Image Credit: Facebook

TOPICS COVERED

കനത്ത മഴയിലും അവധി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ കലക്ടറുടെ ഔദ്യോഗിക പേജില്‍ അവധി അപേക്ഷകളുടെ പെരുമഴ. സംസ്ഥാനത്ത് മിക്ക ഇടങ്ങളിലും മഴ ശക്തമായ സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അവധി വാര്‍ത്ത പുറത്തുവന്നതോടെ എറണാകുളം ജില്ലക്ക് എന്തുകൊണ്ട് അവധി പ്രഖ്യാപിക്കുന്നില്ല എന്ന ചോദ്യമുന്നയിച്ചും അവധിക്കായി താഴ്മയായി അപേക്ഷിച്ചും നിരവധി പേരാണ് കലക്ടര്‍ എന്‍ എസ് കെ ഉമേഷിന്‍റെ പേജില്‍ കമന്‍റുമായെത്തുന്നത്. 

എറണാകുളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാണ്. വിദ്യാര്‍ഥികള്‍ മാത്രമല്ല, അധ്യാപകരും, മാതാപിതാക്കളും, ജോലിക്കാരടക്കമുളളവര്‍ അവധി ആവശ്യപ്പെട്ട് രംഗത്തെത്തി. രസകരമായ കമന്‍റുകള്‍ക്കിടയില്‍ മഴക്കെടുതിയില്‍ വലയുന്നവരുടെ നിസഹായവസ്ഥ തുറന്നുകാട്ടുന്ന കമന്‍റുകളുമുണ്ട്. ഇന്നത്തെ മഴയില്‍ ബാഗും പുസ്തകങ്ങളും നനഞ്ഞെന്നും നാളെ സ്കൂളില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നായിരുന്നു ഒരു കുട്ടി കമന്‍റ് ചെയ്തത്. അതേസമയം അവധി കൊടുക്കേണ്ട സമയത്ത് കൊടുക്കാതെ കുട്ടികളുടെ വെറുപ്പ് സമ്പാധിക്കുകയാണെന്ന് കലക്ടറെന്ന് മറ്റൊരു കമന്‍റ്.

അതേസമയം എറണാകുളത്ത് കനത്ത മഴ തുടരുന്ന ഇടങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെടുന്നവരും നിരവധിയാണ്. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ കറന്‍റ് പോലുമില്ലെന്നും അതെങ്കിലും മനസിലാക്കി അവധി നല്‍കി സഹായിക്കണമെന്നും മറ്റു ചിലര്‍ ആവശ്യമുന്നയിച്ചു. അവധി തരാന്‍ കൂട്ടാക്കാത്ത കലക്ടര്‍ക്ക് വേറെ ജില്ലയിലേക്ക് ട്രാൻസ്ഫർ കിട്ടാൻ ഞങ്ങൾ എല്ലാരും പ്രാർത്ഥിക്കാം എന്നും കുട്ടികളെ ഇഷ്ട്ടമുള്ള ഒരു കലക്ടർ ഇവിടെ വന്നാൽ മതിയായിരുന്നുവെന്നുമാണ് മറ്റൊരു ഫെയ്സ്ബുക്ക് ഉപഭോക്താവ് അഭിപ്രായപ്പെട്ടത്. 'ന്റെ പൊന്നു ബ്രോ കണ്ണ് തുറക്ക് ലീവ് ആക്ക്,കനത്ത മഴ ആണ്,എനിക്കെങ്ങാനം പനി വന്നാൽ നിങ്ങ വന്നു മരുന്ന് തരേണ്ടി വരും' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

ഇത്തരത്തില്‍ മഴ അവധി ചോദിച്ച് നിരവധി ആളുകളാണ് എറണാകുളം ജില്ലാ കലക്ടറുടെ ഔദ്യോഗിക പേജില്‍ കയറി ഇറങ്ങുന്നത്. അതേസമയം മഴ കനക്കുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയ്ക്കും കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അവധി പ്രഖ്യാപിച്ചു. 

ENGLISH SUMMARY:

Ernakulam collector declared holiday due to heavy rain