊക്കെയോ ചാരക്കേസുമായി ബന്ധപ്പെട്ട് ഉറപ്പായും ഇനിയും ബാക്കിയുണ്ട്. ദുരൂഹതയുടെ മൂടുപടം ചാരക്കേസിനെ ഇപ്പോളും വിട്ടുമാറിയിട്ടില്ല